വയനാട്ടിൽ തുടരുന്ന ശക്തമായ മഴയിൽ വെള്ളക്കെട്ടിൽ ഒറ്റപ്പെട്ട ഊരിൽ നിന്നും 14 ദിവസം മാത്രം പ്രായമായ കുഞ്ഞിനെയും അമ്മയെയും അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി.
പന്നിയോറ കരിവേപ്പിൽ ഊരിലെ ഗീത, കുഞ്ഞ് എന്നിവരെയാണ് സുരക്ഷിതമായി പുറത്തെത്തിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് ഊരിലേക്ക് വെള്ളം ഇരച്ചുകയറിയത്.
ഇവിടെ ഗീതയുടെ കുടുംബം ഉൾപ്പെടെ എട്ട് കുടുംബങ്ങളാണ് താമസിക്കുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയുടെ അഞ്ച് മണിക്കൂർ നീണ്ട
പരിശ്രമത്തിനൊടുവിൽ വൈകിട്ട് ആറോടെയാണ് എട്ട് കുടുംബങ്ങളെയും സുരക്ഷിതമായി രക്ഷപ്പെടുത്താൻ സാധിച്ചത്. ഇവരെ പിന്നീട് കാപ്പുവയൽ ഗവ.എൽപി സ്കൂളിലേക്കു മാറ്റി താമസിപ്പിച്ചു.
അതിനിടെ, ജില്ലയിൽ കഴിഞ്ഞ അഞ്ച് ദിവസങ്ങളായി അതിശക്തമായ മഴയാണ് പെയ്യുന്നതെന്ന് ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. കൂടുതൽ മഴ ലഭിച്ചത് ലക്കിടി, സുഗന്ധഗിരി എന്നീ പ്രദേശങ്ങളിലാണ്.
ലക്കിടിയിൽ 637 മില്ലിമീറ്റർ മഴയും സുഗന്ധഗിരിയിൽ 584.2 മില്ലിമീറ്റർ മഴയുമാണ് രേഖപ്പെടുത്തിയത്. എന്നാൽ ജൂൺ–ജൂലൈ മാസങ്ങളിൽ പ്രതീക്ഷിച്ചിരുന്ന മഴയുടെ പകുതി പോലും ഈ കാലയളവിൽ ലഭിച്ചിരുന്നില്ല.
കഴിഞ്ഞ രണ്ട് മാസത്തിനിടെ ജില്ലയിൽ ആകെ ലഭിച്ചത് 802 മില്ലിമീറ്റർ മഴ മാത്രമാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ പ്രകാരം ഈ രണ്ട് മാസങ്ങളിൽ ലഭിക്കേണ്ട
ശരാശരി മഴ 1600 മില്ലിമീറ്റർ ആയിരുന്നു. കഴിഞ്ഞ അഞ്ച് ദിവസങ്ങളിൽ മാത്രം ജില്ലയിൽ ലഭിച്ചത് 199 മില്ലിമീറ്റർ മഴയാണ്.
ഇത് ജൂൺ–ജൂലൈ മാസങ്ങളിൽ ലഭിച്ച ആകെ മഴയുടെ ഇരുപത്തിയഞ്ച് ശതമാനത്തോളം വരുമെന്ന് ഹ്യൂം സെന്ററിലെ വിദഗ്ധർ പറയുന്നു. നിലവിലെ മഴയുടെ സാഹചര്യം നാലാം തീയതി വരെ നീണ്ടുനിൽക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
പസഫിക് സമുദ്രത്തിലെ എൽനിനോ പ്രതിഭാസം കാരണമാണ് ജൂൺ–ജൂലൈ മാസങ്ങളിൽ പ്രതീക്ഷിച്ച മഴ ലഭിക്കാതിരുന്നത്. ഈ പ്രതിഭാസം മൂലം അറബിക്കടലിലുണ്ടായിരുന്ന മഴമേഘങ്ങൾ കേരളത്തിലേക്ക് പ്രവേശിച്ചിരുന്നില്ല.
എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തെ തുടർന്നുണ്ടായ ശക്തമായ കാറ്റാണ് മഴമേഘങ്ങൾ കരയിലേക്ക് കയറാൻ കാരണമായത്.
കേരളത്തിൽ സാധാരണ മഴക്കാലം ലഭിക്കേണ്ട ജൂൺ–ജൂലൈ മാസങ്ങളിൽ മഴ ലഭിക്കാതെ ഓഗസ്റ്റ് മാസത്തിൽ മഴ ലഭിക്കുന്ന സാഹചര്യം കഴിഞ്ഞ ഒട്ടേറെ വർഷങ്ങളായി ആവർത്തിക്കുന്നുണ്ട്.
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ഈ അവസ്ഥയെക്കുറിച്ച് സർക്കാർ കൂടുതൽ പഠനങ്ങൾ നടത്തണമെന്നാണ് വിദഗ്ധരുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

