തിരുനെല്ലി ∙ തിരുനെല്ലി മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രവർത്തനം ആറളത്തേക്കു മാറ്റാനുള്ള തീരുമാനം ഇനിയും നടപ്പിലായില്ല. അപകടാവസ്ഥയിലായ കെട്ടിടത്തിൽനിന്നു പ്രവർത്തനം മാറ്റണമെന്ന ആവശ്യത്തിന് എറെ പഴക്കമുപണ്ട്.
257 വിദ്യാർഥികളും 49 ജീവനക്കാരും ആണ് ഇവിടെ ഉള്ളത്.
മുൻപ് പ്രീമെട്രിക് ഹോസ്റ്റൽ ആയി പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് 2000ൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ ആയി മാറിയപ്പോൾ പെൺകുട്ടികളുടെ ഹോസ്റ്റലായി മാറ്റിയത്. കാലപ്പഴക്കത്താൽ ഇൗ കെട്ടിടം ഉപയോഗശൂന്യമായതോടെ ഇവിടെയുള്ള 114 പെൺകുട്ടികളുടെ താമസം താൽക്കാലികമായി ക്ലാസ് മുറികളിലേക്കു മാറ്റുകയായിരുന്നു.
മതിയായ ശുചിമുറി സൗകര്യം പോലും കെട്ടിടത്തിൽ ഇല്ലാത്തത് വിദ്യാർഥിനികളെ ഏറെ വലയ്ക്കുന്നുണ്ട്.
തിരുനെല്ലി മോഡൽ റസിഡൻഷ്യൽ സ്കൂൾ മക്കിമലയിലേക്ക് മാറ്റാൻ കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് തീരുമാനിച്ചിരുന്നു. ഇവിടെ കോടികൾ ചെലവഴിച്ച് നിർമാണം തുടങ്ങിയ കെട്ടിടം കാട് മൂടി നശിക്കുകയാണ്.
അതിനിടയിലാണ് സ്കൂളിന്റെ ശോചനീയാവസ്ഥ കണക്കിലെടുത്ത് ആറളം ഫാമിലേക്ക് മാറ്റാൻ തീരുമാനിച്ചത്. ജൂലൈ അവസാനത്തോടെ ഇവിടേക്ക് മാറാൻ തീരുമാനിച്ചെങ്കിലും വൈദ്യുതി കണക്ഷൻ ഇല്ലാത്തത് തടസ്സമായി.
അതിനിടെ തിരുനെല്ലിയിൽ നിന്ന് സ്കൂൾ മാറ്റുന്നതിന് എതിരെ കോൺഗ്രസ് പ്രതിഷേധവുമായി രംഗത്ത് വന്നു. ജില്ലയിൽ തന്നെ സുരക്ഷിതമായ സ്ഥലം കണ്ടെത്തി സ്കൂൾ അവിടേക്ക് മാറ്റണമെന്നായിരുന്നു കോൺഗ്രസിന്റെ ആവശ്യം. സ്കൂൾ മാറ്റാൻ കഴിയാത്ത സാഹചര്യത്തിൽ ആറളത്ത് അടിയന്തരമായി ട്രാസ്ഫോർമർ സ്ഥാപിച്ച് വൈദ്യുതി കണക്ഷൻ എടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ഇതിനായി 21 ലക്ഷം രൂപ പട്ടിക വർഗ വകുപ്പ് അനുവദിച്ചു. എത്രയും വേഗം വൈദ്യുതി കണക്ഷൻ ലഭിക്കുമെന്നും തിരുനെല്ലി മോഡൽ റസിഡൻഷ്യൽ സ്കൂൾ ആറളത്തേക്ക് മാറ്റുമെന്നും അധികൃതർ വ്യക്തമാക്കി.
തിരുനെല്ലി റസിഡൻഷ്യൽ സ്കൂളിലെ ശോചനീയാവസ്ഥ; യുവമോർച്ച പ്രവർത്തകർ ട്രൈബൽ ഓഫിസ് ഉപരോധിച്ചു
മാനന്തവാടി ∙ തിരുനെല്ലിയിലെ ആശ്രമം റസിഡൻഷ്യൽ സ്കൂളിലെ പെൺകുട്ടികളെ 3 ക്ലാസ് മുറികളിൽ താമസിപ്പിച്ചതിലും സ്കൂളിന്റെ ശോചനീയാവസ്ഥയിലും പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ മാനന്തവാടിയിലെ ട്രൈബൽ ഓഫിസ് ഉപരോധിച്ചു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വിൽഫ്രഡ് ജോസ് ഉദ്ഘാടനം ചെയ്തു. യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ സി.അഖിൽ പ്രേം, കെ.മോഹൻദാസ്, സുമ രാമൻ, അഖിൽ കേളോത്ത്, നിധീഷ് ലോകനാഥ്, ശ്രീജിത്ത് കണിയാരം, അരുൺ രമേശ്, രൂപേഷ് പിലാക്കാവ്, പി.ജി.രാഖിൽ, ദിലീപ് കണിയാരം എന്നിവർ പ്രസംഗിച്ചു.
മനുഷ്യാവകാശ കമ്മിഷനും ബാലാവകാശ കമ്മിഷനും പരാതി നൽകി കെഎസ്യു
കൽപറ്റ ∙ തിരുനെല്ലി മോഡൽ റസിഡൻഷ്യൽ സ്കൂളിലെ 127 വിദ്യാർഥിനികൾക്കു താമസസൗകര്യത്തിലെയും ശുചിമുറി സംവിധാനത്തിലെയും അപര്യാപ്തതയടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാണിച്ച് കെഎസ്യു ജില്ലാ കമ്മിറ്റി ദേശീയ മനുഷ്യാവകാശ കമ്മിഷനും ദേശീയ ബാലാവകാശ കമ്മിഷനും പരാതി നൽകി.
അടിസ്ഥാനപരമായ സൗകര്യങ്ങൾ പോലും ഇല്ലാത്ത രീതിയിലാണ് ഏറെക്കാലമായി ഈ വിദ്യാർഥിനികൾ കഴിയുന്നത്.
പട്ടികവർഗ വകുപ്പ് മന്ത്രിയുടെ മൂക്കിന്റെ തുമ്പത്ത് സ്വന്തം പഞ്ചായത്തിലെ സ്ഥാപനമായിട്ടു പോലും വിദ്യാർഥികൾക്ക് ഈ ഗതി വന്നതു മന്ത്രിയുടെ നിരുത്തരവാദിത്തം മൂലമാണ്.മന്ത്രി സകലമാന സൗകര്യങ്ങളും ആസ്വദിക്കുമ്പോൾ തന്റെ വകുപ്പിന്റെ കീഴിലെ മോഡൽ റസിഡൻഷ്യൽ വിദ്യാലയത്തിലെ വിദ്യാർഥിനികളുടെ ദുരവസ്ഥ ഖേദകരമാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധത്തിനു രൂപം നൽകുമെന്നും നേതാക്കൾ പറഞ്ഞു.
മന്ത്രിയുടെ വീഴ്ചയെന്ന്
പുൽപള്ളി ∙ പട്ടികവിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കേണ്ട
മന്ത്രി ഒ.ആർ. കേളുവിന്റെ പഞ്ചായത്തിലെ തിരുനെല്ലി ആശ്രാമം സ്കൂളിലെ 127 പട്ടികവർഗ പെൺകുട്ടികൾ മൂന്നു ക്ലാസ് മുറികളിൽ ദുരിതജീവിതം കഴിക്കേണ്ടിവരുന്നുവെന്നത് സങ്കടകരവും പ്രതിഷേധാർഹവുമാണെന്ന് കെപിസിസി ജനറൽസെക്രട്ടറി കെ.എൽ.
പൗലോസ് ആരോപിച്ചു. ദുരവസ്ഥ അവഗണിക്കുന്ന മന്ത്രി ഒ.ആർ.
കേളുവിന്റെ സമീപനം പ്രതിഷേധാർഹമാണെന്നും മനുഷ്യാവകാശ കമ്മിഷനും ബാലവകാശ കമ്മിഷനും ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

