പുൽപള്ളി ∙ കബനിയിലെ ബീച്ചനഹള്ളി അണക്കെട്ടിൽ സൂക്ഷിച്ചിരുന്ന വെള്ളം കൃഷിയാവശ്യത്തിനു തുറന്നുവിട്ടതോടെ പുഴയിലെ ജലനിരപ്പ് വേഗത്തിൽ താഴുന്നു. ഒരാഴ്ചയ്ക്കിടെയാണ് കാര്യമായി വെള്ളം കൊണ്ടുപോയതെന്നു പറയുന്നു.
കർണാടകയിലെ ബീച്ചനഹള്ളിയിൽ നിന്ന് സർഗൂർ, നഞ്ചൻഗോഡ്, കൊള്ളഗൽ, ടി.നരസിപ്പുര ഭാഗത്തേക്കാണ് വെള്ളമൊഴുക്കുന്നത്. കനാലുകളിലെത്തുന്ന വെള്ളം പാടത്തേക്കും ചിറകളിലേക്കും തിരിച്ചുവിടുന്നു.കർണാടകയിൽ ഏറ്റവുമധികം ജലക്ഷാമം നേരിടുന്ന ചാമരാജ് നഗർ ജില്ലയിലെ ചിറകളിൽ വെള്ളംനിറച്ച് കിണറുകളിലും കുടിവെള്ള സ്ത്രോതസുകളിലും ജലലഭ്യത ഉറപ്പുവരുത്തുന്ന പദ്ധതികൾ സർക്കാർ തയാറാക്കിയിട്ടുണ്ട്.
കബനിയിലൂടെയെത്തുന്ന വെള്ളം കൃത്യമായി ഉപയോഗിക്കുന്നതിനാൽ ആയിരക്കണക്കിനേക്കർ സ്ഥലത്തെ കൃഷിയും കുടിവെള്ള വിതരണവും കാര്യക്ഷമമാകുന്നു.
വയനാട് ഉൾപ്പെടുന്ന വൃഷ്ടിപ്രദേശങ്ങളിൽ നിന്നൊഴുകിയെത്തുന്ന വെള്ളമാണ് കർണാടകയിലെ ബീച്ചനഹള്ളി അണക്കെട്ടിൽ സംഭരിക്കുന്നത്. പരമാവധി ശേഷിയിൽ സംഭരിക്കുന്ന ജലം വേനൽക്കാല ഉപയോഗത്തിനു കരുതിവയ്ക്കും.ബെംഗ്ളൂരു നഗരത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ രണ്ടുവർഷം മുൻപ് കബനിയിൽ നിന്നാണ് വെള്ളം കൊണ്ടുപോയത്.
കൊള്ളഗാലിലെത്തുന്ന വെള്ളം വലിയ സംഭരണികളിൽ ശേഖരിച്ച് പല ഘട്ടങ്ങളിലൂടെ പമ്പ് ചെയ്താണ് നഗരത്തിലെത്തിച്ചിരുന്നത്.
കബനിയിലെ ജലനിരപ്പ് വേഗത്തിൽ താഴുന്നത് ഇരുകരകളിലെയും കർഷകരെ ആശങ്കപ്പെടുത്തുന്നുണ്ട്. കിണറുകളിൽ വെള്ളം കുറയുന്നതിനു പുറമെ കുടിവെള്ളത്തിനുള്ള പമ്പിങും തടസപ്പെടാനിടയുണ്ട്.വെള്ളം താഴ്ന്നതോടെ പുഴയിലെ പാറക്കെട്ടുകൾ
തെളിഞ്ഞുതുടങ്ങി.
വൈകാതെ ആളുകൾക്ക് പാറയിലൂടെ അക്കരെ കടക്കാനാവും.വയനാട്ടിൽ നിന്നൊഴുകിയെത്തുന്ന വെള്ളം കർണാടകയിൽ ഫലപ്രദമായി ഉപയോഗിക്കുമ്പോൾ ഇവിടെ പുഴയോരത്തെ പാടങ്ങൾ വിണ്ടുകീറി കിടക്കുന്നു. പുഞ്ചകൃഷി ചെയ്തിരുന്ന 500 ഏക്കറിലധികം പാടം തരിശായി.
പുഴയിൽ നിന്നു വെള്ളമെടുക്കാനുള്ള സംവിധാനങ്ങൾ പരാജയപ്പെട്ടതാണ് കാരണം. നിലവിലുള്ള ചെറിയ പദ്ധതികൾ തകരാറിലായിതിനു പുറമെ പ്രഖ്യാപിക്കപ്പെട്ടവയും നടപ്പായില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

