തളിപ്പറമ്പിലേയും പയ്യന്നൂരിലേയും തോൽവിക്ക് കാരണം ജനങ്ങൾക്ക് പറ്റിയ തെറ്റാണെന്നാവർത്തിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ ടി കെ ഗോവിന്ദന് എംഎല്‍എ രംഗത്ത്. സിപിഎം ഒരിക്കലും തെറ്റ് തിരുത്തിയിട്ടില്ലെന്നും നേതാക്കളുടെ സ്വാർത്ഥ താത്പര്യമാണ് പാർട്ടിയെ തകര്ക്കുന്നതെന്നുമായിരുന്നു ടി കെ ഗോവിന്ദന്റെ മറുപടി.
അവസര വാദിയായ ടി കെ ഗോവിന്ദൻ പാർട്ടിയോട് കാണിച്ചത് വഞ്ചനയാണെന്നയിരുന്നു തളിപ്പറമ്പില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പിണറായി വിജയൻ ആരോപിച്ചത്. പയ്യന്നൂരിലേയും തളിപ്പറമ്പിലേയും ഞെട്ടി ക്കുന്ന തോൽവിയില്‍ ആഴത്തിലുള്ള പരിശോധനക്ക് ശേഷം പാര്‍ട്ടിയെ തട്ടിയുണര്ത്താന് രണ്ടു മണ്ഡലങ്ങളിലുമായി നാലിടത്താണ് പിണറായി വിജയനെ പങ്കെടുപ്പിച്ച് സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചത്.
മറ്റു മൂന്നിടങ്ങളിലും നടന്ന വിശദീകരണയോഗങ്ങളിലേത് പോലെ അവസാന യോഗം നടന്ന തളിപ്പറമ്പിലും തെറ്റ് പറ്റിയത് ജനങ്ങള്‍ക്കാണെന്ന് പിണറായി വിജയൻ ആവര്‍ത്തിച്ചു. തളിപ്പറമ്പിലും പയ്യന്നൂരിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വീഴ്ച പറ്റിയെന്ന് കേന്ദ്ര നേതൃത്വം വരെ സമ്മതിക്കുമ്പോളായിരുന്നു പിണറായി വിജയന്റെ ഈ നിലപാട്.
തളിപ്പറമ്പിൽ തെറ്റായ നിലപാട് സ്വീകരിച്ചവര്‍ തിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ടി കെ ഗോവിന്ദനെ പോലുള്ള വഞ്ചകര്‍ പാര്‍ട്ടിക്ക് പോറലേല്‍പ്പിക്കാന്‍ മാത്രം വളരില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
ഒരു തെറ്റും പറ്റിയിട്ടില്ലെന്നും തങ്ങളെ പഠിപ്പിക്കാന്‍ വരേണ്ടെന്നും പറയുന്നവർ അഹന്തയുടെ ഭാഷയിലാണ് സംസാരിക്കുന്നതെന്നു ടി കെ ഗോവിന്ദൻ തിരിച്ചടിച്ചു. സിപിഎമ്മിന്റെ വളർച്ച പടവലങ്ങ പോലെയാണെന്ന് ഗോവിന്ദൻ പരിഹസിച്ചു.
തന്നെ തളിപ്പറമ്പിലെ ബ്രൂട്ടസെന്ന് വിളിച്ച കെ കെ രാഗേഷിനും കടുത്ത ഭാഷയിലാണ് ഗോവിന്ദൻ മറുപടി നല്‍കിയത്. കോഴിക്കോട് മാവൂരില്‍ ആര് എം പി സംഘടിപ്പിച്ച പൊതുയോഗത്തിലായിരുന്നു ഗോവിന്ദന്റെ പ്രതികരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

