വെണ്ണിയോട്∙ ചെന്നലോട് – ഊട്ടുപാറ റോഡിൽ പുഴയിലേക്ക് ഇടിഞ്ഞുതാണ ഭാഗങ്ങൾ അടിയന്തരമായി നന്നാക്കുമെന്ന് എംഎൽഎക്കു മുൻപിൽ വച്ച് നൽകിയ വാക്ക് പാലിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്. കോട്ടത്തറ പഞ്ചായത്തിലൂടെ കടന്നുപോകുന്ന ചെന്നലോട് – ഊട്ടുപാറ പൊതുമരാമത്ത് റോഡിൽ വെണ്ണിയോട് ഹോമിയോ ആശുപത്രിയുടെയും കരിഞ്ഞകുന്ന് അങ്കണവാടിയുടെയും ഭാഗമായ വൈപ്പടി നീരൂർ അടക്കമുള്ള റോഡിന്റെ പല ഭാഗങ്ങളും പുഴയിലേക്ക് ഇടിഞ്ഞു താഴ്ന്നിട്ട് വർഷങ്ങളായി. ഇടിഞ്ഞു താഴ്ന്ന ഭാഗം നന്നാക്കാൻ നടപടിയില്ലാത്തതിൽ പ്രതിഷേധിച്ച് കോട്ടത്തറ, തരിയോട് പഞ്ചായത്ത് ഭരണസമിതികളുടെ നേതൃത്വത്തിൽ കൊടുവള്ളിയിലെ നാഷനൽ ഹൈവേ അതോറിറ്റി ഓഫിസിലേക്ക് 2 മാസം മുൻപ് മാർച്ചും ധർണയും സംഘടിപ്പിച്ചിരുന്നു.
അന്ന് എത്രയും പെട്ടെന്ന് പണി ആരംഭിക്കുമെന്ന് ടി.സിദ്ദീഖ് എംഎൽഎയുടെ സാന്നിധ്യത്തിൽ വകുപ്പു മേധാവികൾ ഉറപ്പു നൽകിയെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും പണി തുടങ്ങിയിട്ടില്ല.
മലയോര ഹൈവേയിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിച്ച് കരാർ നൽകിയിട്ട് ഒരു വർഷത്തിലധികമായിട്ടും റോഡ് പുഴയിലേക്ക് ഇടിഞ്ഞുതാണ ഭാഗങ്ങൾ നന്നാക്കാൻ വൈകുന്നതാണ് പ്രതിഷേധവുമായി വീണ്ടും രംഗത്തിറങ്ങാൻ നാട്ടുകാരെ പ്രേരിപ്പിക്കുന്നത്. മലയോര ഹൈവേയുടെ ഭാഗമായി നിർമാണ പ്രവൃത്തി നടക്കുന്ന റോഡിൽ പുഴയോടു ചേർന്ന ഭാഗത്ത് സംരക്ഷണഭിത്തി നിർമിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടത്തറ പഞ്ചായത്ത് ഭരണസമിതിയടക്കം ഒട്ടേറെ പരാതികൾ നൽകിയിട്ടും അനങ്ങാപ്പാറനയം സ്വീകരിക്കുന്ന അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് ഉപവാസം അടക്കമുള്ള സമരങ്ങൾ നടത്തിയിട്ടും ഇപ്പോഴും അധികൃതരും കരാറുകാരനും അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്.
മുൻപുണ്ടായ പ്രളയങ്ങളെ അതിജീവിച്ച ഈ റോഡിൽ പുഴയോടു ചേർന്ന പല ഭാഗവും ഇടിച്ചിൽ ഭീഷണി നേരിടുകയാണ്.
കെഎസ്ആർടിസി ബസ് അടക്കം ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന കോട്ടത്തറ പഞ്ചായത്തിലുള്ള ഏക റോഡു കൂടിയാണിത്. നിലവിൽ റോഡിലുണ്ടായ ഇടിച്ചിൽ വർധിച്ചാൽ ഹോമിയോ ആശുപത്രി, വീടുകൾ, ജലനിധിയുടെ പമ്പ് ഹൗസ് എന്നിവ തകരാൻ സാധ്യത ഏറെയാണെന്ന് നാട്ടുകാർ പറയുന്നു.റോഡരിക് പുഴയിലേക്ക് ഇടിഞ്ഞ് താഴ്ന്നതിനെ തുടർന്ന് ഈ ഭാഗത്ത് റോഡിന് മുകളിൽ കുറച്ച് മണൽച്ചാക്കുകൾ അടുക്കിവച്ചതല്ലാതെ അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ല.
മണ്ണിടിഞ്ഞ് റോഡ് തകർന്ന ഭാഗം കാടുമൂടിയതിനാൽ അപകടം പതിയിരിക്കുന്നത് അറിയാൻ കഴിയാത്ത അവസ്ഥയാണ്.
ഈ ഭാഗത്തെ കാടുംപടർപ്പും മൂലം നിയന്ത്രണം വിട്ട് വാഹനങ്ങൾ മറിഞ്ഞ് അപകടം പതിവായതായി നാട്ടുകാർ പറയുന്നു. ഹോമിയോ ആശുപത്രിക്ക് സമീപത്തെ 40 മീറ്റർ ദൂരമാണ് ഏറെ അപകടാവസ്ഥയിലുള്ളത്.
എത്രയും പെട്ടെന്ന് ഈ ഭാഗത്ത് സംരക്ഷണഭിത്തി നിർമിച്ചില്ലെങ്കിൽ വൻ ദുരന്തത്തിന് സാക്ഷിയാകേണ്ടി വരുമെന്ന് മാത്രമല്ല റോഡ് പൂർണമായും ഇടിഞ്ഞുതാഴ്ന്നു ഇതുവഴിയുള്ള ഗതാഗതവും നിലയ്ക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

