തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശക്തമാകുന്നു.
ബിജെപി നേതൃത്വവുമായി നിലനിൽക്കുന്ന അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് അദ്ദേഹം പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ ആലോചിക്കുന്നതായാണ് വിവരം. കോയമ്പത്തൂർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ട
പോസ്റ്ററുകളാണ് ഈ ചർച്ചകൾക്ക് തുടക്കമിട്ടത്. അണ്ണാമലൈയുടെ ജന്മദിനത്തിന് മുന്നോടിയായി പതിപ്പിച്ച പോസ്റ്ററുകളിൽ “നമ്മുടെ നേതാവേ, വന്ന് ഞങ്ങളെ നയിക്കൂ” എന്ന വാചകമാണുള്ളത്.
ഇതോടെ അദ്ദേഹം സ്വന്തം നിലയ്ക്ക് രാഷ്ട്രീയ നീക്കങ്ങൾ നടത്തുകയാണെന്ന സംസാരം സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ സജീവമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇന്ന് രാത്രി ഡൽഹിയിൽ എത്തുന്ന അണ്ണാമലൈ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീനെ സന്ദർശിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
പുതിയ പാർട്ടി രൂപീകരണത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട്, “ദയവായി കാത്തിരിക്കുക, രണ്ടു ദിവസത്തിനുള്ളിൽ നമുക്ക് സംസാരിക്കാം” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിനിടെ, പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരണ സാധ്യതയെക്കുറിച്ച് കോൺഗ്രസ് എംപി കാർത്തി ചിദംബരം നേരത്തെ എക്സ് പ്ലാറ്റ്ഫോമിലൂടെ പ്രതികരിച്ചിരുന്നു.
‘മക്കൾ ശക്തി പ്രസ്ഥാനം’ എന്ന പേരിലായിരിക്കും പുതിയ പാർട്ടി എന്ന് അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. എന്നാൽ, ഇത്തരം വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും പ്രധാനമന്ത്രിയോടുള്ള ആദരവ് മൂലമാണ് അണ്ണാമലൈ രാഷ്ട്രീയത്തിൽ എത്തിയതെന്നും ബിജെപി സംസ്ഥാന സെക്രട്ടറി വിനോജ് പി.
സെൽവം വ്യക്തമാക്കി. മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ അണ്ണാമലൈ 2020-ലാണ് ബിജെപിയിൽ ചേർന്നത്.
2021 മുതൽ 2025 വരെ തമിഴ്നാട് ബിജെപി അധ്യക്ഷ പദവി വഹിച്ചിരുന്ന അദ്ദേഹം, യുവാക്കൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു. കേന്ദ്ര സർക്കാരിന്റെ ത്രിഭാഷാ നയത്തെ പരസ്യമായി വിമർശിച്ചതോടെയാണ് ബിജെപി നേതൃത്വവുമായുള്ള ബന്ധത്തിൽ വിള്ളലുകൾ വീണതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

