ഹരിപ്പാട് കരുവാറ്റയിൽ അറുപത്തിയേഴുകാരനെ കൊലപ്പെടുത്തി സ്വർണം കവർന്ന കേസിൽ കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ ഇന്ന് ആറു മണിക്കൂർ ചോദ്യം ചെയ്യാൻ ജുവനൈൽ ജസ്റ്റിസ് ബോർഡ് പൊലീസിന് അനുമതി നൽകി. മൂന്നു പേരെയും കസ്റ്റഡിയിൽ ലഭിക്കുന്നതിനായി പൊലീസ് വരുന്ന അഞ്ചിന് വീണ്ടും അപേക്ഷ സമർപ്പിക്കും.
ഇന്നു രാവിലെ 10 മുതൽ 1 വരെയും ഉച്ച കഴിഞ്ഞ് 3 മുതൽ 5 വരെയും മായിത്തറയിലെ സംരക്ഷണ കേന്ദ്രത്തിൽ ജില്ലാ പ്രബേഷൻ ഓഫിസറുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യാമെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ മാസം 29ന് ഉച്ചകഴിഞ്ഞു 2 മുതൽ 4.45 വരെ മൂന്നു പേരെയും വെവ്വേറെ ചോദ്യം ചെയ്യാൻ നേരത്തേ ജുവനൈൽ ജസ്റ്റിസ് ബോർഡ് അനുമതി നൽകിയിരുന്നു.
എന്നാൽ രണ്ടു പേരെ മാത്രമേ അന്ന് ചോദ്യം ചെയ്യാൻ സാധിച്ചുള്ളൂ എന്നും ഒരാളെക്കൂടി ചോദ്യം ചെയ്യാനും മൂന്നു പേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ കൂടുതൽ സമയം അനുവദിക്കണമെന്നും പ്രോസിക്യൂഷൻ ഇന്നലെ കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു. നേരത്തേ ചോദ്യം ചെയ്ത രണ്ടു പേരെ വീണ്ടും ചോദ്യം ചെയ്യാൻ അനുവദിക്കരുതെന്നു കുറ്റാരോപിതർക്കു വേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചു.
എന്നാൽ ചോദ്യം ചെയ്ത രണ്ടു പേരുടെയും മൊഴികൾ പരസ്പരവിരുദ്ധമാണെന്നും മൂന്നു പേരെയും വെവ്വേറെ ചോദ്യം ചെയ്ത ശേഷം ഈ മൊഴികൾ വിശദമായി പരിശോധിക്കുകയും അതിനു ശേഷം മൂന്നു പേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. തുടർന്ന് കോടതി ഇന്ന് ആറു മണിക്കൂർ ചോദ്യം ചെയ്യാനുള്ള അനുമതി നൽകുകയാണുണ്ടായത്.
പ്രോസിക്യൂഷനു വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ മനു കല്ലമ്പള്ളി കോടതിയിൽ ഹാജരായി. സംഭവസ്ഥലത്തു കൊണ്ടുപോയി തെളിവെടുപ്പു നടത്താൻ മൂന്നു പേരെയും കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ചോദ്യം ചെയ്യലിനു ശേഷം ആവശ്യമെങ്കിൽ മാത്രം ഈ അപേക്ഷ പരിഗണിക്കാമെന്നായിരുന്നു ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ നിലപാട്. ഈ പശ്ചാത്തലത്തിലാണ് വരുന്ന അഞ്ചിന് വീണ്ടും കസ്റ്റഡി അപേക്ഷ സമർപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ഈ അപേക്ഷയിൽ തീരുമാനമായ ശേഷമാകും കൊല്ലപ്പെട്ട വയോധികന്റെ ചെറുമകളായ പതിമൂന്നുകാരിയെ ചോദ്യം ചെയ്യാനുള്ള അപേക്ഷ നൽകുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

