വയനാട് വന്യജീവി സങ്കേതത്തിന്റെ പരിധിയിൽ നിന്ന് ശേഖരിക്കുന്ന വനവിഭവങ്ങളുടെ വിപണനം കടുത്ത നിയമക്കുരുക്കിൽ. ശേഖരിച്ച ഉത്പന്നങ്ങൾ പുറത്തേക്ക് കൊണ്ടുപോകുന്നതിന് വനംവകുപ്പ് പാസ് അനുവദിക്കാത്തതുമൂലം കല്ലൂരിലെ പട്ടികവർഗ സഹകരണ സംഘത്തിൽ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ് കെട്ടിക്കിടക്കുന്നത്.
ഏകദേശം 12 ലക്ഷം രൂപ വിലവരുന്ന കുറുന്തോട്ടിയാണ് ഇത്തരത്തിൽ വിൽക്കാനാകാതെ കിടക്കുന്നത്. നിലവിൽ 5000 കിലോ ഉണക്ക കുറുന്തോട്ടിയും 30000 കിലോ പച്ചക്കുറുന്തോട്ടിയുമാണ് സൊസൈറ്റിയിൽ സൂക്ഷിച്ചിരിക്കുന്നത്.
പാസ് ലഭിക്കുന്നത് വലിയ കടമ്പയായി മാറിയതോടെ കൽപാശം അടക്കമുള്ള മറ്റ് വനവിഭവങ്ങളുടെ ശേഖരണവും സൊസൈറ്റി പൂർണ്ണമായി നിർത്തിവച്ചിരിക്കുകയാണ്. തേൻ ശേഖരിക്കുന്നുണ്ടെങ്കിലും ഇത് റീടെയിൽ രീതിയിൽ മാത്രമാണ് ഇപ്പോൾ വിൽക്കാൻ സാധിക്കുന്നത്.
വന്യജീവി സങ്കേതങ്ങൾക്ക് പ്രത്യേക പരിരക്ഷ നൽകുന്ന വനം വന്യജീവി സംരക്ഷണ നിയമത്തിന്റെ കർശന വ്യവസ്ഥകളാണ് ഗോത്രവിഭവങ്ങൾ മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തടസ്സമാകുന്നത്. കല്ലൂർ സഹകരണ സംഘത്തിൽ ശേഖരിക്കുന്ന കുറുന്തോട്ടി ഉൾപ്പെടെയുള്ള ഔഷധസസ്യങ്ങൾ പ്രധാനമായും മരുന്ന് നിർമ്മാണ ആവശ്യങ്ങൾക്കായി ജില്ലയ്ക്കു പുറത്തുള്ള കമ്പനികളിലേക്കാണ് അയക്കുന്നത്.
ഇവ കോഴിക്കോട്ടേക്കു കൊണ്ടുപോകണമെങ്കിൽ വനംവകുപ്പിന്റെ ഔദ്യോഗിക പാസ് നിർബന്ധമാണ്. എന്നാൽ വയനാട് വന്യജീവി സങ്കേതത്തിൽ നിന്ന് പാസ് നൽകാൻ നിർവാഹമില്ലെന്നാണ് അധികൃതരുടെ വിശദീകരണം.
വന്യജീവി സങ്കേതത്തിന്റെ പരിധിയിൽ ഉൾപ്പെടാത്ത സൗത്ത്, നോർത്ത് ഡിവിഷനുകളിൽനിന്ന് ഇത്തരം പാസുകൾ അനുവദിക്കുന്നുണ്ടെങ്കിലും കല്ലൂരിലെ ഗോത്ര വിഭാഗങ്ങൾക്ക് അതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. ഏത് റേഞ്ചിൽ നിന്നാണോ വനവിഭവങ്ങൾ ശേഖരിക്കുന്നത്, അതേ റേഞ്ചിൽ നിന്ന് തന്നെ പാസ് ലഭിക്കണമെന്നാണ് നിയമം.
കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ശേഖരിച്ച കുറുന്തോട്ടിയാണ് കല്ലൂരിലെ സൊസൈറ്റിയുടെ ഗോഡൗണിൽ കെട്ടിക്കിടക്കുന്നത്. നിലവിലെ വിപണി വില അനുസരിച്ച് ഉണക്ക കുറുന്തോട്ടിക്ക് കിലോയ്ക്ക് ശരാശരി 110 രൂപയും പച്ചക്കുറുന്തോട്ടിക്ക് കിലോയ്ക്ക് 20 രൂപയുമാണ് വിലയുള്ളത്.
പാസ് നിഷേധിക്കുന്നത് വനംവകുപ്പാണെങ്കിലും തങ്ങൾ ശേഖരിക്കുന്ന കുറുന്തോട്ടി അധികവും വനത്തിനകത്തു നിന്നല്ല, മറിച്ച് എസ്റ്റേറ്റുകളിൽനിന്നും റോഡു പുറമ്പോക്കുകളിൽനിന്നും മറ്റ് സ്വകാര്യ ഇടങ്ങളിൽ നിന്നുമാണെന്ന് ഗോത്രവിഭാഗക്കാർ വ്യക്തമാക്കുന്നു. എന്നാൽ ഈ പ്രദേശങ്ങളിൽ നിന്ന് ശേഖരിക്കുന്നവയ്ക്കും പാസ് നിഷേധിക്കപ്പെടുന്നുവെന്നാണ് പ്രധാന പരാതി.
ഗോത്ര ജനതയ്ക്ക് ഉപജീവനമാർഗ്ഗമായി വനവിഭവങ്ങൾ ശേഖരിക്കാൻ അനുവാദമുണ്ടെങ്കിലും, ശേഖരിച്ച ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാനുള്ള യാത്രാനുമതി നിഷേധിക്കുന്നത് കടുത്ത നീതികേടാണെന്നാണ് ഇവരുടെ പക്ഷം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

