കൽപറ്റ ∙ അതിവേഗം മാറുന്ന ലോകമാണിന്ന്. പുതിയ കാലത്തിനൊപ്പം പിടിച്ചുനിൽക്കാൻ മുതിർന്നവർക്കു കഴിയാതെവരുമ്പോഴാണു നമ്മുടെ കുട്ടികൾ എന്താണിങ്ങനെയെന്ന് അവർ പകച്ചുപോകുന്നത്. സമൂഹമാധ്യമങ്ങളെയും ലഹരിമരുന്നുകളെയും വഴിവിട്ട
കൂട്ടുകെട്ടുകളെയും മാത്രം കുറ്റപ്പെടുത്തിക്കൊണ്ടിരുന്നാൽ പ്രശ്നത്തിനു ശാശ്വത പരിഹാരം കാണാനുമാകില്ല. കുട്ടികളെ വഴിതെറ്റിക്കുന്ന ബാഹ്യശക്തികളെ മാത്രം പഴിചാരുന്നത് ഒരുതരം രക്ഷപെടൽ മനോഭാവമാണ്.
വളർച്ചയുടെ ഓരോ ഘട്ടത്തിലും കുട്ടികൾ നേരിടുന്ന വൈകാരിക ശൂന്യതയാണു പലപ്പോഴും ലഹരി അടിമത്തത്തിന്റെയോ അക്രമത്തിന്റെയോ രൂപത്തിൽ പുറത്തുവരുന്നതെന്നാണ് പഠനങ്ങൾ പറയുന്നത്.
മക്കളിലെ ചെറിയ സ്വഭാവമാറ്റങ്ങളെപ്പോലും അതീവ ജാഗ്രതയോടെ നിരീക്ഷിക്കാൻ മാതാപിതാക്കൾക്ക് സാധിക്കണം. കുറ്റപ്പെടുത്തലുകൾക്കും മാരകശിക്ഷകൾക്കും പകരം, അവരെ ചേർത്തുനിർത്തി കേൾക്കാൻ തയാറാകുന്ന ഇടം വീട്ടിൽ സൃഷ്ടിച്ചാൽ പകുതി പ്രശ്നങ്ങളും അവസാനിക്കും.
വീട് തടവറയാണെന്ന് തോന്നിത്തുടങ്ങുന്നിടത്താണു കുട്ടികൾ പുറത്തെ ‘അധോലോക’ങ്ങളിൽ ആശ്വാസം തേടുന്നത്.
മാറണം, മനോഭാവം
പൊതുസമൂഹത്തിന്റെ മനോഭാവത്തിലും വലിയ മാറ്റങ്ങൾ വരേണ്ടതുണ്ട്. തെറ്റ് ചെയ്യുന്ന കുട്ടിയെ എന്നെന്നേക്കും ക്രിമിനലായി മുദ്രകുത്തി മാറ്റിനിർത്തുന്ന രീതി ഗുണത്തെക്കാളേറെ ദോഷമാണ് ചെയ്യുന്നത്.
കുട്ടികളുടെ തെറ്റുകൾ തിരുത്താനും സാധാരണ ജീവിതത്തിലേക്കു കൊണ്ടുവരാനുമുള്ള ഉത്തരവാദിത്തം രക്ഷിതാക്കൾക്കും അധ്യാപകർക്കും അയൽവാസികൾക്കും ഒരുപോലെയാണ്. സ്കൂൾ പരിസരങ്ങളിലെ ലഹരി മാഫിയകളെ തുരത്താൻ പൊലീസിനെ സഹായിക്കുന്നതിനൊപ്പം, കുട്ടികൾക്കായി സ്പോർട്സ് ക്ലബ്ബുകളും കലാസാംസ്കാരിക കൂട്ടായ്മകളും പ്രാദേശികമായി സജീവമാക്കണം.
കുട്ടിയുടെ ഊർജത്തെ സർഗാത്മകമായി വഴിതിരിച്ചു വിടാൻ കഴിഞ്ഞാൽ അക്രമത്തിലേക്കും ലഹരിയിലേക്കും ഒരു കൗമാരക്കാരനും പടിയിറങ്ങി പോകില്ല.
സർഗാത്മകമാകണം കൗമാരം
ബത്തേരിക്കടുത്തുള്ള ഒരു സ്കൂളിൽ നടന്ന സംഭവമാണ്. വരാന്തയിലെ 3 ചെടിച്ചട്ടികൾ ആരോ പൊട്ടിച്ചിട്ടിക്കുന്നു.
പല കുട്ടികളോടും ചോദിച്ചതിൽനിന്ന് അധ്യാപകർ പ്രശ്നക്കാരനെ കണ്ടെത്തി. തമാശയ്ക്കു ചെയ്തതാണെന്നാണ് ആ 13കാരൻ പറഞ്ഞത്.
ശുചിമുറിയിലെ പൈപ്പ് മനഃപൂർവം തുറന്നിട്ട് പോരുക, അധ്യാപകന്റെ ബൈക്കിന്റെ പുകക്കുഴലിൽ കല്ലും മണ്ണും നിറയ്ക്കുക, സ്കൂൾ മതിലിന്റെ ഇഷ്ടിക കാലുകൊണ്ട് തട്ടിക്കളയുക തുടങ്ങിയ വികൃതികൾ ഇതിനു മുൻപും ചെയ്തിരുന്നതായി അവൻ പിന്നീട് വെളിപ്പെടുത്തി. രക്ഷിതാക്കളെ വിളിച്ചുവരുത്തി അവരുടെ മുന്നിൽവച്ചു ശിക്ഷിക്കാനോ അസംബ്ലിയിൽ പരസ്യമായി ശാസിക്കാനുമൊന്നുമായിരുന്നില്ല അധ്യാപകരുടെ തീരുമാനം.
മറിച്ച് അവനെയൊന്നു കേൾക്കാനായിരുന്നു.
അങ്ങനെ നടന്ന അന്വേഷണത്തിലാണ് ആ കുട്ടിയുടെ ഉള്ളിലെ മുറിവുകൾ പുറത്തുവന്നത്. അച്ഛന്റെ മദ്യപാനവും വീട്ടിലെ നിരന്തരമായ കലഹങ്ങളും അവന്റെ സ്വഭാവം മാറ്റിമറിച്ചു.
വീട്ടിലുണ്ടാകുന്ന ദേഷ്യം തീർക്കാൻ അവൻ കണ്ടെത്തിയ മാർഗമായിരുന്നു സ്കൂളിലെ കുസൃുതിത്തരങ്ങൾ. ഡെസ്കിൽ അടിച്ചുകൊണ്ടിരുന്ന അവന്റെ വിരലുകളിൽ അധ്യാപകർ ഒരു താളം കണ്ടെത്തി.
സ്കൂൾ സ്റ്റോർ റൂമിലിരുന്ന പഴയ ഡ്രം സെറ്റ് അവർ അവനു മുന്നിലെത്തിച്ചു.
ആദ്യം വിമുഖത കാട്ടിയെങ്കിലും, പിന്നീട് ഡ്രം സ്റ്റിക്കുകൾ അവനു വഴങ്ങി. അടക്കിവച്ച രോഷമെല്ലാം താളമായി മാറിയിരിക്കണം.
അങ്ങനെ സ്കൂൾ ബാൻഡിലെ പ്രധാന അംഗമായി അവൻ മാറി. പിന്നീടൊരിക്കലും അക്രമങ്ങളിലേക്കു തിരിഞ്ഞതുമില്ല.
കടുത്ത ശിക്ഷയല്ല, അംഗീകാരവും ക്രിയാത്മകമായ ഇടങ്ങളും നൽകുന്നതാണു കൗമാരത്തെ മാറ്റിമറിക്കുകയെന്നതിന് ഈ അനുഭവം തെളിവാണ്.
പരിഹാരവഴികൾ: അഞ്ചു കാര്യങ്ങൾ
∙ദിവസവും കുറഞ്ഞത് 15 മിനിറ്റെങ്കിലും മക്കളുമായി ഹൃദയം തുറന്ന് സംസാരിക്കുക. അവരുടെ പരാതികളും സങ്കടങ്ങളും കേൾക്കാൻ തയ്യാറാവുക.
∙കുട്ടികൾക്ക് മൊബൈൽ നൽകുമ്പോൾ അതിന് കൃത്യമായ സമയപരിധി നിശ്ചയിക്കുക. രക്ഷകർത്താക്കളും സ്മാർട്ട്ഫോൺ ഉപയോഗം പരിമിതപ്പെടുത്തുക.
∙വായന, കായികാഭ്യാസം, കലകൾ എന്നിവയിൽ കുട്ടികളെ താൽപര്യമുള്ളവരാക്കുക. ഇത് അനാവശ്യ ചിന്തകളിൽ നിന്ന് അവരെ അകറ്റും.
∙സ്വഭാവത്തിൽ അസ്വാഭാവികമായ മാറ്റം കണ്ടാൽ മടിക്കാതെ വിദഗ്ധ സഹായം തേടുക. ഇത് കുട്ടിയുടെ ഭാവി സുരക്ഷിതമാക്കും.
∙ശിക്ഷകൾ ശാരീരിക പീഡനമാകാതിരിക്കാൻ ശ്രദ്ധിക്കുക. തെറ്റ് ബോധ്യപ്പെടുത്തി കൊടുക്കുന്ന രീതി അവലംബിക്കുക.
സഹായത്തിന് ഡി–ഡാഡ്
കുട്ടികളിലും കൗമാരക്കാരിലും മൊബൈൽ ഫോൺ, ഇന്റർനെറ്റ്, ഓൺലൈൻ ഗെയിമുകൾ എന്നിവയുടെ അമിത ഉപയോഗം നിയന്ത്രിക്കാൻ പൊലീസിന്റെ ഡി–ഡാഡ് (ഡിജിറ്റൽ ഡി-അഡിക്ഷൻ സെന്റർ) പ്രവർത്തനസജ്ജമാണ്.
ഇന്റർനെറ്റ് ഉപയോഗത്തിലും ഓൺലൈൻ ഗെയിമുകളിലും അമിത ആസക്തി പ്രകടിപ്പിക്കുന്ന കുട്ടികൾക്ക് പ്രാഥമിക തലത്തിലുള്ള വിലയിരുത്തൽ, മൂല്യനിർണയം, ഡി-അഡിക്ഷൻ സേവനങ്ങൾ എന്നിവ നൽകുകയാണ് സോഷ്യൽ പൊലീസിങ് ഡിവിഷൻ നടപ്പിലാക്കുന്ന ഡി–ഡാഡ് പദ്ധതിയുടെ ലക്ഷ്യം.
കുട്ടികളുടെ മാനസികവും സാമൂഹികവുമായ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള ശാസ്ത്രീയമായ ഇടപെടലുകളാണ് ഡി-ഡാഡ് വഴി നടപ്പാക്കുന്നത്. കൽപറ്റ വനിതാ സെല്ലിലാണ് ജില്ലയിൽ ഡി-ഡാഡ് സെന്റർ പ്രവർത്തിക്കുന്നത്.
ഇതുവരെ 60 കുട്ടികൾക്ക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ററാക്ടീവ് വിദ്യാഭ്യാസ പരിപാടികൾ, ഉപകരണമുക്ത ക്യാംപുകൾ, ചികിത്സാ ഇടപെടലുകൾ എന്നിവ ഉൾക്കൊള്ളുന്ന ഹൈബ്രിഡ് മാതൃകയാണ് ഡി-ഡാഡ് പിന്തുടരുന്നത്.
കുട്ടികളോടൊപ്പം പ്രവർത്തിക്കുന്ന മാതാപിതാക്കൾ, അധ്യാപകർ, മറ്റ് ബന്ധപ്പെട്ട ഏജൻസികൾ എന്നിവർക്കും ആവശ്യമായ പ്രഫഷനൽ മാർഗനിർദ്ദേശങ്ങളും കൗൺസലിങ്ങും പദ്ധതി മുഖേന ലഭ്യമാക്കും.
ഡിജിറ്റൽ അഡിക്ഷൻ പ്രശ്നങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി സ്കൂളുകൾ, കോളജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
ഓരോ ഡി-ഡാഡ് സെന്ററിലും ഒരു സൈക്കോളജിസ്റ്റും ഒരു പ്രോജക്ട് കോഓർഡിനേറ്ററും ഉൾപ്പെടുന്ന വിദഗ്ധ സംഘമാണ് സേവനം നൽകുന്നത്. നിലവിൽ പൊലീസിലെ വുമൺ സെല്ലിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. ഡി-ഡാഡ് പദ്ധതിയുടെ സേവനങ്ങൾ ചിരി ഹെൽപ്ലൈൻ നമ്പറായ 9497900200 ൽ ലഭിക്കും.
കൈകോർക്കുന്നു;നമുക്കായി
കുട്ടികളിലെ കുറ്റവാസന തടയാനും അവർക്ക് സുരക്ഷയൊരുക്കാനും സർക്കാർ തലത്തിൽ ഒട്ടേറെ പദ്ധതികൾ നിലവിലുണ്ട്.
ഇവയെക്കുറിച്ചുള്ള അറിവ് മാതാപിതാക്കൾക്കും സമൂഹത്തിനും അത്യാവശ്യമാണ്. കുട്ടികളിലെ സ്വഭാവവൈകല്യങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് അവർക്ക് മാനസിക പിന്തുണ നൽകുന്ന ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ (ഒആർസി) പദ്ധതിയും നിയമവുമായി സംഘർഷത്തിലേർപ്പെടുന്ന കുട്ടികളെ പുനരധിവസിപ്പിക്കാൻ സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന ‘കാവൽ’ പദ്ധതിയും ഏറെ ഫലപ്രദമാണ്.
കൂടാതെ, കുട്ടികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കാൻ കേരള പൊലീസിന്റെ ‘ചിരി’ ഹെൽപ്ലൈനും സ്കൂളുകൾ കേന്ദ്രീകരിച്ച് ലഹരിക്കെതിരെ എക്സൈസ് വകുപ്പ് നടത്തുന്ന ‘വിമുക്തി’ ബോധവൽക്കരണ പരിപാടിയും സജീവമാണ്.ചിരി ഹെൽപ് ലൈൻ ഫോൺ : 94979 00200
ശ്രദ്ധിക്കാം ഈ സൂചനകൾ
∙ കുട്ടികൾ കുടുംബാഗങ്ങളിൽനിന്നും കൂട്ടുകാരിൽനിന്നും ബോധപൂർവം അകന്നുനിൽക്കുക. ആർക്കും അറിയാത്ത പുതിയ കൂട്ടുകെട്ടുകൾ ഉണ്ടാക്കുക.
∙ ഉറക്കമില്ലായ്മ, ഭക്ഷണത്തോടുള്ള മടുപ്പ്
∙ ചോദിക്കുന്ന കാര്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാതിരിക്കുക, നിസ്സാര കാര്യങ്ങൾക്ക് പോലും ശബ്ദമുയർത്തി സംസാരിക്കുക.
∙ ചെറിയ പ്രായത്തിൽ തന്നെ ജീവജാലങ്ങളെ ഉപദ്രവിച്ച് ആനന്ദം കണ്ടെത്തുന്നത് പിൽക്കാലത്ത് വലിയ അക്രമവാസനയിലേക്ക് നയിക്കാം. ∙ സംസാരത്തിൽ അസഭ്യവാക്കുകളോ ക്രിമിനൽ പശ്ചാത്തലമുള്ള പദപ്രയോഗങ്ങളോ സ്ഥിരമായി വരുന്നത്.
∙ കുളിക്കാനോ പല്ലു തേയ്ക്കാനോ മടി കാണിക്കുക, എപ്പോഴും മടുപ്പ് പ്രകടിപ്പിക്കുക എന്നിവ ഡിപ്രഷന്റെയോ ലഹരി ഉപയോഗത്തിന്റെയോ ലക്ഷണമാകാം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

