സ്വകാര്യ ബസ് മേഖല നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് നാളെ സർക്കാരിന് കൈമാറും. മുൻ ഡിജിപി കെ.
പത്മകുമാർ അധ്യക്ഷനായ സമിതിയാണ് പഠനം പൂർത്തിയാക്കി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. സ്വകാര്യ ബസ് മേഖലയിലെ നഷ്ടം നികത്തുന്നതിനുള്ള നിർണ്ണായക ശുപാർശകൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.
പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയതിന് ശേഷം സ്വകാര്യ ബസ് സർവീസ് മേഖലക്ക് കനത്ത നഷ്ടമാണ് ഉണ്ടായതെന്ന് ഉടമകൾ വ്യക്തമാക്കിയിട്ടുണ്ട്. ഇതുവരെ മേഖലയിൽ 120 കോടി രൂപയുടെ നഷ്ടമാണുണ്ടായിട്ടുള്ളത്.
ഇതിൽ തന്നെ തെക്കൻ ജില്ലകളായ തിരുവനന്തപുരം, കൊല്ലം തുടങ്ങിയ ജില്ലകളിലാണ് ഏറ്റവും രൂക്ഷമായ പ്രതിസന്ധി നിലനിൽക്കുന്നത്. നഷ്ടം കാരണം നിരവധി ബസുകൾ ഇതിനകം സർവീസ് അവസാനിപ്പിക്കുകയോ ട്രിപ്പുകൾ വെട്ടിക്കുറക്കുകയോ ചെയ്തിട്ടുണ്ട്.
നിലവിലെ സാഹചര്യത്തിൽ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് തങ്ങൾക്ക് അനുകൂലമാകുമെന്നും സർക്കാർ അടിയന്തര സഹായം ലഭ്യമാക്കുമെന്നുമാണ് ഉടമകളുടെ പ്രതീക്ഷ. സർക്കാർ തലത്തിൽ നിന്ന് സാമ്പത്തിക സഹായം ലഭിച്ചില്ലെങ്കിൽ ബസ് സർവീസുകൾ പൂർണ്ണമായും നിലയ്ക്കുന്ന സാഹചര്യമുണ്ടാകും.
നിലവിൽ സംസ്ഥാനത്ത് 8000 ബസുകളാണ് വിവിധ റൂട്ടുകളിൽ സർവീസ് നടത്തുന്നതെന്നും ഉടമകൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം, പ്രിയദർശിനി പദ്ധതി വലിയ വിജയമാണെന്നാണ് സർക്കാരിന്റെയും ഗതാഗത മന്ത്രി സിപി ജോണിന്റെയും ഔദ്യോഗിക വിലയിരുത്തൽ.
പദ്ധതി നടപ്പിലാക്കിയതോടെ കെഎസ്ആർടിസിയിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പദ്ധതി ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ 3.81 കോടി സൗജന്യ യാത്രകളാണ് നടന്നതെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.
ബസുകളിലെ ആകെ യാത്രക്കാരിൽ 66 ശതമാനവും സ്ത്രീകളാണെന്ന് ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ അടിസ്ഥാനമാക്കിയുള്ള ആധികാരിക യാത്രാ വിവരങ്ങൾ വിശകലനം ചെയ്ത് മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ഓർഡിനറി സർവീസുകളിലെ പ്രതിദിന വനിതാ യാത്രക്കാരുടെ ശരാശരി എണ്ണം 6.48 ലക്ഷത്തിൽ നിന്ന് 12.12 ലക്ഷമായി ഉയർന്നു.
ഇത് വനിതാ യാത്രക്കാരിൽ 87 ശതമാനം വർധനവാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതോടെ ഓർഡിനറി സർവീസുകളിലെ ആകെ യാത്രക്കാരിൽ വനിതകളുടെ പങ്കാളിത്തം മൂന്നിൽ ഒന്നിൽ നിന്ന് മൂന്നിൽ രണ്ടായി ഉയർന്നു.
അതായത്, സ്ത്രീകളുടെ യാത്രാ നിരക്ക് 50.9 ശതമാനത്തിൽ നിന്ന് 66.6 ശതമാനമായി വർധിച്ചു. ഓർഡിനറി, സൂപ്പർ ക്ലാസ് സർവീസുകൾ ഉൾപ്പെടെ പ്രതിദിന ആകെ യാത്രക്കാരുടെ ശരാശരി എണ്ണം 19.03 ലക്ഷത്തിൽ നിന്ന് 24.53 ലക്ഷമായി ഉയർന്നിട്ടുണ്ട്.
മൊത്തം യാത്രക്കാരിൽ 28.9 ശതമാനം വർധനവാണ് ഇതുവഴി ഉണ്ടായത്. ഇത് നിലവിലുള്ള യാത്രക്കാരുടെ കേവലമായ മാറ്റമല്ല, മറിച്ച് പൊതുഗതാഗത സംവിധാനത്തിലേക്കുള്ള പുതിയ യാത്രാ ആവശ്യകതയുടെ സൃഷ്ടിയാണെന്ന് മന്ത്രി പ്രത്യേകമായി ചൂണ്ടിക്കാട്ടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

