ലബനനിലും ഗാസയിലും ഇസ്രയേൽ നടത്തുന്ന സൈനിക നടപടികൾ അവസാനിപ്പിക്കാതെ അമേരിക്കയുമായുള്ള മധ്യസ്ഥ ചർച്ചകളുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് ഇറാൻ തീരുമാനിച്ചു. ഇറാനിലെ വാർത്താ ഏജൻസിയായ ടാസ്നിമിനെ ഉദ്ധരിച്ച് ഇറാൻ റവലൂഷനറി ഗാർഡ് കോർ ആണ് ഇക്കാര്യം അറിയിച്ചത്.
നിലവിൽ സമാധാന ചർച്ചകൾ നിർത്തിവെക്കുന്നതിന് പുറമെ, ഹോർമുസ് കടലിടുക്ക് പൂർണമായി തടയുമെന്നും ഇറാൻ ഭീഷണി മുഴക്കിയിട്ടുണ്ട്. ഇതിന് പുറമേ, പേർഷ്യൻ ഗൾഫിലെ മറ്റൊരു പ്രധാന ജലപാതയായ ബാബ് എൽ-മാൻഡെബ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകളെ ആക്രമിക്കാൻ യെമനിലെ ഹൂതി സഖ്യകക്ഷികൾക്ക് ഇറാനിയൻ ഭരണകൂടം അനുമതി നൽകിയതായും റിപ്പോർട്ടുകളുണ്ട്.
ഇക്കാര്യത്തിൽ ഇറാൻ ഔദ്യോഗികമായി അന്തിമ പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും, ഇസ്രയേലിനും അമേരിക്കയ്ക്കുമെതിരെ രൂക്ഷമായ മുന്നറിയിപ്പുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി രംഗത്തെത്തിയിട്ടുണ്ട്. വെടിനിർത്തൽ ലംഘനത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും യുഎസിനും ഇസ്രയേലിനും ആയിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
“ലബനൻ ഉൾപ്പെടെ എല്ലാ മേഖലയിലെയും വെടിനിർത്തലാണ് ഇറാനും യുഎസും തമ്മിലുള്ള വെടിനിർത്തൽ കരാർ. ഏതെങ്കിലും ഒരിടത്ത് അതിൽ മാറ്റം വന്നാൽ അത് വെടിനിർത്തൽ ലംഘനമായി കണക്കാക്കപ്പെടും” എന്ന് അബ്ബാസ് അരാഗ്ചി തന്റെ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
ബെയ്റൂട്ടിന്റെ തെക്കൻ പ്രദേശങ്ങളിൽ ആക്രമണം നടത്താൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ് ഈ പ്രതികരണം ഉണ്ടായതെന്നത് ശ്രദ്ധേയമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

