നീലഗിരി ജില്ലയിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടർന്ന് സുരക്ഷ മുൻനിർത്തി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പ്രശസ്ത വിനോദസഞ്ചാര കേന്ദ്രങ്ങളായ ഊട്ടിയിലേക്കുള്ള പ്രധാന പാതകളിൽ രാത്രികാല യാത്ര പൂർണ്ണമായും തടഞ്ഞു.
ഊട്ടി–മേട്ടുപ്പാളയം, ഊട്ടി–കോത്തഗിരി റോഡുകളിലാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. വൈകിട്ട് 6 മണി മുതൽ രാവിലെ 6 മണി വരെയാണ് നിരോധനം ബാധകമാക്കിയിരിക്കുന്നത്.
എന്നാൽ, അടിയന്തര സാഹചര്യങ്ങളിൽ മാത്രമായിരിക്കും ഈ പാതകളിലൂടെയുള്ള യാത്ര അനുവദിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി. മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ മുഴുവൻ വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചിടാൻ ഉത്തരവായിട്ടുണ്ട്.
കൂടാതെ, മദ്യഷാപ്പുകൾ വൈകുന്നേരം 6 മണിയോടെ അടച്ചിടാനും കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഊട്ടി പൈതൃക ട്രെയിൻ സർവീസും താൽക്കാലികമായി നിർത്തിവെച്ചു.
ഊട്ടി–മേട്ടുപ്പാളയം ദേശീയ പാതയിൽ തകർന്ന റോഡുകളുടെ നവീകരണ ജോലികൾ യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിച്ചിട്ടുണ്ട്. റോഡിലേക്ക് പതിച്ച മണ്ണും കല്ലും ജെസിബി ഉപയോഗിച്ച് നീക്കം ചെയ്തു തുടങ്ങി.
മഞ്ചൂർ മേഖലയിൽ മഴ ശക്തമായതിനെ തുടർന്ന് ഊട്ടി– മഞ്ചൂർ റോഡിലും മണ്ണിടിച്ചിൽ ഉണ്ടാവുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. പ്രദേശത്ത് മഴ ശക്തമായി തുടരുന്നതിനാൽ പൊതുജനങ്ങൾ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വിനോദ സഞ്ചാരികൾ ഊട്ടിയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് നേരത്തെ നിർദ്ദേശം നൽകിയിരുന്നെങ്കിലും, കേരളത്തിൽ നിന്നെത്തിയ ചില സഞ്ചാരികൾ ഇവിടേക്ക് എത്തിച്ചേർന്നിരുന്നു. ഇവരെ പൊലീസ് വിവിധ കേന്ദ്രങ്ങളിൽ തടയുകയും തിരികെ അയക്കുകയും ചെയ്തു.
ഊട്ടിയിലേക്കുള്ള റോഡുകളുടെ ഇരുവശങ്ങളിലുമുള്ള ഉണങ്ങിയ മരങ്ങൾ അപകടാവസ്ഥയിലാണ് നിലനിൽക്കുന്നത്. ശക്തമായ കാറ്റിൽ ഈ മരങ്ങൾ റോഡിലേക്ക് ഒടിഞ്ഞുവീഴുന്നുണ്ട്.
അതിനാൽ യാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് പൊലീസ് കർശന നിർദ്ദേശം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

