അമ്പലവയൽ ∙ കൊട്ടിഘോഷിച്ചു നടപ്പാക്കിയ ടുക് ടുക് ടൂറിസം പദ്ധതി പൂർണമായും കട്ടപ്പുറത്ത്. വയനാട്ടിലെത്തുന്ന സഞ്ചാരികൾക്ക് ഓട്ടോറിക്ഷയിൽ കറങ്ങി നാടു കാണാനും ആസ്വദിക്കാനും അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണു പദ്ധതി ആരംഭിച്ചത്.
എന്നാൽ, ഡിടിപിസിയുടെ നേതൃത്വത്തിൽ നടന്ന പദ്ധതി പ്രഖ്യാപനത്തിനും ചില പരിശീലന ക്ലാസുകൾക്കുമപ്പുറം ടുക് ടുക് ഓട്ടോ മുൻപോട്ട് പോയില്ല. വിനോദ സഞ്ചാരികളെ ഒാട്ടോയിൽ വിവിധ കേന്ദ്രങ്ങളിൽ കുറഞ്ഞ പണച്ചെലവിൽ എത്തിക്കുകയെന്നതായിരുന്നു ലക്ഷ്യം.
അതിലൂടെ ഓട്ടോ ഡ്രൈവർമാർക്ക് കൂടുതൽ വരുമാനവും ജില്ലയിലെ ടൂറിസത്തിന്റെ വളർച്ചയും സാധ്യമാകുമെന്നും അധികൃതർ അവകാശപ്പെട്ടിരുന്നു.
എന്നാൽ, 2018ൽ തുടക്കകാലത്ത് ടൗണുകൾ കേന്ദ്രീകരിച്ച് ഒാട്ടോ ഡ്രൈവർമാർക്ക് പരിശീലനം നൽകിയിരുന്നെങ്കിലും ഇപ്പോൾ ഏറെക്കാലമായി ഇതുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനവും നടക്കുന്നില്ല.
ഡിടിപിസിയുടെ വെബ് സൈറ്റിൽ ടുക് ടുക് പദ്ധതിയിൽ അംഗങ്ങളായ ഒാട്ടോ ഡ്രൈവർമാരുടെ പേരും മൊബൈൽ നമ്പറും വാഹനത്തിന്റെ നമ്പറും പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും അതുമായി ബന്ധപ്പെട്ട് ഒാട്ടം ലഭിക്കാറില്ലെന്ന് ഒാട്ടോ ഡ്രൈവർമാർ പറയുന്നു.
പ്രതീക്ഷകൾ മങ്ങി,ഓട്ടമില്ലാതെ ഒാട്ടോകൾ
ഒാട്ടോയിൽ വയനാട് ചുറ്റാൻ എത്തുന്നവർക്ക് വാഹനം ലഭിക്കാൻ വെബ് സൈറ്റിൽ നമ്പറുകൾ ഉൾപ്പെടുത്തിയതൊഴിച്ചാൽ പിന്നീട് പദ്ധതിക്കായി ഒരു പ്രവർത്തനവും മുൻപോട്ട് പോകാത്തതാണ് പ്രതിസന്ധി. പദ്ധതിയുടെ ഭാഗമായ ഒാട്ടോകൾക്ക് സ്റ്റിക്കറുകൾ, ഡ്രൈവർമാർക്ക് ഐഡന്റിറ്റി കാർഡുകൾ എന്നിവയെല്ലാം നൽകുമെന്ന പ്രഖ്യാപനവും വെറുതെയായി.
പദ്ധതി ആരംഭിച്ചിട്ട് വർഷങ്ങളായെങ്കിലും ഡിടിപിസിയുടെ സൈറ്റിൽ നിന്ന് നമ്പറെടുത്ത് ടുക് ടുക് ഒാട്ടോയിൽ നാടുകാണാനിറങ്ങിയ സഞ്ചാരികളുടെ എണ്ണം വർഷങ്ങളായിട്ടും കുറവാണ്.
എന്നാൽ, ചില ഒാട്ടോ ഡ്രൈവർമാർ സ്വന്തം നിലയിൽ ടുക് ടുക് മാതൃകയിൽ വിനോദ സഞ്ചാരികളെ ഒാട്ടോയിൽ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്കു കൊണ്ടുപോകുന്നുണ്ട്.ഇവരെ അന്വേഷിച്ച് സഞ്ചാരികൾ ഏറെയെത്തുന്നതിനാൽ ഇവർക്ക് നല്ല വരുമാനവും ലഭിക്കുന്നുണ്ട്.എന്നാൽ, കാര്യക്ഷമതയില്ലാത്തതിനാലും കൃത്യമായ തുടർനടപടികളും ആവിഷ്കരിക്കാത്തതിനാലും ഡിടിപിസിയുടെ ടുക് ടുക് പദ്ധതി പാതിവഴിയിലായി. നല്ല വരുമാനവും ഒാട്ടവും പ്രതീക്ഷിച്ച ഒാട്ടോ ഡ്രൈവർമാരും നിരാശരായി.
ജില്ലയിൽ വിനോദ സഞ്ചാര മേഖലയിൽ പ്രധാനപ്പെട്ട പദ്ധതിയാകേണ്ടിയിരുന്ന ടുക് ടുക് കാര്യമായി മുൻപോട്ട് പോകാതെ അവസാനിക്കുകയാണ്.
റജിസ്റ്റർ ചെയ്തഓട്ടോകളുടെ എണ്ണം
അമ്പലവയൽ-30
ബത്തേരി-20
വൈത്തിരി-35
മാനന്തവാടി-30
അമ്പലവയൽ, ബത്തേരി, വൈത്തിരി, മാനന്തവാടി ടൗണുകളിലായി 115 ഒാട്ടോകളുടെയും ഡ്രൈവർമാരാണ് പദ്ധതിയുടെ ഭാഗമായി ഡിടിപിസിയുടെ ലിസ്റ്റിലുള്ളത്.
അതിൽ മാനന്തവാടിയിലെ ലിസ്റ്റിൽ പേരുണ്ടെങ്കിലും പലരുടെയും മൊബൈൽ നമ്പർ അടക്കമുള്ള വിശദാംശങ്ങളില്ല. പദ്ധതി തുടങ്ങിയ ആദ്യഘട്ടത്തിൽ മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിക്കുമെന്നും നിശ്ചിത ഇടവേളകളിൽ പരിശീലനം നൽകുമെന്നും വാഗ്ദാനം ഉണ്ടായിരുന്നെങ്കിലും അതൊന്നും കാര്യക്ഷമമായി നടപ്പായില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

