മുതലമട ചപ്പക്കാട് കോളനിയിൽ നിന്ന് 2021 ഓഗസ്റ്റ് 30-നാണ് സ്റ്റീഫൻ (28), മുരുകേശൻ (26) എന്നിവരെ കാണാതാകുന്നത്.
ആദിവാസി വിഭാഗത്തിൽപ്പെട്ടയാളാണ് മുരുകേശൻ. വീട്ടിൽ നിന്ന് തോട്ടത്തിലേക്കെന്നു പറഞ്ഞിറങ്ങിയ ഇരുവരും എവിടെയെന്ന ചോദ്യത്തിന് അഞ്ച് വർഷമായിട്ടും ഉത്തരമില്ലാതെ തുടരുകയാണ്.
തുടക്കത്തിൽ കൊല്ലങ്കോട് പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചു. ശാസ്ത്രീയ അന്വേഷണ സംവിധാനങ്ങൾ ഉൾപ്പെടെ ഉപയോഗിച്ചിട്ടും ഇവരെ കണ്ടെത്താനായില്ല.
കുടുംബാംഗങ്ങളുടെ ഡിഎൻഎ പരിശോധനകൾ നടത്തിയിട്ടും യാതൊരു തുമ്പും ലഭിച്ചില്ല. കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി മുന്നൂറിലേറെ പേരെയാണ് ചോദ്യം ചെയ്തത്.
സംസ്ഥാന അതിർത്തിക്കപ്പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. നീർച്ചാലുകളിലെ മണ്ണുനീക്കിയും കൊക്കർണികളിലെ വെള്ളം വറ്റിച്ചും വ്യാപക പരിശോധന നടത്തി.
എൻഎസ്ജിയുടെ ഭീകരവിരുദ്ധ ദൗത്യങ്ങൾക്ക് ഉപയോഗിക്കുന്ന ബെൽജിയൻ മെൽനോവ ഇനം നായ്ക്കളെ ഉപയോഗിച്ച് രണ്ടുതവണ പരിശോധന നടത്തിയിട്ടും ഫലമുണ്ടായില്ല. ഭൂമിക്കടിയിൽ മനുഷ്യശരീര സാന്നിധ്യമുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചു.
മുൻ പൊലീസ് സർജൻ ഡോ. പി.ബി.
ഗുജറാൾ നേരിട്ടെത്തി ചപ്പക്കാട്ടിൽ പരിശോധന നടത്തിയിരുന്നു. 2022 ഫെബ്രുവരി 12-നു തിരോധാന സ്ഥലത്തിനു സമീപം ആലാംപാറയിൽ നിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയത് നിർണായക വഴിത്തിരിവാകുമെന്ന് കരുതിയെങ്കിലും, അത് സ്റ്റീഫന്റെയോ മുരുകേശന്റെയോ അല്ലെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു.
ഇരുവരും ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണിന്റെ സിഗ്നൽ പരിശോധിച്ചതിൽ ഫോൺ ചപ്പക്കാടിനു പുറത്തേക്കു പോയിട്ടില്ലെന്നാണു വ്യക്തമായത്. ഇവർ പ്രദേശം വിട്ടുപോയിട്ടില്ലെന്ന വാദം ഇതിന്റെ അടിസ്ഥാനത്തിൽ ഉയരുന്നുണ്ടെങ്കിലും, ഇരുവരും എവിടെയാണെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

