കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) ഉന്നത പദവിയിലേക്ക് മലയാളി ഐആർഎസ് ഉദ്യോഗസ്ഥനായ ഡോ. സി.
അനീസിനെ നിയമിച്ചു. അഡീഷണൽ ഡയറക്ടർ എന്ന സുപ്രധാന ചുമതലയിലാണ് 2013 ബാച്ച് ഇന്ത്യൻ റവന്യൂ സർവീസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം നിയമിതനായത്.
ഇതിനുമുമ്പ് കസ്റ്റംസ് ഇന്റലിജൻസിലും എൻസിബിയിലും വിവിധ തലങ്ങളിൽ പ്രവർത്തിച്ച് അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇന്ത്യ-പാകിസ്താൻ അതിർത്തി വഴി വ്യാപകമായി ലഹരിമരുന്ന് കടത്തുന്ന മാഫിയാ സംഘങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ഉദ്യോഗസ്ഥനാണ് ഡോ.
സി. അനീസ്.
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അതിർത്തി മേഖലകളിൽ നടന്ന നിരവധി ലഹരിവേട്ടകൾ രാജ്യശ്രദ്ധ ആകർഷിച്ചിരുന്നു. കൂടാതെ, കസ്റ്റംസ് കെ-9 സ്ക്വാഡുകളെ ഏകോപിപ്പിച്ച് രാജ്യത്തെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും നടത്തിയ കർശന പരിശോധനകളിലൂടെ 600 കിലോഗ്രാമിലധികം മാരക ലഹരിവസ്തുക്കൾ പിടികൂടാൻ സാധിച്ചത് അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിലെ നേട്ടമാണ്.
അന്താരാഷ്ട്ര തലത്തിലും ഇന്ത്യയുടെ പ്രതിനിധിയായി ശ്രദ്ധേയമായ പങ്കുവഹിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ബ്രിക്സ്, ബിംസ്റ്റെക്, ആസിയാൻ, കൊളംബോ സെക്യൂരിറ്റി കൗൺസിൽ തുടങ്ങിയ ഉന്നതതല ആഗോള വേദികളിൽ ഇന്ത്യൻ സംഘത്തിന്റെ ഭാഗമായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
മലപ്പുറം തേഞ്ഞിപ്പലം സ്വദേശിയായ ഡോ. സി.
അനീസ്, കാലിക്കറ്റ് സർവകലാശാല മുൻ ഡെപ്യൂട്ടി രജിസ്ട്രാർ മൊയ്തുക്കുട്ടി സി., കെ.പി. ഫാത്തിമക്കുട്ടി എന്നിവരുടെ മകനാണ്.
കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയത്തിൽ അസിസ്റ്റന്റ് കമ്മീഷണറായ ഡോ. അനി അനീസാണ് ഭാര്യ.
ലഹരി മാഫിയകൾക്കെതിരെ എൻസിബി നടത്തുന്ന പ്രവർത്തനങ്ങൾക്ക് ഡോ. സി.
അനീസിന്റെ അനുഭവസമ്പത്തും കർക്കശമായ നടപടിക്രമങ്ങളും വലിയ കരുത്താകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

