വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് വിദേശ നിക്ഷേപം സ്വീകരിക്കുന്നതിനായി സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക അനുമതി തേടി അദാനി ഗ്രൂപ്പ് കത്ത് നൽകി. പദ്ധതി നടത്തിപ്പിന്റെ ചുമതലയുള്ള അദാനി പോർട്സ് ഓഹരി കൈമാറ്റത്തിനായി സർക്കാരിനെ സമീപിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമസഭയിൽ ഉന്നയിച്ചതിന് പിന്നാലെയാണ് അദാനി ഗ്രൂപ്പിന്റെ ഭാഗത്തുനിന്നുള്ള ഈ നടപടി.
ആഗോള ഷിപ്പിംഗ് കമ്പനിയായ എംഎസ്സിയുടെ ടെർമിനൽ വിഭാഗമായ ടെർമിനൽ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് (ടിഐഎൽ), അദാനി പോർട്സുമായി സഹകരിച്ചാണ് വിഴിഞ്ഞത്ത് നിക്ഷേപം നടത്തിയിരിക്കുന്നത്. 13000 കോടി രൂപയുടെ നിക്ഷേപമാണ് ഇതിലൂടെ ലഭിക്കുന്നത്.
അദാനി പോർട്സിന്റെ 49 ശതമാനം ഓഹരികൾ വാങ്ങിക്കൊണ്ടാണ് എംഎസ്സി പദ്ധതിയുടെ ഭാഗമായത്. പദ്ധതിയുടെ മൊത്തം മൂല്യമായ 2.85 ബില്യൺ യുഎസ് ഡോളറിൽ 1.397 ബില്യൺ യുഎസ് ഡോളറും ടിഐഎല്ലിന്റേതാണ്.
ഇത് രാജ്യത്തെ തുറമുഖ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ തന്നെ ഏറ്റവും വലിയ നിക്ഷേപങ്ങളിൽ ഒന്നാണ്. നിലവിൽ 16 ലക്ഷം ടിഇയു ശേഷിയുള്ള വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തന ശേഷി, ഈ പുതിയ പങ്കാളിത്തത്തോടെ 57 ലക്ഷം ടിഇയു ആയി വർധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
40 വർഷത്തേക്ക് വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നടത്തിപ്പുകാരായ അദാനി പോർട്സിന് ബിഒടി (BOT) കരാർ പ്രകാരം 49 ശതമാനം ഓഹരികൾ കൈമാറാൻ അനുവാദമുണ്ട്. ഈ വ്യവസ്ഥകൾക്ക് വിധേയമായാണ് നിക്ഷേപം സ്വീകരിച്ചിട്ടുള്ളതെങ്കിലും, ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട
നിയമപരമായ അനുമതിക്കായി സർക്കാർ തലത്തിൽ ഔദ്യോഗിക നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. എംഎസ്സിയുമായുള്ള ഈ പങ്കാളിത്തം വിഴിഞ്ഞം തുറമുഖത്തിന്റെ ചരക്ക് നീക്കത്തെയും ഭാവി വികസനത്തെയും വലിയ തോതിൽ സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

