അന്നനാട് ∙ തുലാമഴയെത്തുടർന്നുള്ള വെള്ളക്കെട്ട് ഒഴിയാബാധയായതോടെ ചാത്തൻചാൽ പാടശേഖരത്തിലെ നൂറുകണക്കിന് ഏക്കർ പാടശേഖരത്തിൽ കൃഷി തുടങ്ങാൻ കഴിയാതെയായി. ഒറ്റ മഴയിൽ പോലും വൻ തോതിൽ വെള്ളക്കെട്ടുണ്ടാകുന്ന പാടത്തു വെള്ളം ഒലിച്ചുപോയി ഞാറിടാൻ പാകമാകാൻ 4 മുതൽ 10 വരെ ദിവസം കാത്തിരിക്കേണ്ട
സ്ഥിതിയാണ്. അതിനു മുൻപു വീണ്ടും മഴയെത്തുന്നതു പ്രതിസന്ധിക്കു കാരണമാകുന്നു.
ഞാറിനായി വിത്തിടാൻ പോലും കഴിയാത്ത സ്ഥിതിയിലായതോടെ കർഷകർ ആശങ്കയിലാണ്.
മഴ പെയ്യുന്നതോടെ ചാത്തൻചാൽ പാടശേഖരത്തിലേക്കു കൊരട്ടിച്ചാലിൽനിന്നു വൻതോതിൽ വെള്ളം ഒഴുകിയെത്തുന്നു. അന്നനാട് ത്രിവേണി ഭാഗത്തുനിന്നു കൈത്തോടുകൾ വഴി ഒഴുകിയെത്തുന്ന വെള്ളവും പാമ്പൂത്തറ ഭാഗത്തുനിന്നു ക്ലാമത്തോട് വഴിയെത്തുന്ന വെള്ളവും വള്ളിക്കാട് ഭാഗത്തു നിന്നുള്ള വെള്ളവും ചാത്തൻചാലിലേക്കു ചാലിട്ടൊഴുകിയെത്തുന്നു.
കുതിച്ചൊഴുകി എത്തുന്ന വെള്ളം ഇവിടെ നിന്നു ചാലക്കുടിപ്പുഴയിലേയ്ക്കു ഒഴുകിപ്പോകാൻ ചാത്തൻചാൽ തോടി വഴിയുള്ള ഒറ്റ മാർഗമേ ഉള്ളൂ.
ചാത്തൻചാലിന്റെ വികസന പ്രവർത്തനങ്ങൾക്കു 7.25 കോടി രൂപ അനുവദിച്ചു നടത്തിയ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകാത്തതും പാടത്തെ വെള്ളക്കെട്ട് ഒഴിയാത്തതിനു കാരണമാണ്. പുഴ വരെ രണ്ടര കിലോമീറ്റർ ദൂരം ചാത്തൻതാലിൽ തോട് നവീകരണം നടത്തിയാൽ മാത്രമേ പ്രശ്നം പൂർണമായി പരിഹരിക്കാനാകൂ.
എന്നാൽ പകുതി ഭാഗം പോലും സംരക്ഷിക്കുന്നതിനു പദ്ധതി ഇനിയുമായിട്ടില്ല.
കഴിഞ്ഞ ദിവസം വരമ്പു പോലും മുങ്ങിയ നിലയിലായിരുന്നു. ഒരേക്കറിന് 5500 രൂപയാണു ഞാറുനടീൽ യന്ത്രത്തിനു വാടക നൽകേണ്ടത്.
കഴിഞ്ഞ വർഷം ഒക്ടോബർ 12ന് അകം തന്നെ നടീൽ പൂർത്തിയായിരുന്നു. പാടത്തെ വെള്ളക്കെട്ട് ഒഴിയാത്തതിനാൽ ഈ വർഷം ഞാറു മുളപ്പിക്കാനായി നെൽവിത്ത് നനയ്ക്കാൻ പോലും കർഷകർ തയാറായിട്ടില്ല. മാർച്ച് 16നു കൊയ്ത്തു സമയത്തും മഴയായിരുന്നു.
പല കർഷകരുടെയും വൈക്കോൽ നശിച്ചു പോകുകയും ചെയ്തു.
നെല്ലിനു പണം കിട്ടാനും മാസങ്ങൾ കാത്തിരുന്ന കർഷകർക്കു വിത്തിടാനാകാത്തതു വലിയ ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ചാത്തൻചാൽ പാടശേഖരത്തിൽ ഒറ്റ പൂവ് കൃഷി മാത്രമാണു നടത്താനാകുന്നത്. പാടത്തെ വെള്ളക്കെട്ട് ശാശ്വതമായി പരിഹരിക്കാനായി സർക്കാർ പദ്ധതി ആവിഷ്കരിച്ചു സമയബന്ധിതമായി നടപ്പാക്കണമെന്നു ചാത്തൻചാൽ വെസ്റ്റ് പാടശേഖര സമിതി പ്രസിഡന്റ് എം.ആർ.ഡേവിസ്, സെക്രട്ടറി വി.എൽ.സണ്ണി എന്നിവർ ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

