ചാലക്കുടി കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് അതിരപ്പിള്ളി-മലക്കപ്പാറ റൂട്ടിലേക്ക് സർവീസ് നടത്തുന്ന ഓർഡിനറി ബസുകൾ കടുത്ത സുരക്ഷാ ഭീഷണി നേരിടുന്നതായി ജീവനക്കാരുടെ മുന്നറിയിപ്പ്. ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി ആരംഭിച്ചതോടെ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധനയാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
നിബന്ധനകൾ പ്രകാരം പരമാവധി 64 യാത്രക്കാർക്ക് മാത്രം യാത്രാനുമതിയുള്ള ബസുകളിൽ നിലവിൽ 100 മുതൽ 120 വരെ ആളുകളാണ് യാത്ര ചെയ്യുന്നത്. യാത്രാ തിരക്ക് വർധിച്ച സാഹചര്യത്തിലും ബസുകളുടെ ട്രിപ്പുകൾ കൂട്ടാൻ അധികൃതർ തയാറാകാത്തത് വലിയ അപകടങ്ങൾക്ക് വഴിവെക്കുന്നു.
അപകടകരമായ പാത
അതിരപ്പിള്ളി മുതൽ മലക്കപ്പാറ വരെയുള്ള 70 കിലോമീറ്റർ ദൂരം അതീവ അപകടസാധ്യതയുള്ള ഒറ്റവരിപ്പാതയാണ്. പാതയുടെ ഒരു വശത്ത് ആഴമേറിയ കൊക്കകളാണ് സ്ഥിതി ചെയ്യുന്നത്.
ഒമ്പത് ഹെയർപിൻ വളവുകളുള്ള ഈ റൂട്ടിൽ ബസ് തിരിക്കാൻ പലപ്പോഴും വാഹനം റിവേഴ്സ് എടുക്കേണ്ടി വരാറുണ്ട്. അമിതഭാരം കാരണം വളവുകളിൽ വാഹനം നിയന്ത്രിക്കാൻ ബ്രേക്ക് കൃത്യമായി ലഭിക്കുന്നില്ലെന്ന് ഡ്രൈവർമാർ സാക്ഷ്യപ്പെടുത്തുന്നു.
പഴകിയ വാഹനങ്ങൾ
ചാലക്കുടിയിൽ നിന്ന് സർവീസ് നടത്തുന്ന നാല് ബസുകളിൽ മിക്കതും 15 വർഷത്തിലധികം പഴക്കമുള്ളവയാണ്. യാത്രാദുരിതം പരിഹരിക്കാൻ കൂടുതൽ ബസുകൾ അനുവദിക്കണമെന്നും, നേരത്തെ നിർത്തിവെച്ച രാവിലെ 11 മണിയിലെ ചാലക്കുടി-മലക്കപ്പാറ സർവീസ് പുനരാരംഭിക്കണമെന്നും ജീവനക്കാർ ആവശ്യപ്പെടുന്നു.
ഈ ആവശ്യം ഉന്നയിച്ച് ഇൻഡിപെൻഡൻസ് ട്രാൻസ്പോർട്ട് എംപ്ലോയീസ് ഫെഡറേഷൻ ഗതാഗത മന്ത്രി, ട്രാൻസ്പോർട്ട് സിഎംഡി, ചാലക്കുടി യൂണിറ്റ് അധികാരികൾ എന്നിവർക്ക് നിവേദനം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

