മാനന്തവാടി ∙ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർഥി നിർണയത്തിൽ പണിയ വിഭാഗത്തിന് അർഹമായ പരിഗണന നൽകണമെന്ന ആവശ്യം ഉയരുന്നു. 3 നിയമസഭാ മണ്ഡലങ്ങൾ മാത്രമാണ് ജില്ലയിൽ ഉള്ളത്.
ഇതിൽ 2 മണ്ഡലങ്ങളും പട്ടിക വർഗ സംവരണ മണ്ഡലങ്ങളായിട്ടും പട്ടിക വർഗ വിഭാഗത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള പണിയ വിഭാഗത്തെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർഥി നിർണയത്തിൽ അവഗണിക്കുകയാണ് എന്നാണ് വിമർശനം. ചരിത്രത്തിൽ ഇതുവരെ പണിയ സമുദായത്തിലെ ഒരാളും നിയമ സഭയിലോ പാർലമെന്റിലോ അംഗമായിട്ടില്ല.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും പട്ടിക വർഗത്തിനായി സംവരണം ചെയ്യുന്ന സീറ്റുകളിൽ ജനസംഖ്യയ്ക്ക് അർഹിക്കുന്ന പ്രാതിനിധ്യം പണിയ വിഭാഗത്തിന് ലഭിക്കാറില്ല. പണിയ വിഭാഗത്തിന് സംഘടിതമായ നേതൃത്വം ഇല്ലാത്തതിനാൽ
യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണികൾ ഒരിക്കൽ പോലും പണിയ വിഭാഗത്തിൽ നിന്ന് ഒരു നിയമസഭാ സ്ഥാനാർഥിയെ കണ്ടെത്താൻ ശ്രമിച്ചിട്ടില്ലെന്ന് പണിയ വിഭാഗക്കാരിയായ പൊതുപ്രവർത്തക മംഗളു പറഞ്ഞു. ഇത്തവണയെങ്കിലും ഇതിന് മാറ്റം വരണമെന്നും പണിയ സമുദായത്തെ പരിഗണിക്കാൻ തയാറാകണമെന്നും മംഗളു പറഞ്ഞു. ജില്ലയിലെ ആദിവാസി വിഭാഗങ്ങളിൽ പകുതിയോളം ആളുകൾ പണിയ വിഭാഗത്തിൽ ഉൾപ്പെടുന്നവരാണെന്ന് ഗോത്ര മേഖലയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന ഡോ.
അമ്മിണി കെ.വയനാട് ചൂണ്ടിക്കാട്ടി. എന്നാൽ സംവരണ മണ്ഡലങ്ങളിൽ ജനപ്രതിനിധികൾ എന്ന നിലയിൽ അധികാര സ്ഥാനങ്ങളിലേക്ക് കടന്നു വരുന്നത് ഇതര സമുദായ അംഗങ്ങൾ മാത്രമാണ്.
പണിയ വിഭാഗത്തിൽ നിന്ന് ഒരാളെ പോലും നിയമസഭയിലേക്ക് മത്സരിപ്പിക്കാൻ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ തയാറായിട്ടില്ല.
വിദ്യാഭ്യാസവും കഴിവും ഉള്ള മികച്ച സാമൂഹികപ്രവർത്തകർ ഇന്ന് പണിയ വിഭാഗത്തിൽ യഥേഷ്ടം ഉണ്ട്. എല്ലാ തിരഞ്ഞെടുപ്പുകളിലും പണിയരെ മാറ്റി നിർത്തുന്ന രീതിക്ക് ഇനിയെങ്കിലും മാറ്റം വരണം. ജില്ലയിൽ ഒരു ലക്ഷത്തോളം ജനസംഖ്യയുള്ള പണിയരെ മാറ്റി നിർത്തുന്ന പ്രവണത രാഷ്ട്രീയ നേതൃത്വം അവസാനിപ്പിക്കണമെന്നും അമ്മിണി പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

