ഫുട്ബോള്‍ ലോകകപ്പില്‍ നിന്ന് ജര്‍മ്മനി പുറത്തായതിന് പിന്നാലെ, അന്താരാഷ്ട്ര തലത്തില്‍ പുതിയ നേട്ടവുമായി അര്‍ജന്റീന നായകന് ലയണല്‍ മെസി. ഫിഫ പുറത്തുവിട്ട
ഏറ്റവും പുതിയ ലോകകപ്പ് പവര്‍ റാങ്കിംഗിലാണ് മെസി ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. ജര്‍മ്മനി പാരഗ്വായോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടതോടെ, നേരത്തെ ഒന്നാമതായിരുന്ന ജര്‍മ്മന്‍ താരം ഡെനിസ് ഉന്ദാവ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ലോകകപ്പിലെ മികച്ച പ്രകടനങ്ങളെ അടിസ്ഥാനമാക്കി നടത്തിയ കണക്കെടുപ്പിലാണ് മെസി ഈ നേട്ടം സ്വന്തമാക്കിയത്. അറ്റാക്കിംഗ്, ക്രിയേറ്റിവിറ്റി, ഡിഫന്‍ഡിംഗ് എന്നീ വിഭാഗങ്ങളിലായി യഥാക്രമം 8.49, 6.55, 5.17 എന്നിങ്ങനെയാണ് മെസിയുടെ സ്കോര്‍.
8.26, 7.37, 4.62 പോയിന്റുകളുമായി കിലിയന്‍ എംബാപ്പെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. അതേസമയം, പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റാങ്കിംഗില്‍ 74-ാം സ്ഥാനത്തേക്ക് മുന്നേറി.
ഇതിനിടെ മെസി-റൊണാള്‍ഡോ പോരാട്ടത്തെക്കുറിച്ച് ജര്‍മ്മന്‍ ഫുട്ബോള്‍ ഇതിഹാസം ഒലിവര്‍ കാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ശ്രദ്ധേയമായി. രണ്ട് പതിറ്റാണ്ടിലേറെയായി ഇരുവരും ഫുട്ബോളിനെ പുതിയ തലത്തിലേക്ക് ഉയര്‍ത്തിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
“അവരുടെ വൈരം വാക്കുകള്‍ കൊണ്ടല്ല, പ്രകടനങ്ങള്‍ കൊണ്ടാണ് നിര്‍മ്മിക്കപ്പെട്ടത്. അത്തരമൊരു സ്ഥിരതയും മികവും ഫുട്ബോള്‍ ലോകത്ത് ഇനി കാണാന്‍ സാധിക്കില്ല.” ഒലിവര്‍ കാന്‍ വ്യക്തമാക്കി.
2002-ലെ ലോകകപ്പ് ഫൈനലില്‍ ജര്‍മ്മനി പരാജയപ്പെട്ടെങ്കിലും ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കിയ ഏക ഗോള്‍കീപ്പറാണ് കാന്‍. ആ ഫൈനല്‍ തോല്‍വിയുടെ വേദന ഇപ്പോഴും മനസ്സിലുണ്ടെന്നും, ഒരു താരത്തിന്റെ ഏറ്റവും വലിയ സ്വപ്നം ലോകകപ്പ് കിരീടം ഉയര്‍ത്തുക എന്നത് തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2014-ലെ ഫൈനലില്‍ ജര്‍മ്മനിയോട് പരാജയപ്പെട്ട ലയണല്‍ മെസി, എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഖത്തറില്‍ വെച്ചാണ് ആ സ്വപ്നം സാക്ഷാത്കരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

