പുൽപള്ളി ∙ കബനിയുടെ കൈവഴിയായ കന്നാരംപുഴയിലേക്ക് വീട് ഇടിഞ്ഞുകൊണ്ടിരിക്കുന്ന, വണ്ടിക്കടവ് ഉന്നതിയിലെ കുടുംബങ്ങളെ മാറ്റിപാർപ്പിക്കണമെന്ന ആവശ്യം ശക്തം. കർണാടക വനാതിർത്തിയിലെ നിന്നുതിരിയാനിടമില്ലാത്ത ഈസങ്കേതത്തിൽ 17 വീടുകളിലായി കഴിയുന്നത് 25 കുടുംബങ്ങളാണ്. പുഴയോടു ചേർന്നുതാമസിക്കുന്ന ചിന്നു, കറപ്പി എന്നിവരുടെ വീടുകൾ ഏതുസമയത്തും പുഴയിലേക്ക് ഇടിയുമെന്ന സ്ഥിതി.
ചെതലയം വനമേഖലയിൽ കനത്തമഴ പെയ്താൽ കരകവിയുന്ന കന്നാരംപുഴയിലേക്ക് ഇവരുടെ വീടുകളുടെ തറയുടെ ഒരുഭാഗം പലപ്പോഴായി ഇടിഞ്ഞുവീണിരുന്നു.
ദുരിതക്കയത്തിനു നടുവിലാണ് ഇവരുടെവാസം. പകൽ പോലും ആനയും കടുവയും കാടിറങ്ങുന്ന പ്രദേശമാണിത്.
ഇവിടുത്തെ 17 വീടുകളിൽ വാസയോഗ്യമായത് 13 എണ്ണം മാത്രം. ശോഭന,ബിന്ദു എന്നിവർ വീടു തകർന്നുവീഴുമെന്ന ഭയത്താൽ ബന്ധുവീട്ടിലേക്ക് താമസംമാറി.
ഇവരുടേത് ഉൾപ്പെടെ പലരുടെയും വീട് അപകടാവസ്ഥയിലാണ്. പണ്ട് കോൺക്രീറ്റ്ചെയ്ത വീടുകളെല്ലാം ചോരുന്നു.
തറയും ഭിത്തിയും വിണ്ടുകീറി.
പിഎംഎവൈ പദ്ധതയിൽ വീട് നിർമാണത്തിന് നടപടികളായെങ്കിലും മണ്ണിടിച്ചിലും വന്യമൃഗശല്യവുമുള്ള ഇവിടെ വീട് നിർമിക്കാനാവില്ലെന്ന് അധികൃതർ പറയുന്നു. ചിന്നു, കറപ്പി എന്നിവർക്ക് വീട് വയ്ക്കാനുള്ള സ്ഥലം പുഴയിൽ നിന്നു വീണ്ടെടുക്കണം.ഇവിടെനിന്നു സുരക്ഷിത സ്ഥലത്തേക്കുമാറ്റി പാർപ്പിക്കണമെന്ന ആവശ്യം ഉന്നതിയിലെ താമസക്കാർ ശക്തമായി ഉന്നയിക്കുന്നതാണ്.
പുഴ, പുറമ്പോക്ക് പ്രദേശങ്ങളിലെ താമസക്കാരെ പുനരധിവസിപ്പിക്കാൻ വിവിധ പദ്ധതികളുണ്ടെങ്കിലും ഇവരുടെ കാര്യത്തിൽ നടപടിയില്ല.
വണ്ടിക്കടവ് ഉന്നതിയിൽ അടിസ്ഥാന സൗകര്യമൊരുക്കാനും ഇവർക്ക് തൊഴിലവസരത്തിനും പദ്ധതികൾ തയാറാക്കണമെന്ന് വർഷങ്ങൾക്കു മുൻപ് ഇവിടം സന്ദർശിച്ച കേന്ദ്രസംഘം ശുപാർശ ചെയ്തിരുന്നു. കലക്ടർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും ഇവരുടെ പ്രയാസങ്ങൾ നേരിട്ടു മനസ്സിലാക്കിയിരുന്നു.
വണ്ടിക്കടവിൽ ജോലിക്കും വരുമാനത്തിനും സാഹചര്യമില്ലാത്തതിനാൽ വേറെ സ്ഥലത്തേക്കു മാറ്റിയാൽ കൂലിപ്പണിയെങ്കിലും ചെയ്തു ജീവിക്കാമായിരുന്നെന്നും ഉന്നതിയിലുള്ളവർ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

