ലഹരിക്കേസിൽ അറസ്റ്റിലായ പ്രതിയുടെ വസ്ത്രം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് ഡിജിറ്റലായി മാറ്റിയ സംഭവത്തിൽ ബംഗ്ലാദേശിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചു. ബരിഷാൽ മെട്രോപൊളിറ്റൻ പൊലീസ് (ബി.എം.പി) സബ് ഇൻസ്പെക്ടർ തൻസിൽ അഹമ്മദിനെയാണ് ഔദ്യോഗിക കൃത്യനിർവ്വഹണത്തിലെ വീഴ്ചയെത്തുടർന്ന് മാധ്യമ ചുമതലകളിൽ നിന്ന് നീക്കിയത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് ബരിഷാൽ സിറ്റിയിലെ വാർഡ് 5-ൽ വെച്ച്, ലഹരിമരുന്ന് വിൽപനക്കാരൻ എന്ന് സംശയിക്കുന്ന 35-കാരൻ റസ്സൽ ഹൗലാദറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് സമയത്ത് അർജന്റീനയുടെ ഫുട്ബോൾ ജഴ്സിയായിരുന്നു പ്രതി ധരിച്ചിരുന്നത്.
എന്നാൽ, ഈ ചിത്രം എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ബ്രസീൽ ജഴ്സിയാക്കി മാറ്റിയ ശേഷം സബ് ഇൻസ്പെക്ടർ തൻസിൽ അഹമ്മദ് ഔദ്യോഗിക മാധ്യമങ്ങളിലേക്ക് കൈമാറുകയായിരുന്നു. പൊലീസിന്റെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പുകളിലും ഇമെയിലിലും ഈ ചിത്രം പ്രചരിച്ചതോടെ ഫുട്ബോൾ ആരാധകർ തിരിമറി കണ്ടെത്തുകയും വലിയ പ്രതിഷേധം ഉയർത്തുകയും ചെയ്തു.
ഔദ്യോഗിക രേഖകളിലും തെളിവുകളിലും പൊലീസ് ഉദ്യോഗസ്ഥൻ തന്നെ കൃത്രിമം കാണിച്ചത് വലിയ വിവാദമായി മാറി. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ബി.എം.പി അധികൃതർ എഡിറ്റ് ചെയ്ത ചിത്രം പിൻവലിച്ച് പ്രതിയുടെ യഥാർത്ഥ ചിത്രം പുറത്തുവിടുകയും ചെയ്തു.
കൃത്യവിലോപത്തിന് സബ് ഇൻസ്പെക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. മൂന്ന് ദിവസത്തിനകം സംഭവത്തിൽ വിശദീകരണം നൽകണമെന്ന് ബിഎംപി കമ്മീഷണർ എം.ഡി ആഷിഖ് സയീദ് നിർദ്ദേശിച്ചു.
ഉദ്യോഗസ്ഥൻ താൻ ചിത്രം എഡിറ്റ് ചെയ്തതായി സമ്മതിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

