മേപ്പാടി ∙ ഭാര്യയെയും ഭാര്യാമാതാവിനെയും ഉപദ്രവിച്ചെന്ന പരാതി പ്രകാരം യുവാവിനെ കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ചു പരുക്കേൽപ്പിച്ചു. മേപ്പാടി എസ്ഐ പി.രജിത്ത്, സിവിൽ പൊലീസ് ഓഫിസർ എഫ്.പ്രമോദ് എന്നിവരെയാണ് തൃക്കൈപ്പറ്റ മാമലക്കുന്ന് സ്വദേശി സദക്കത്തുല്ല (39) ആക്രമിച്ചു പരുക്കേൽപിച്ചത്. കഴിഞ്ഞ 15ന് രാത്രിയിലാണ് സംഭവം.
ഇയാൾ എസ്ഐ രജിത്തിന്റെ കൈ പിടിച്ചു തിരിക്കുകയും സിവിൽ പൊലീസ് ഓഫിസറുടെ മുഖത്ത് ഇടിക്കുകയും വയറിന് ചവിട്ടുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി.
സദക്കത്തുല്ല ആക്രമിച്ചു പരുക്കേൽപിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്തതെന്ന ഭാര്യ ബിന്ദുവിന്റെ പരാതിയിൽ ഇയാൾക്കെതിരെ ഗാർഹിക പീഡനത്തിനും വധശ്രമത്തിനും കൂടാതെ പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തു. ഇയാൾ സ്ഥിരമായി മദ്യപിച്ചെത്തി തന്നെയും മാതാവിനെയും ഉപദ്രവിക്കാറുണ്ടെന്നും സംഭവം നടന്ന ദിവസം തടഞ്ഞു വച്ചു കഴുത്തിനു കുത്തി പിടിച്ചു കൈ കൊണ്ടും കല്ലിന്റെ ഉരൽകുട്ടി കൊണ്ടും നെഞ്ചിൽ ഇടിച്ചു പരുക്കേൽപ്പിച്ചെന്നും കത്തി കൊണ്ടു കൊല്ലാൻ ശ്രമിച്ചെന്നും ബിന്ദു പരാതിയിൽ പറയുന്നു.
ബിന്ദുവിന് സുഖമില്ലാത്തതിനെ തുടർന്ന് ഡോക്ടറെ കാണിക്കുന്നതിനായി താനറിയാതെ ബുക്ക് ചെയ്ത വിരോധത്തിലാണു പ്രതി അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഭർത്താവ് സദക്കത്തുല്ല കൊല്ലാൻ ശ്രമിക്കുന്നെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് എമർജൻസി നമ്പറായ 112ൽ ബിന്ദു വിളിച്ചു പറഞ്ഞതു പ്രകാരമാണ് പൊലീസെത്തിയത്.
പൊലീസ് വീട്ടിലെത്തിയപ്പോൾ അക്രമാസക്തനായ നിലയിലായിരുന്നു പ്രതി. ഇയാളെ അനുനയിപ്പിക്കുന്നതിനായി എസ്ഐ രജിത്ത് സംസാരിക്കുന്നതിനിടെ എസ്ഐയുടെ കൈ പിടിച്ചു തിരിക്കുകയും തള്ളി മാറ്റുകയും ആക്രമിക്കുകയുമായിരുന്നു.
ഇതുതടയാൻ ശ്രമിച്ചപ്പോഴാണു സിപിഒ പ്രമോദിന് മർദനമേറ്റത്. തുടർന്ന് ബലം പ്രയോഗിച്ചു പ്രതിയെ പിടികൂടി കൽപറ്റ ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തി. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി.
സദക്കത്തുല്ല ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]