കൽപറ്റ ∙ എസ്എൻസി ലാവ്ലിൻ കമ്പനി ചെയ്ത ഉപകാരത്തിനുള്ള പ്രത്യുപകാരമാണ് മസാല ബോണ്ടുമായി ബന്ധപ്പെട്ട് നടന്നതെന്നും തിരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള ഇ.ഡി നോട്ടിസ് സിപിഎമ്മിനെ സഹായിക്കാനുള്ള ബിജെപി തന്ത്രമാണെന്നും കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. കൽപറ്റയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ കിഫ്ബി ലിസ്റ്റ് ചെയ്യുന്നതിന് മുമ്പ് പ്രൈവറ്റ് പ്ലേസ്മെന്റിലൂടെയാണ് 2150 കോടി രൂപ വാങ്ങാനുള്ള തീരുമാനം എടുത്തത്.
ഇത് 9.72 ശതമാനം പലിശയ്ക്കാണ് കാനഡയിലെ സിഡിപിക്യു എന്ന കമ്പനി വാങ്ങിയത്. ആ കമ്പനിക്ക് ലാവ്ലിൻ കമ്പനിയിൽ 20 ശതമാനം ഓഹരി ഉണ്ട്.
ലാവ്ലിൻ കമ്പനിയെ സഹായിക്കാൻ വേണ്ടിയാണ് 9.72 ശതമാനം പലിശയ്ക്ക് ഈ മസാല ബോണ്ട് വിറ്റത്. മുഖ്യമന്ത്രി പിണറായി വിജയന് ലാവ്ലിനോട് വല്ലാത്ത പ്രേമമാണ്.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് കൊച്ചി മെട്രോയ്ക്ക് വേണ്ടി ഫ്രഞ്ച് കമ്പനിയായ എഡിഎഫിൽ നിന്ന് ഏതാണ്ട് 1,350 കോടി രൂപ കടമെടുത്തിരുന്നു.
പലിശ വെറും 1.35 ശതമാനം. കൊച്ചി വാട്ടർ മെട്രോയ്ക്ക് വേണ്ടി കടമെടുത്തത് ജർമൻ കമ്പനിയിൽ നിന്നാണ്.
582 കോടി വാങ്ങി, അതിന്റെ പലിശ വെറും 1.55 ശതമാനം. ഇന്ത്യൻ ബാങ്കുകളിൽ ഏഴ് ശതമാനം എട്ട് ശതമാനം പലിശയ്ക്ക് പണം കിട്ടും.
അങ്ങനെ കിട്ടുന്ന ഒരു സാഹചര്യം ഉണ്ടായിട്ടു പോലും അത് വാങ്ങാതെ സിഡിപിക്യൂ എന്ന് പറയുന്ന ലാവ്ലിനുമായി ബന്ധമുള്ള ഈ കമ്പനിക്ക് ഈ പ്രൈവറ്റ് പ്ലേസ്മെന്റ് വഴി മസാല ബോണ്ട് കൊടുത്തതെന്തിനാണ് എന്നാണ് ചോദ്യം. 1,045 കോടി രൂപയാണ് അഞ്ച് വർഷം കഴിഞ്ഞപ്പോൾ ഈ കമ്പനിക്ക് കിട്ടിയത്.
ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഈ ബോണ്ടുകൾ വിറ്റിരുന്നതായും സിഡിപിക്യു കമ്പനി പ്രതിനിധികൾ വന്ന് സംസ്ഥാന സർക്കാരിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷമാണ് ഈ ഇടപാടിൽ തീരുമാനമായതെന്നും ചെന്നിത്തല കുറ്റപ്പെടുുത്തി.
കിഫ്ബിയിൽ തോമസ് ഐസക്ക് പച്ചക്കള്ളം പറഞ്ഞുകൊണ്ടിരിക്കുകയാണ്. പ്രൈവറ്റ് പ്ലേസ്മെന്റ് അല്ല പബ്ലിക് പ്ലേസ്മെന്റ് എന്നാണ് പറയുന്നത്. എന്ന് വച്ചാൽ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത് കഴിഞ്ഞ ശേഷമാണ് സിഡിപിക്യു എന്ന കമ്പനി ഷെയർ വാങ്ങിയത് എന്നാണ് അദ്ദേഹം പറയുന്നത്.
ഇത് പച്ചക്കള്ളമാണ്. ഞാൻ പ്രതിപക്ഷ നേതാവായിരുന്ന കാലഘട്ടത്തിൽ ഇതിന്റെ മുഴുവൻ രേഖയും ഞാൻ പുറത്തുകൊണ്ടുവന്നതാണ്.
ഇതൊരു പ്രൈവറ്റ് പ്ലേസ്മെന്റ് ആയിരുന്നു. കേരളത്തിലെ ജനങ്ങളുടെ1045 കോടി രൂപ ഈ കമ്പനിക്ക് നൽകി അവരെ സന്തോഷിപ്പിക്കുകയാണ്, അല്ലെങ്കിൽ ലാവ്ലിനിൽ ചെയ്ത ഉപകാരത്തിനുള്ള പ്രത്യുപകാരമാണ് ഈ ഇടപാടുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ളത്.
ഇ.ഡി നോട്ടിസിലൊന്നും ഞങ്ങൾക്ക് വിശ്വാസമില്ല.
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇ.ഡി ഓരോ നോട്ടിസ് അയക്കും. സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസിലെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിക്ക് വേണ്ടി സി.എം.
രവീന്ദ്രന് നോട്ടിസ് അയച്ചല്ലോ. പിന്നെ എന്തെങ്കിലും കേട്ടോ? ശിവശങ്കരൻ ജയിലിൽ പോയി എന്നുള്ളതല്ലാതെ പിന്നീട് വല്ലതും ഉണ്ടായോ? മുഖ്യമന്ത്രിക്ക് എതിരായ ആരോപണം ഉണ്ടായി നോട്ടിസ് അയക്കുന്നു, കുടുംബത്തിന് എതിരായി നോട്ടിസ് അയക്കുന്നു വല്ല നടപടി ഉണ്ടായോ? അപ്പോൾ ഈ നോട്ടിസ് സിപിഎമ്മിനെ സഹായിക്കാനുള്ള ബിജെപിയുടെ ഒരു തന്ത്രമാണ്.
ഇവർ തമ്മിലുള്ള അന്തർധാരയാണ്. മസാല ബോണ്ടിലെ അഴിമതി അന്വേഷിക്കാനല്ല ഇവർ മുന്നോട്ട് വന്നത്.
ശരിയായി പറഞ്ഞാൽ ഈ മസാല ബോണ്ട് തന്നെ ഭരണഘടനാ വിരുദ്ധമാണ്. ഇന്ത്യൻ ഭരണഘടനയുടെ 293, ആർട്ടിക്കിൾ 293 (1) അനുസരിച്ച് വിദേശ വിപണികളിൽ നിന്ന് കടമെടുക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അനുവാദമില്ല.
അല്ലെങ്കിൽ പ്രത്യേക അനുവാദം വാങ്ങണം. ആർബിഐ അനുമതി വാങ്ങിച്ചെന്നാണ് ഇവർ പറയുന്നത്.
പക്ഷ ആർബിഐക്ക് ഇത്തരം അനുമതിക്ക് അധികാരമില്ലെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമല സ്വർണക്കൊള്ളയിൽ മന്ത്രിമാരെ ചോദ്യം ചെയ്യണം. മന്ത്രിമാർ ജയിലിൽ പോകേണ്ടതാണ് കേസിന്റെ അടുത്തഘട്ടം.
കേസിൽ സിപിഎമ്മിന്റെ രണ്ട് പ്രമുഖ നേതാക്കൾ അറസ്റ്റിലായിട്ടും പാർട്ടി നടപടി സ്വീകരിക്കുന്നില്ല, സ്വർണകൊള്ളയെ സിപിഎം നിസാരവത്ക്കരിക്കുകയാണ്. സർക്കാർ പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുകയാണ്.
കോടതിയുടെ മേൽനോട്ടമുള്ളതാണ് ജനങ്ങളുടെ ഏകആശ്വാസം. അതുകൊണ്ട് തന്നെ ഈ കേസിൽ പ്രതികൾ രക്ഷപ്പെടാൻ പോകുന്നില്ല.
രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട് ആരോപണം വന്നപ്പോൾ തന്നെ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തിന് നിന്നും മാറ്റുകയും പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തതാണ്. കോൺഗ്രസ് ധാർമികത ഉയർത്തിപിടിച്ചാണ് ഇത് ചെയ്തത്.
വയനാട്ടിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്നും 2010 ൽ ഉണ്ടായതു പോലെ ഉള്ള വിജയമാകും ജില്ലയിൽ യുഡിഎഫിന് ഉണ്ടാകുകയെന്നും ചെന്നിത്തല പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഡിസിസി പ്രസിഡന്റ് ടി.ജെ.
ഐസക്, ടി.സിദ്ദിഖ് എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറി കെ.എൽ. പൗലോസ് തുടങ്ങിയവർ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

