ഉരുൾ ബാക്കിവച്ച ചോപ്പി കൽപറ്റ ∙ ഉരുൾ തകർത്തെറിഞ്ഞ മുണ്ടക്കൈയിലെ ഉരുൾ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ടി. സിദ്ദീഖിനു കിട്ടിയതാണു ചുവന്ന നിറമുള്ള ഈ പൂച്ചക്കുഞ്ഞിനെ.
എംഎൽഎ എന്ന നിലയിൽ ദുരന്തനിവാരണപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകാനുള്ള യാത്രയ്ക്കിടെ ശരീരമാകെ ചെളിയിൽപ്പുതച്ചും ഏങ്ങിക്കരഞ്ഞുകൊണ്ടുമായിരുന്നു പൂച്ചക്കുഞ്ഞിന്റെ നിൽപെന്ന് സിദ്ദീഖ് ഓർമിക്കുന്നു. അവളുടെ കണ്ണിൽ ഭീതിയായിരുന്നു.
എന്തെങ്കിലും കഴിച്ചിട്ടും ദിവസങ്ങളായിരിക്കണം.
ഉടൻ തന്നെ വണ്ടിയിലിട്ട് വീട്ടിലേക്കു കൊണ്ടുപോന്നു. കൃത്യമായ പരിപാലനം കിട്ടിയപ്പോൾ കുറച്ചു ദിവസങ്ങൾക്കുള്ളിൽ പൂച്ചക്കുഞ്ഞ് ഉഷാറായി.
ചുവന്ന രോമക്കെട്ടുള്ള പൂച്ചയ്ക്ക് സിദ്ദീഖിന്റെ മക്കൾ ചോപ്പി എന്നു പേരിട്ടു. സ്കൂൾ വിട്ടുവന്നാൽ മക്കൾ ആദ്യം അന്വേഷിക്കുക ചോപ്പിയെ ആണ്–സിദ്ദീഖ് പറഞ്ഞു.
മക്കളാണു ചോപ്പിക്കു ഭക്ഷണം കൊടുക്കുന്നത്. ചോപ്പിയുടെ കൂടെയാണു മിക്കപ്പോഴും കളികൾ.
കുട്ടികൾ ഉറങ്ങുമ്പോഴും ചോപ്പി അടുത്തുണ്ടാകും. മറ്റു പൂച്ചകളെപ്പോലെ സാധനങ്ങൾ തട്ടിയിടുക, അടുക്കളയിൽ കയറി ഭക്ഷണം കട്ടുതിന്നുക തുടങ്ങിയ കുസൃതിത്തരങ്ങളൊന്നും ചോപ്പിക്കില്ല.
അതിനിടയിൽ ചോപ്പി 4 കുഞ്ഞുങ്ങളെക്കൂടി പ്രസവിച്ചു. പൂച്ചകളുടെ എണ്ണം കൂടിയപ്പോൾ കുഞ്ഞുങ്ങളെ സുഹൃത്തുക്കൾക്കു നൽകിയാലോ എന്ന് വീട്ടിൽ ചർച്ച വന്നു.
സിദ്ദീഖിന്റെ മക്കളുടെ കനത്ത പ്രതിഷേധത്തിനൊടുവിൽ ചോപ്പിക്കൊപ്പം തന്നെ അവളുടെ കുഞ്ഞുങ്ങളെയും നിർത്താൻ തീരുമാനമായി.
നായ്ക്കുട്ടികൾക്കും തുണയേകി എം.എസ്
ബത്തേരി ∙ തെരുവിൽ അനാഥരായിപ്പോകുന്ന നായ്ക്കുട്ടികളെ ഒപ്പംകൂട്ടി സംരക്ഷിക്കുന്നയാൾകൂടിയാണ് ബത്തേരിയിലെ എൽഡിഎഫ് സ്ഥാനാർഥി എം.എസ്. വിശ്വനാഥൻ.
3 നാടൻ നായ്ക്കുട്ടികളെയാണ് തെരുവിൽനിന്ന് എടുത്ത് വിശ്വനാഥൻ വളർത്തിയത്. പൊന്നൻ, കുഞ്ചു, ബോപ്പി എന്നിങ്ങനെയാണ് അവയുടെ പേര്.
അതിൽ രണ്ടെണ്ണം കഴിഞ്ഞദിവസം വിട്ടുപിരിഞ്ഞതിന്റെ വേദനയിലാണ് സ്ഥാനാർഥിയിപ്പോൾ. കുഞ്ചുവും ബോപ്പിയുമാണ് മിനിഞ്ഞാന്ന് വിട
പറഞ്ഞത്. പ്രചാരണത്തിന് വീട്ടിൽ നിന്നിറങ്ങുമ്പോഴാണ് മുൻവശത്ത് മുറ്റത്തായി കുഞ്ചു ചത്തു കിടക്കുന്നത് കണ്ടത്.
ബോപ്പി തലേന്ന് രാത്രിയിലും ചത്തു. മൂന്നാമൻ പൊന്നനും അവശനായിരുന്നെങ്കിലും ഇപ്പോൾ അൽപം ഉഷാറായിട്ടുണ്ടെന്ന് വിശ്വനാഥൻ പറയുന്നു.
വിഷമടങ്ങിയ ഭക്ഷണം എവിടുന്നെങ്കിലും കഴിച്ചതാണോയെന്നാണ് സംശയം.
മുൻപ് നാലും അഞ്ചും നാടൻ വളർത്തു നായ്ക്കൾ വരെ വീട്ടിലുണ്ടായിരുന്നു. ഇഷ്ടം പോലെ കോഴികളുമുണ്ട്.
കിളികളെ കൂട്ടത്തോടെ വളർത്തിയിരുന്നെങ്കിലും ഇടയ്ക്കിടെ ഓരോന്ന് ചാകുന്നത് കണ്ട് ഒരു നാൾ എല്ലാത്തിനെയും തുറന്നു വിട്ടുവെന്നും വിശ്വനാഥൻ പറയുന്നു. മത്സ്യക്കുളവും വിശ്വനാഥന്റെ കൃഷിയിടത്തിലുണ്ട്.
പ്രചാരണത്തിരക്കിലായതിനാൽ കുറച്ചുദിവസങ്ങളായി ഭാര്യ ഗീതയാണ് വീട്ടിലെ വളർത്തു ജീവികളുടെ സംരക്ഷക. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

