
പൊഴുതന∙ സേട്ടുക്കുന്ന് പ്രദേശത്ത് കാട്ടാന ആക്രമണം രൂക്ഷമായി തുടരുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കുന്നു. ഇന്നലെ പുലർച്ചെ കുരിശ് റോഡ് ഭാഗത്ത് എത്തിയ ആന വീടും കാറും ആക്രമിക്കുകയും കാർഷിക വിളകൾ നശിപ്പിക്കുകയും ചെയ്തു.
പണിക്കശേരി ആന്റണിയുടെ വീടിന്റെ മേൽക്കൂര തകർക്കാൻ ശ്രമിക്കുകയും മുറ്റത്ത് നിർത്തിയിട്ട കാറിന്റെ പിൻഭാഗത്തെ ചില്ല് അടിച്ചു തകർക്കുകയുമായിരുന്നു.
കാറിന്റെ ബോഡിയും കൊമ്പ് കൊണ്ട് കുത്തി കേടുപാട് വരുത്തിയിട്ടുണ്ട്. വീടിനു സമീപത്തെ പട്ടിക്കൂട് തട്ടി മറിച്ചിടുകയും നായയെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു.
വൻ ശബ്ദം കേട്ട് ഉണർന്നപ്പോൾ ആന വീട് ആക്രമിക്കുന്നതാണു കണ്ടതെന്ന് ആന്റണി പറഞ്ഞു.
ഓടിട്ട വീടിന്റെ മുൻവശത്തെ കഴുക്കോലും ഓടും തകർത്തിട്ടുണ്ട്.
തൊട്ടടുത്ത തേക്കും കുഴിയിൽ ബഷീറിന്റെ വീട്ടിലേക്കുള്ള വൈദ്യുതി ലൈനിൽ കമുക് മറിച്ചിട്ടതിനെത്തുടർന്നു സർവീസ് വയർ വലിഞ്ഞ് മെയിൻ സ്വിച്ച് നിലം പൊത്തി. കഴിഞ്ഞ ദിവസം എട്ടേക്കർ ഭാഗത്ത് ഒട്ടേറെ കൃഷി നശിപ്പിക്കുകയും വാഹനങ്ങൾക്ക് കേടുപാട് വരുത്തുകയും ചെയ്തിരുന്നു.
ഈ പ്രദേശം ഉൾപ്പെടുന്ന സുഗന്ധഗിരി മുതൽ പാറത്തോട് വരെയുള്ള ഭാഗങ്ങളിൽ ഒരു ദിവസം പോലും മുടങ്ങാതെ കാട്ടാന ഇറങ്ങുന്നുണ്ട്. കാര്യമായ ഫെൻസിങ് സംവിധാനം ഇല്ലാത്തതാണ് ആനക്കൂട്ടം വൻ തോതിൽ നാട്ടിൽ ഇറങ്ങാൻ ഇടയാക്കുന്നത്. വന്യ മൃഗ ശല്യം പതിവായതോടെ പ്രതിരോധ നടപടികൾ അടിയന്തരമായി നടപ്പാക്കണമെന്ന ആവശ്യവും ശക്തമായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]