മാനന്തവാടി നഗരത്തിലെ രൂക്ഷമായ രാത്രികാല ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി വൺവേ സംവിധാനത്തിന്റെ സമയം ദീർഘിപ്പിച്ച് ഉത്തരവായി. ഗതാഗത ക്രമീകരണ സമിതി യോഗം കൈക്കൊണ്ട
പുതിയ തീരുമാനപ്രകാരം, ഇനി മുതൽ രാവിലെ 8 മണി മുതൽ രാത്രി 9 മണി വരെ നഗരത്തിൽ വൺവേ സംവിധാനം നിലവിലുണ്ടായിരിക്കും. നഗരത്തിൽ രാത്രികാലങ്ങളിൽ വർധിച്ചുവരുന്ന വാഹനത്തിരക്ക് മൂലം വലിയ ഗതാഗത സ്തംഭനമാണ് പതിവായി ഉണ്ടാകുന്നത്.
മൈസൂരു റോഡിൽ രാത്രി വേളകളിൽ ആംബുലൻസുകൾക്ക് പോലും കടന്നുപോകാൻ കഴിയാത്ത തരത്തിലുള്ള ദുരിത സാഹചര്യമാണ് നിലവിലുള്ളത്. ഈ വിഷയത്തിൽ ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പുറത്തുവന്നതിനെ തുടർന്നാണ് അധികൃതർ അടിയന്തരമായി ഗതാഗത ക്രമീകരണ സമിതി യോഗം ചേർന്നത്.
വൺവേ സമയം വരുന്ന ഈ മാസം 10 മുതൽ രാവിലെ 8 മുതൽ രാത്രി 9 വരെയായി ദീർഘിപ്പിക്കുന്നതിന് പൊലീസിന്റെ സജീവ സഹായം തേടിയിട്ടുണ്ട്. നിലവിൽ ടൗണിൽ ഗതാഗത നിയന്ത്രണത്തിനായി ആവശ്യത്തിന് പൊലീസുകാർ ഇല്ലാത്ത സാഹചര്യമാണുള്ളത്.
സമയം ദീർഘിപ്പിച്ച പശ്ചാത്തലത്തിൽ കൂടുതൽ പൊലീസുകാരെ വിന്യേണ്ടി വരും. ഇതിനിടെ, ഈ മാസം 14 മുതൽ ക്ലബ്കുന്നിലെ പുതിയ കെട്ടിടത്തിലേക്ക് നഗരസഭ ഓഫിസിന്റെ പ്രവർത്തനം മാറ്റുകയാണെന്നും അധികൃതർ അറിയിച്ചു.
ഈ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ, ഏറെ തിരക്കേറിയതും വീതി കുറഞ്ഞതുമായ പച്ചക്കറി മാർക്കറ്റ് റോഡിലും പുതിയ വൺവേ സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതനുസരിച്ച് വാഹനങ്ങൾ ഗാന്ധി പാർക്കിൽ നിന്ന് പ്രവേശിച്ച് ചൂട്ടക്കടവ് റോഡിലേക്ക് ഇറങ്ങി വേണം കടന്നുപോകാൻ.
കൂടാതെ, ക്ലബ്കുന്ന് റോഡിലെ നടപ്പാതകളിലെ മുഴുവൻ കയ്യേറ്റങ്ങളും പൂർണ്ണമായി ഒഴിപ്പിക്കാനും യോഗത്തിൽ തീരുമാനമായി. യോഗത്തിൽ നഗരസഭാ അധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
സ്ഥിരസമിതി അധ്യക്ഷരായ ഷീജ ഫ്രാൻസിസ്, പി.വി.ജോർജ്, പി.വി.എസ്.മൂസ, ഷിബു കെ.ജോർജ്, കൗൺസിലർമാരായ എം.ആർ.രജനീഷ്, എം.പി.ശശികുമാർ, എം.എം.സജ്ന, വി.യു.ജോയി, പി.കെ.ഹംസ, ഡപ്യൂട്ടി തഹസിൽദാർ കെ.എസ്.സാലു, ട്രാഫിക് എസ്ഐ റോയി, എഎസ്ഐ എ.കെ.വിജയൻ, എഎംവി എ.ടി.സുമേഷ്, വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികളായ കെ.ജയേന്ദ്രൻ, കെ.എം. വർക്കി, സന്തോഷ് ജി.നായർ, റഷീദ് പടയൻ, വ്യാപാരി പ്രതിനിധികളായ കെ.ഉസ്മാൻ, കെ.പി.ശ്രീധരൻ, പി.വി.മഹേഷ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

