കൽപറ്റ ∙ ആകാശത്തു മഴക്കാറു കാണുമ്പോഴേ പേടിയാണ്. ഓടിപ്പോയി അച്ഛന്റെയും അമ്മയുടെയും അടുത്തിരിക്കാൻ തോന്നും.
പക്ഷേ, അവരെ കാണാനാകില്ലെന്നോർക്കുമ്പോൾ പിന്നെയും കരച്ചിൽ വരും. മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടമായ 13കാരൻ കൗൺസിലർമാരോടു പറഞ്ഞതാണ്. മഹാദുരന്തമുണ്ടാക്കിയ ഇല്ലായ്മകൾക്ക് ഒരു വർഷം തികയാൻ ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴും മുണ്ടക്കൈക്കാരുടെയും ചൂരൽമലക്കാരുടെയും നെഞ്ചിലെ നീറ്റൽ അടങ്ങുന്നില്ല.
ഉറ്റവരെയും ഉടയവരെയും നഷ്ടമായവർക്ക് ഇപ്പോഴും മാനസികാരോഗ്യം പൂർണമായി വീണ്ടെടുക്കാനായിട്ടില്ല. ഉറ്റവരുടെ ജീവനുംആയുഷ്കാലത്തെ അധ്വാനത്തിലൂടെയുണ്ടാക്കിയ വീടും സ്വരുക്കൂട്ടിയ സമ്പാദ്യവും കൃഷിയിടങ്ങളുമെല്ലാം നഷ്ടമായവർ വാടകവീടുകളിലെ കുടുസുമുറികളിൽ ദൈന്യജീവിതം നയിക്കുന്നു. സർക്കാർ പല പദ്ധതികളും നടപ്പിലാക്കുന്നുണ്ടെങ്കിലും ആരുടെയൊക്കെയോ ഔദാര്യത്തിനു മുൻപിൽ ഇപ്പോഴും കൈനീട്ടേണ്ടിവരുന്നവരാണേറെയും.
ഇനിയും ഉണങ്ങാമുറിവ്
ചൂരൽമലയിൽനിന്നും മുണ്ടക്കൈയിൽനിന്നുമുള്ളവർ മുള്ളൻകൊല്ലി, നൂൽപുഴ, വെള്ളമുണ്ട, ബത്തേരി തുടങ്ങി ദുരന്തഭൂമിയിൽനിന്ന് ഏറെയകലെയുള്ള വാടകവീടുകളിലേക്കു വരെ പറിച്ചെറിയപ്പെട്ടിരിക്കുന്നു.
ഇവരിൽ ഏറിയ പങ്കും പലവിധ മാനസികപ്രശ്നങ്ങളുള്ളവരാണെന്നാണു കണ്ടെത്തൽ. അപ്രതീക്ഷിതമായ ദുരന്തം നേരിടേണ്ടിവരുന്നവർക്ക് പോസ്റ്റ് ട്രോമാറ്റിക് ഡിസോർഡർ ആണു സാധാരണയായി കാണപ്പെടുന്ന മാനസികപ്രശ്നം.
ഉറ്റവരെല്ലാം നഷ്ടപ്പെട്ട ചിലരിൽ താൻ മാത്രം ബാക്കിയായല്ലോ എന്ന കുറ്റബോധവും ഒറ്റപ്പെട്ടു നിൽക്കാനുള്ള പ്രവണതയും കാണുന്നതായി ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.
മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളിൽ ഉറക്കക്കുറവും ഇടയ്ക്കിടയ്ക്കുള്ള ഞെട്ടിയെഴുന്നേൽക്കലും സാധാരണമായി.
നിലവിൽ, മൊബൈൽ സൈക്യാട്രി യൂണിറ്റ് പോലുള്ള സംവിധാനങ്ങളുടെ സേവനം പ്രയോജനപ്പെടുത്തി 2200 ദുരന്തബാധിതരുടെയും വീടുകളിലെത്തി മാനസികാരോഗ്യം ഉറപ്പുവരുത്തുകയാണ് അധികൃതർ.
ഒരു വർഷം കൂടി സേവനം തുടരാനാണു തീരുമാനം. ദുരന്തം നടന്ന അതേ തീയതിയോ ആ സമയമോ അടുക്കുമ്പോൾ പഴയ ഓർമകൾ വീണ്ടുമെത്തുന്നതാണു വൈകാരിക സമ്മർദമുണ്ടാക്കുന്നത്.
സങ്കടം, ഉൽക്കണ്ഠ, ഭയം, ദേഷ്യം, ഉറക്കമില്ലായ്മ, പേടിസ്വപ്നങ്ങൾ തുടങ്ങിയ വികാരങ്ങൾ വീണ്ടും അനുഭവപ്പെടാം.
ഇത് ചിലപ്പോൾ ദുരന്തം നടന്നപ്പോഴുണ്ടായിരുന്നത്ര തീവ്രമാകാം. ദുരന്തബാധിതരിൽ പലരും പുറത്തൊരു ചിരി ഫിറ്റ് ചെയ്തു നടക്കുമ്പോഴും ഉള്ളിൽ വിങ്ങിക്കരയുന്നവരാണ്.
കുറച്ചുനേരം ഇരുന്നു സംസാരിച്ചുതുടങ്ങുമ്പോഴേ അവർ വിങ്ങിപ്പൊട്ടും. മഹാദുരന്തമുണ്ടാക്കിയ ഉണങ്ങാത്ത മുറിവ് ഇനിയും പൂർണമായി ഉണങ്ങിയിട്ടില്ല.
പോകാൻഇടമില്ലാതായവർ
കൽപറ്റ ഷെൽറ്റർ ഹോമിലാണ് അട്ടമല സ്വദേശി ദേവയാനി മകൾ രജനിക്കൊപ്പം താമസിക്കുന്നത്.
46 വയസ്സുള്ള രജനി മാനസിക വെല്ലുവിളിയുള്ളയാളാണ്. കൊച്ചുകുഞ്ഞിനെ നോക്കുമ്പോലെ മകളെ പരിചരിക്കണം. എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കണം.
പ്രായത്തിന്റെ അവശതകൾ ദേവയാനിയെയും ബാധിച്ചുതുടങ്ങിയിരിക്കുന്നു. സർക്കാരിൽനിന്ന് പ്രതിമാസം കിട്ടുന്ന ഉപജീവനസഹായം മാത്രമാണ് ഇപ്പോഴുള്ള ആശ്രയം.
അട്ടമലയിലുണ്ടാക്കിയ വീട് ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. പാലവും വഴിയും ഇല്ലാത്തതിനാൽ അട്ടമലയിൽ തുടർജീവിതം സാധ്യമല്ല.
വന്യജീവികളുടെ ശല്യം വേറെ. തൊട്ടടുത്ത് പ്രേതഭൂമി പോലെ ഉപേക്ഷിക്കപ്പെട്ട
മുണ്ടക്കൈയും ചൂരൽമലയും. അട്ടമലയിലെ കുടുംബങ്ങളുടെ പേര് ടൗൺഷിപ് പട്ടികയിൽ ഉൾപെട്ടിട്ടില്ല.
ദേവയാനിയെപ്പോലുള്ള ഒട്ടേറെപ്പേരുടെ മുന്നിൽ ഭാവി ഒരു ചോദ്യചിഹ്നമാണ്.
22 രോഗികൾക്ക് പരിചരണം തുടരുന്നു
മേപ്പാടി കുടുംബാരോഗ്യകേന്ദ്രത്തിലെ പാലിയേറ്റിവ് യൂണിറ്റിനു കീഴിൽ ചൂരൽമല–മുണ്ടക്കൈ ദുരന്തബാധിതരായ 22 രോഗികൾക്ക് പരിചരണം തുടരുന്നു. രോഗികൾക്കാവശ്യമായ മരുന്നുകൾ, വാക്കർ, ഓക്സിജൻ കോൺസൻട്രേറ്റർ, എയർ ബെഡ്, വീൽ ചെയർ, സൈക്കോതറപ്പി സേവനം എന്നിവ ഉറപ്പാക്കി.
കീമോ തെറപ്പി ആവശ്യമുള്ളവർക്കു വാഹനസൗകര്യവും ആരോഗ്യവകുപ്പ് നൽകി. ഡയാലിസിസ് രോഗികൾക്കും പ്രത്യേക പരിഗണന നൽകിയതായി അധികൃതർ പറയുന്നു.
∙കൗൺസലിങ്ങിന് വിധേയരായവർ-15850
∙തുടർ പരിശോധനാ പട്ടികയിലുള്ളവർ-1146
∙നിലവിൽ സൈക്യാട്രിക് ചികിത്സയിലുള്ളവർ-40
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]