രണ്ടു ചേരികളും ഇഞ്ചോടിഞ്ച് പോരാടിയ ആവേശകരമായ മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ കീഴടക്കി തൃശൂർ ടൈറ്റൻസ് നിർണായക വിജയം സ്വന്തമാക്കി. അവസാന പന്ത് വരെ വിജയം മാറിമറിഞ്ഞ മത്സരത്തിൽ ക്യാപ്റ്റൻ എം.എസ്.
അഖിൽ നേടിയ അർദ്ധസെഞ്ച്വറിയും അവസാന പന്തിൽ സിക്സർ പറത്തിയ എ.കെ. അർജുനുമാണ് ടീമിന് അവിശ്വസനീയ ജയം സമ്മാനിച്ചത്.
ഈ വിജയത്തോടെ കാലിക്കറ്റിനെ പിന്തള്ളി തൃശൂർ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. മത്സരത്തിലെ മികച്ച താരമായി എം.എസ്.
അഖിൽ തിരഞ്ഞെടുക്കപ്പെട്ടു. മത്സരത്തിന്റെ സ്കോർ വിവരങ്ങൾ ഇങ്ങനെ: കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് – 20 ഓവറിൽ 146/5, തൃശൂർ ടൈറ്റൻസ് – 20 ഓവറിൽ 149/6.
ടോസ് നേടിയ തൃശൂർ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. പിച്ചിലെ അനുകൂല സാഹചര്യങ്ങൾ പൂർണ്ണമായും മുതലെടുത്ത തൃശൂർ ബൗളർമാർ കാലിക്കറ്റിന്റെ റൺവേട്ടയ്ക്ക് കടിഞ്ഞാണിട്ടു.
തൃശൂർ നിരയിൽ ഏറ്റവും തിളങ്ങിയത് ശരത് ചന്ദ്ര പ്രസാദ് ആയിരുന്നു. പവർപ്ലേയിലെ ആദ്യ മൂന്ന് ഓവറുകളിൽ വെറും എട്ട് റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ശരത് തുടക്കത്തിൽ തന്നെ ടീമിന് വലിയ മുൻതൂക്കം നൽകി.
വെറും അഞ്ച് റൺസെടുത്ത വരുൺ നായനാരുടെ വിക്കറ്റാണ് കാലിക്കറ്റിന് ആദ്യം നഷ്ടമായത്. ശരത് ചന്ദ്ര പ്രസാദിന്റെ പന്തിൽ എസ്.
ഷാരോൺ ക്യാച്ചെടുത്താണ് വരുൺ പുറത്തായത്. തന്റെ അടുത്ത ഓവറിൽ രണ്ട് റൺസെടുത്ത കെ.എസ്.
അരവിന്ദിനെയും ശരത് മടക്കി അയച്ചു. മൂന്നാം വിക്കറ്റിൽ ഒന്നിച്ച രോഹൻ കുന്നുമ്മലും അഖിൽ സ്കറിയയും ചേർന്ന് പതുക്കെയാണ് സ്കോർ ബോർഡ് ചലിപ്പിച്ചത്.
56 പന്തുകളിൽ നിന്ന് 57 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. റൺറേറ്റ് വർധിപ്പിക്കാനുള്ള ശ്രമത്തിനിടെ 43 റൺസെടുത്ത രോഹൻ മടങ്ങി.
തൊട്ടടുത്ത പന്തിൽ 19 റൺസെടുത്ത അഖിൽ സ്കറിയയും പുറത്തായി. തുടർന്ന് ക്രീസിൽ ഒത്തുചേർന്ന സൽമാൻ നിസാറും അബ്ദുൾ ബാസിദും ചേർന്ന് നടത്തിയ തകർപ്പൻ ബാറ്റിങ്ങാണ് കാലിക്കറ്റിന്റെ സ്കോർ 146-ൽ എത്തിച്ചത്.
40 പന്തുകളിൽ നിന്ന് 73 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. 25 പന്തുകളിൽ ആറ് ഫോറും മൂന്ന് സിക്സുമടക്കം 51 റൺസുമായി സൽമാൻ നിസാർ പുറത്താകാതെ നിന്നു.
അബ്ദുൾ ബാസിദ് 15 പന്തുകളിൽ നിന്ന് 21 റൺസെടുത്തു. ഇത്തരത്തിൽ കാലിക്കറ്റിന്റെ ഇന്നിങ്സ് 146 റൺസിൽ അവസാനിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ തൃശൂരിന് തുടക്കത്തിൽ തന്നെ ഒമർ അബൂബക്കറിനെ നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒന്നിച്ച അഹ്മദ് ഇമ്രാനും ഷോൺ റോജറും ചേർന്ന് പതർച്ചകൂടാതെ സ്കോർ മുന്നോട്ട് നയിച്ചു.
ഇരുവരും ചേർന്ന് 65 റൺസിന്റെ നിർണായക കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 45 റൺസെടുത്ത ഇമ്രാൻ ആതിഫ് ബിൻ അഷ്റഫിന്റെ പന്തിൽ അഖിൽ സ്കറിയ ക്യാച്ചെടുത്ത് പുറത്തായി.
സ്കോർ 82-ൽ നിൽക്കെ 28 റൺസെടുത്ത ഷോൺ റോജറും മടങ്ങിയതോടെ മൂന്ന് വിക്കറ്റിന് 82 റൺസെന്ന നിലയിലായി ടൈറ്റൻസ്. തുടർന്നെത്തിയ ക്യാപ്റ്റൻ എം.എസ്.
അഖിലിന്റെ പ്രകടനം മത്സരത്തിന്റെ ഗതി പൂർണ്ണമായും മാറ്റിമറിച്ചു. അഖിൽ ക്രീസിൽ നിലയുറപ്പിച്ചതോടെ തൃശൂർ വിജയത്തിലേക്ക് കുതിച്ചു.
എങ്കിലും അവസാന നിമിഷങ്ങളിൽ കളി വീണ്ടും ഉദ്വേഗഭരിതമായി. അവസാന ഓവറിൽ 11 റൺസായിരുന്നു തൃശൂരിന് വിജയിക്കാൻ വേണ്ടിയിരുന്നത്.
ഓവറിലെ രണ്ടാം പന്തിൽ ഡബിൾ ഓടി അർദ്ധസെഞ്ച്വറി പൂർത്തിയാക്കിയ അഖിൽ തൊട്ടടുത്ത പന്തിൽ പുറത്തായി. പിന്നാലെയെത്തിയ എസ്.
ഷാരോൺ നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയതോടെ ലക്ഷ്യം രണ്ട് പന്തിൽ നാല് റൺസായി ചുരുങ്ങി.
എന്നാൽ അടുത്ത പന്തിൽ ഷാരോണും പുറത്തായതോടെ സമ്മർദ്ദം ഇരട്ടിച്ചു. ഒടുവിൽ അവസാന പന്തിൽ ജയിക്കാൻ നാല് റൺസ് വേണമെന്നിരിക്കെ, ഒരുവിധ പതർച്ചയുമില്ലാതെ ബാറ്റ് വീശിയ എ.കെ.
അർജുൻ പന്ത് സിക്സറിലേക്ക് പായിച്ച് ടീമിന് അവിസ്മരണീയ വിജയം സമ്മാനിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

