മാനന്തവാടി ∙ തിരുനെല്ലി മോഡൽ റസിഡൻഷ്യൽ സ്കൂൾ (ആശ്രമം സ്കൂൾ) ഇന്നു മുതൽ കണ്ണൂർ ജില്ലയിലെ ആറളത്തേക്കു പ്രവർത്തനം മാറ്റും. ഇന്നലെ വിദ്യാർഥികളെ ആറളത്തേക്ക് മാറ്റി.
9 കെഎസ്ആർടിസി ബസുകളിലായി വിദ്യാർഥികളെയും രക്ഷിതാക്കളെയും ജീവനക്കാരെയും അടക്കം 522 പേരെയാണ് ആറളത്തേക്കു കൊണ്ടുപോയത്. വിദ്യാർഥികളെ ഹോസ്റ്റലിൽ ആക്കിയ ശേഷം അവിടുത്തെ സ്ഥല സൗകര്യങ്ങൾ നേരിട്ടു കണ്ട
രക്ഷിതാക്കൾ അതേ ബസിൽ മടങ്ങി. കണിയാമ്പറ്റയിൽ നിന്ന് ഒന്നും തിരുനെല്ലിയിൽ നിന്ന് 8ഉം ബസുകളാണ് ഒരുക്കിയിരുന്നത്.
തിരുനെല്ലിയിലെ ശുചിമുറികളുടെയും മറ്റും അപര്യാപ്തത നിമിത്തം കുറച്ചു കുട്ടികളെ നേരത്തെ കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്കൂളിലേക്കു മാറ്റിയിരുന്നു.
ട്രൈബൽ ഹോസ്റ്റലായി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണു തിരുനെല്ലി മോഡൽ റസിഡൻഷ്യൽ സ്കൂൾ 25 വർഷം മുൻപ് ആരംഭിച്ചത്. ഇവിടെ സ്ഥല സൗകര്യങ്ങളുടെ അപര്യാപ്തത നിമിത്തം ഈ വിദ്യാലയം മക്കിമലയിലേക്കു മാറ്റാൻ മുൻപ് യുഡിഎഫ് സർക്കാർ തീരുമാനിച്ചിരുന്നു.
ഇതിനായി മക്കിമലയിൽ കെട്ടിട നിർമാണം ആരംഭിക്കുകയും ചെയ്തു.
കോടികൾ മുടക്കിയ കെട്ടിട
നിർമാണം പാതി വഴിയിൽ നിലച്ചു. ഇതേ തുടർന്നാണ് സ്കൂളിന്റെ പ്രവർത്തനം താൽക്കാലികമായി ആറളം ഫാമിലെ പുനരധിവാസ മേഖലയിലെ ഏഴാം നമ്പർ ബ്ലോക്കിൽ മോഡൽ റസിഡൻഷ്യൽ സ്കൂളിനായി നിർമിച്ച കെട്ടിടത്തിലേക്കു മാറ്റിയത്.
കിഫ്ബി ഫണ്ടിൽ നിന്ന് 17.39 കോടി രൂപ മുടക്കിയാണ് ഇവിടെ കെട്ടിടം നിർമിച്ചത്. വൈദ്യുതീകരണം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളും ഇവിടെ പൂർത്തീകരിച്ചു.
ഇന്നു നടക്കുന്ന പ്രവേശന ഉത്സവത്തിൽ മന്ത്രി ഒ.ആർ.കേളു അടക്കമുള്ളവർ പങ്കെടുക്കും.
മോഡൽ റസിഡൻഷ്യൽ സ്കൂളിൽ നിന്ന് ആറളത്തേക്കു കുട്ടികളെ മാറ്റുന്നതിന് ടിഡിഒ എം.മജീദ്, അസി. ടി.കെ.മനോജ്, പ്രിൻസിപ്പൽ ടി.എസ്.രാധിക, സൂപ്രണ്ട് ജയൻ നാലുപുരയ്ക്കൽ എന്നിവർ നേതൃത്വം നൽകി. ആറളത്ത് 2021ൽ പണി പൂർത്തിയാക്കിയ കെട്ടിടങ്ങൾ അടഞ്ഞ് കിടക്കുകയായിരുന്നു.
350 കുട്ടികൾക്കു താമസിച്ചു പഠിക്കാനുള്ള സൗകര്യങ്ങൾ ഉണ്ട്. ആധുനിക അടുക്കള, ഭക്ഷണശാല, ശുചിമുറി ബ്ലോക്കുകൾ, പഠനമുറി, ലബോറട്ടറി, കംപ്യൂട്ടർ മുറി തുടങ്ങിയവയുമുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

