ഒറ്റരാത്രിയിലെ മലവെള്ളപ്പാച്ചിൽ ഒട്ടേറെപ്പേരുടെ ജീവിതയാത്ര അവസാനിപ്പിച്ചിടത്തുനിന്നു മോട്ടർ സൈക്കിൾ യാത്ര പുറപ്പെടുകയാണ്. മുണ്ടക്കൈ–ചൂരൽമല ദുരന്തഭൂമിയിലെ അതിജീവന പ്രതീകമായ ബെയ്ലി പാലത്തെ സാക്ഷിയാക്കി കണ്ണീരോർമകളിൽ നിശ്ശബ്ദമായൊരു ഫ്ലാഗ് ഓഫ്.
കാലവും പ്രകൃതിയും ചേർന്ന് മുണ്ടക്കൈയെയും ചൂരൽമലയെയും വീണ്ടും മാറ്റിമറിച്ചിരിക്കുന്നു. ഉരുൾപൊട്ടലിനു ശേഷമുള്ള പുഴയും തീരവുമല്ലിപ്പോൾ.
മണ്ണിലെ ചെളിനിറം മാഞ്ഞു.
ദുരന്തഭൂമിയിലെങ്ങും പച്ചപ്പുല്ലും കാടും വളർന്നിരിക്കുന്നു. ദുരന്തഭൂമിയിൽ സ്മാരകങ്ങളെന്നോണമുണ്ടായിരുന്ന കെട്ടിടങ്ങളിൽ പലതും പൊളിച്ചുനീക്കിയിരിക്കുന്നു.
ചൂരൽമല ടൗണിൽ ഇപ്പോൾ ആളനക്കമുണ്ട്. മറ്റു ജില്ലകളിൽനിന്നും കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്നുമെത്തിയ സഞ്ചാരികളാണേറെയും.
ശീതളപാനീയ സ്റ്റാളുകളും ചെറിയ കടകളുമായി ദുരന്തബാധിത കുടുംബങ്ങൾ ഇവിടെ അതിജീവനം കണ്ടെത്തുന്നു.
തിരികെ പിടിക്കുന്നു, പതിയെ
മുണ്ടക്കൈയ്ക്കടുത്ത് ചില റിസോർട്ടുകൾ പ്രവർത്തിച്ചു തുടങ്ങിയിരിക്കുന്നു. മുണ്ടക്കൈ ബസ് സ്റ്റോപ്പ് മഞ്ഞ കാട്ടുപൂക്കൾ മൂടിക്കിടക്കുകയാണ്.
പുഞ്ചിരിമട്ടത്തെ ഉരുൾപൊട്ടൽ പ്രഭവകേന്ദ്രത്തിനടുത്ത് ഒറ്റയ്ക്കു താമസിക്കുന്ന ചേന്നന്റെ വീടിനോടു ചേർന്ന് എപ്പോഴും കാട്ടാനയിറങ്ങും. ബൈക്കിന്റെ ടയർ കയറിയിറങ്ങിയപ്പോൾ ആനപ്പിണ്ടത്തിൽനിന്നു ചൂടുപറന്നുപൊങ്ങി.
‘ഇന്നു രാവിലെ ഇറങ്ങിയ ഒറ്റയാന്റെയാണ്. ഏലത്തോട്ടമെല്ലാം ചവിട്ടിനശിപ്പിച്ചു.
ഇപ്പോഴും ഈ റോഡിനടുത്തെവിടെയെങ്കിലും കാണും–’വനറാണി എസ്റ്റേറ്റിലേക്കു തൊഴിലാളികളെ കൊണ്ടുവരുന്ന ജീപ്പിന്റെ ഡ്രൈവർ സുധീഷ് മുന്നറിയിപ്പു നൽകി. അധികനേരം അവിടെ ചെലവഴിക്കാതെ വേഗം വണ്ടി താഴേക്കു തിരിച്ചുവിട്ടു.
‘ഇപ്പോൾ നല്ല ചൂരൽമലയിൽ നല്ല തിരക്കുണ്ട്.
ടൗണിൽ ഇതുവരെ വൈദ്യുതി പുനഃസ്ഥാപിച്ചില്ലെന്നതാണു പ്രശ്നം. ടൂറിസം സജീവമായതു കുറെ കുടുംബങ്ങൾക്ക് വരുമാനം നൽകുന്നു’– അട്ടമല ഗ്ലാസ് ബ്രിജിലെ ജീവനക്കാരനായ നീലിക്കാപ്പ് സ്വദേശി മൂർത്തി പറഞ്ഞു.’നല്ല സൗന്ദര്യമുള്ള സ്ഥലം.
പക്ഷേ, കുറെപ്പേരുടെ ജീവനും ജീവിതവും ഇല്ലാതായത് ഇവിടെയാണെന്നോർക്കുമ്പോൾ വല്ലാത്തൊരു വിഷമമുണ്ട്’. ബെയ്ലി പാലത്തിനടുത്തുനിന്ന് വോട്ടർ സൈക്കിളിന്റെ പശ്ചാത്തലത്തിൽ ഫോട്ടോയെടുക്കുന്നതിനിടെ, വിനോദസഞ്ചാരിയായ മുക്കം സ്വദേശി സിറാജ് മനസ്സുതുറന്നു.
വോട്ടർമാർ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ വാടക വീടുകളിലാണെങ്കിലും ചൂരൽമല തിരഞ്ഞെടുപ്പ് പ്രചാരണച്ചൂടിലായിക്കഴിഞ്ഞു.
ടി. സിദ്ദീഖ് എംഎൽഎയുടെ ഗ്രാമസ്വരാജ് യാത്രയ്ക്കു സ്വീകരണമൊരുക്കാനെത്തിയ യുഡിഎഫ് പ്രവർത്തകരെ ടൗണിൽ കണ്ടു.
മേപ്പാടി–ചൂരൽമല റോഡിൽ മലയോര ഹൈവേയുടെ പണി നടക്കുകയാണ്. വെള്ളരിമല വില്ലേജ് ഓഫിസ് താഞ്ഞിലോട്ടേക്കു മാറ്റി സ്ഥാപിച്ചിരിക്കുകയാണ്.
ഇപ്പോഴും ചൂരൽമലയിൽത്തന്നെ താമസിക്കുന്ന കുടുംബങ്ങൾക്ക് കുറച്ചധികം ദൂരം സഞ്ചരിച്ചുവേണം റവന്യു വകുപ്പുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് വില്ലേജ് ഓഫിസിലെത്താൻ.
പ്രതീക്ഷകളുടെ പുതുവഴി
കള്ളാടി മീനാക്ഷിക്കു സമീപം തുരങ്കപ്പാത നിർമാണത്തിന്റെ പ്രാരംഭപ്രവൃത്തികൾ തകൃതിയായി നടക്കുന്നു.
വലിയ ടിപ്പറുകളും മണ്ണുമാന്തിയന്ത്രങ്ങളും തലങ്ങുംവിലങ്ങും പായുന്നതിനിടയിലൂടെ വോട്ടർ സൈക്കിൾ മുന്നോട്ടുനീങ്ങി. ആനക്കാംപൊയിലിലേക്കു തുരന്നുനീക്കുന്ന വലിയ പാറയുടെ അടിവാരത്ത് മണ്ണുനീക്കുന്ന തൊഴിലാളികളെ കണ്ടു. മീനാക്ഷി മലയടിവാരത്തിലേക്കുള്ള റോഡ് 60 മീറ്റർ വീതിയിലും 300 മീറ്റർ നീളത്തിലുമാണു നിർമിക്കുക.
മധ്യപ്രദേശിൽനിന്നുള്ള ദിലിപ് ബിഡ്കോണിനാണു കരാർ. മണ്ണുനീക്കൽ പൂർത്തിയായാലുടൻ തുരങ്കനിർമാണം ആരംഭിക്കും– സൈറ്റ് സൂപ്പർവൈസറായ വാൽമികി കുമാർ പറഞ്ഞു. തുരങ്കപ്പാത വന്നാൽ ഈ നാടിന്റെയാകെ മുഖച്ഛായ മാറും.
ഇപ്പോൾത്തന്നെ ഇവിടെയൊക്കെ സ്ഥലത്തിനു വില കൂടിയിട്ടുണ്ട്– പ്രദേശവാസിയായ ഗിരീഷ് പറഞ്ഞു.
അതിജീവനമാണ് ടൂറിസം
തൊള്ളായിരംകണ്ടിയും സൂചിപ്പാറയും അട്ടമലയുമെല്ലാം സഞ്ചാരികൾക്കായി കാത്തിരിക്കുകയാണ്. ദീപാവലി, പൂജ അവധിക്കാലത്ത് നല്ല തിരക്കുണ്ടായിരുന്നു. ഇപ്പോൾ വീണ്ടും തിരക്കു കുറഞ്ഞു.
ഇടയ്ക്കിടെ ചുരത്തിൽ ഗതാഗത തടസ്സമുണ്ടാകുന്നതും കാലംതെറ്റി പെയ്യുന്ന മഴയുമെല്ലാം സഞ്ചാരികളെ അകറ്റുകയാണ്. തൊള്ളായിരംകണ്ടി കവാടത്തിനടുത്തുണ്ടായിരുന്ന പല കടകളും പൂട്ടിപ്പോയി. ടാക്സി ഡ്രൈവർമാർക്ക് വല്ലപ്പോഴും ഓട്ടം കിട്ടിയാലായി.
ചൂരൽമല റോഡ് നിർമാണം ഇഴഞ്ഞുനീങ്ങുന്നതു സഞ്ചാരികളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ടെന്ന് റിസോർട്ട് ജീവനക്കാരനായ ജോബിൻ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

