കഠ്മണ്ഡു ∙ ‘കഴിഞ്ഞ 3 ദിവസമായി ആശുപത്രികൾ മാറിമാറി തിരയുകയാണ്. സഹോദരനെയും കുടുംബത്തെയും കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുമോ എന്നറിയാൻ.
ഇനി എത്ര ദിവസം കൂടി കാത്തിരിക്കണമെന്ന് അറിയില്ല’– കഠ്മണ്ഡുവിലെ ത്രിഭുവൻ യൂണിവേഴ്സിറ്റി ടീച്ചിങ് ആശുപത്രിയിൽ വച്ചു കണ്ട ദീപക് കൈനിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
ആശുപത്രി വരാന്തയിലെ ഭിത്തിയിൽ തന്റെ പ്രിയപ്പെട്ടവരുടെ ചിത്രം പതിപ്പിക്കുന്നതിനിടെയാണു ദീപക്കിനെ കണ്ടത്. പ്രളയം കവർന്ന റസുവയിലാണു ദീപക്കിന്റെ സഹോദരൻ പ്രതാപും ഭാര്യ മിണാലും മകനും താമസിച്ചിരുന്നത്.
കഴിഞ്ഞ ബുധനാഴ്ച മുതൽ ഇവരെക്കുറിച്ചു വിവരമൊന്നുമില്ല. ഇതു ദീപക്കിന്റെ മാത്രം അനുഭവമല്ല.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആശുപത്രികൾ കയറിയിറങ്ങുകയാണ് നൂറുകണക്കിനാളുകൾ. ത്രിഭുവൻ ആശുപത്രിയുടെ പ്രവേശനഭാഗത്തു ഭിത്തിയിൽ നിറയെ മിന്നൽപ്രളയത്തിൽ കാണാതായവരുടെ ചിത്രങ്ങളാണ്.
നേപ്പാൾ സ്വദേശികളുടെ മാത്രമല്ല, ഇന്ത്യക്കാരുടെയും സിംഗപ്പൂർ, ഓസ്ട്രേലിയ, കാനഡ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരുടെയും ചിത്രങ്ങൾ പതിപ്പിച്ചിരിക്കുന്നു. ചിലർ വേദനനിറഞ്ഞ കുറിപ്പും ഒപ്പം നൽകിയിട്ടുണ്ട്.
ആശുപത്രിക്കു പിന്നിൽ മറ്റൊരു ചിത്രങ്ങളുടെ നിരയുണ്ട്; പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടേത്. പലരുടെയും മുഖം തിരിച്ചറിയാൻ പോലും സാധിക്കാത്ത നിലയിലാണ്.
6 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ ചിത്രമുൾപ്പെടെയുണ്ട് ഇക്കൂട്ടത്തിൽ. ചെളിനിറഞ്ഞ്, അവയവയങ്ങൾ നഷ്ടപ്പെട്ട
ശരീരങ്ങളുടെ ചിത്രങ്ങൾക്കു മുന്നിൽ പലരും വിതുമ്പുന്നു. ചില ചിത്രങ്ങളിൽ ശരീരഭാഗങ്ങൾ മാത്രം.
ചിത്രത്തിനൊപ്പം ചില വിശദാംശങ്ങളും നൽകിയിട്ടുണ്ട്; ആളുകളെ തിരിച്ചറിയാൻ. പ്രളയത്തിൽ മരിച്ചവരെ ഏത് ആശുപത്രിയിലാണ് എത്തിച്ചിരിക്കുന്നത് എന്നതിൽ വ്യക്തതയില്ലാത്തതിനാൽ പല ആശുപത്രികൾ കയറിയിറങ്ങേണ്ട
അവസ്ഥയിലാണു ബന്ധുക്കൾ. കഠ്മണ്ഡുവിലെയും പൊഖാറയിലെയും നുവാകോട്ടിലെയുമെല്ലാം ആശുപത്രികളിൽ ഇവർ മാറിമാറിയെത്തുന്നു.
ചിലർ ദിവസങ്ങളോളം ഒരാശുപത്രിയിൽ കാത്തിരിക്കുന്നു, എന്തെങ്കിലും വിവരം ലഭിച്ചാലോ എന്ന പ്രതീക്ഷയിൽ. റോഡ് തകർന്നു ഗതാഗതം തടസ്സപ്പെട്ടതോടെ പലരും ദിവസങ്ങൾ യാത്ര ചെയ്താണു ഗ്രാമപ്രദേശങ്ങളിൽനിന്നു കഠ്മണ്ഡുവിലെത്തിയത്.
മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിക്കുന്നില്ലെന്നതാണ് ആശുപത്രികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കഠ്മണ്ഡുവിലെ ആശുപത്രിയിലെത്തിച്ച 96 മൃതശരീരങ്ങളിൽ ഒൻപതെണ്ണം മാത്രമാണു സംസ്കരിച്ചത്.
പൊഖാറ അക്കാദമി ഓഫ് ഹെൽത്ത് സയൻസസിലെ 102 മൃതദേഹങ്ങളിൽ 8 എണ്ണം തിരിച്ചറിഞ്ഞു ബന്ധുക്കൾക്കു കൈമാറി. ‘2015 ലെ ഭൂകമ്പത്തെക്കാൾ വ്യത്യസ്ത സാഹചര്യമാണ് ഇക്കുറി.
2015 ൽ മൃതദേഹങ്ങൾ കെട്ടിട അവശിഷ്ടങ്ങൾക്ക് ഇടയിൽനിന്നു കണ്ടെത്താൻ സാധിച്ചിരുന്നു.
എന്നാൽ, പ്രളയത്തിൽ പലരുടെയും ശരീരഭാഗങ്ങൾ വേർപെട്ടു. കണ്ടെത്തുന്നവരെ തിരിച്ചറിയാൻ പ്രയാസമായി’– ത്രിഭുവൻദാസ് ടീച്ചിങ് ആശുപത്രി ഡപ്യൂട്ടി ഡയറക്ടർ ഡോ.
ഗോപാൽ സെദിൻ പറഞ്ഞു. യുപിയിലെ ഗോരഖ്പുർ എയിംസിൽ സൂക്ഷിച്ചിട്ടുള്ള 11 മൃതദേഹങ്ങൾ നേപ്പാളിലെ ദുരന്തത്തിൽ പെട്ടവരുടതാണെന്ന് കരുതുന്നു.
നാരായണി (ഗണ്ഡകി) നദിയിലൂടെ 17 മൃതദേഹങ്ങളാണ് ഒഴുകിയെത്തിയത്. ഇതിൽ നാലെണ്ണം തിരിച്ചറിഞ്ഞ് ബന്ധുക്കൾക്ക് കൈമാറി.
തുരങ്കങ്ങളിൽ കുടുങ്ങി 933 പേർ
11 ജലവൈദ്യുത പദ്ധതികൾ തകർന്ന് തുരങ്കങ്ങളിൽ കുടുങ്ങിയ 933 ജീവനക്കാരെ കണ്ടെത്താൻ തീവ്രശ്രമം. ഇതിനായി ഇന്ത്യയുടെയും ചൈനയുടെയും സഹായത്തോടെ രക്ഷാപ്രവർത്തകർ ശ്രമം തുടരുകയാണ്.
തുരങ്കങ്ങൾ പാറകളും ചെളിയും നിറഞ്ഞ് അടഞ്ഞുപോയ നിലയിലാണ്. നിയന്ത്രിത സ്ഫോടനങ്ങൾ നടത്തിയും ചെളിയും മറ്റും നീക്കം ചെയ്തും ഇവർക്കരികിലേക്ക് എത്താനാണ് രക്ഷാപ്രവർത്തകർ ശ്രമിക്കുന്നത്.
അതിനിടെ 2 തുരങ്കങ്ങളിൽ നിന്നായി 3 മൃതദേഹങ്ങൾ കണ്ടെത്തി. ദുരന്തത്തിൽ മരിച്ചവർക്ക് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ന്യൂഡൽഹിയിലെ നേപ്പാൾ എംബസിയിലെത്തി ആദരമർപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

