അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഐപിഎൽ ഫൈനൽ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (ആർസിബി) തുടർച്ചയായ രണ്ടാം തവണയും കിരീടത്തിൽ മുത്തമിട്ടു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസിന് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുക്കാനേ സാധിച്ചുള്ളൂ.
മറുപടി ബാറ്റിംഗിനിറങ്ങിയ ആർസിബി 18 ഓവറുകളിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം ഭേദിക്കുകയായിരുന്നു. മത്സരത്തിൽ വിജയശിൽപിയായത് 42 പന്തുകളിൽ നിന്ന് പുറത്താവാതെ 75 റൺസ് അടിച്ചുകൂട്ടിയ വിരാട് കോലിയാണ്.
മൂന്ന് സിക്സറുകളും ഒമ്പത് ബൗണ്ടറികളും ഉൾപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സ്. കോലിക്ക് മികച്ച പിന്തുണ നൽകിയത് വെങ്കടേഷ് അയ്യർ (32), ടിം ഡേവിഡ് (24) എന്നിവരാണ്.
ദേവ്ദത്ത് പടിക്കൽ (1), രജത് പടിധാർ (15), ക്രുനാൽ പാണ്ഡ്യ (1) എന്നിവർ വേഗത്തിൽ പുറത്തായപ്പോൾ, ജിതേഷ് ശർമ (11) പുറത്താവാതെ നിന്നു. ഗുജറാത്തിന് വേണ്ടി റാഷിദ് ഖാൻ രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി.
നേരത്തെ ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസിന് തുടക്കം മുതൽ മികച്ച സ്കോർ കണ്ടെത്താൻ സാധിച്ചില്ല. 37 പന്തുകളിൽ നിന്ന് അഞ്ച് ബൗണ്ടറികളടക്കം 50 റൺസെടുത്ത വാഷിംഗ്ടൺ സുന്ദറാണ് ഗുജറാത്തിന്റെ ടോപ് സ്കോറർ.
ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (10), സായ് സുദർശൻ (12) എന്നിവർ വേഗത്തിൽ മടങ്ങി. തുടർന്ന് നിശാന്ത് സിന്ധു (20), ജോസ് ബട്ലർ (19) എന്നിവർ ചേർന്ന് ചെറുത്തുനിൽപ്പിന് ശ്രമിച്ചെങ്കിലും ആർസിബി ബൗളർമാർ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി.
അർഷദ് ഖാൻ (15), രാഹുൽ തെവാട്ടിയ (7), ജേസൺ ഹോൾഡർ (7), റാഷിദ് ഖാൻ (7) എന്നിവർക്ക് കാര്യമായ സംഭാവന നൽകാനായില്ല. ആർസിബിക്ക് വേണ്ടി മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ച റാസിക് സലാം ദർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
ഭുവനേശ്വർ കുമാർ, ജോഷ് ഹേസൽവുഡ് എന്നിവർ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി ഗുജറാത്ത് ബാറ്റിംഗ് നിരയെ തകർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

