ഇരിങ്ങാലക്കുട ∙ പതിനാറുകാരനെ രാത്രി പുലരും വരെ വാടകവീട്ടിൽ പൂട്ടിയിട്ട് ക്രൂരമായി മർദിച്ച സംഘത്തിലെ ഒരാൾ അറസ്റ്റിൽ.
പുത്തൻചിറ കണ്ണിക്കുളങ്ങര കോഴിക്കാട്ടിൽ വീട്ടിൽ അദിനാൻ (19) ആണ് അറസ്റ്റിലായത്. കൂട്ടുപ്രതികളായ ചിറക്കൽ പരേക്കാട്ടിൽ വിഷ്ണു പ്രസാദ് (23), പുളിയിലക്കുന്ന് നെടുംപുരക്കൽ മുഹമ്മദ് ഷാഫി (19), പ്രായപൂർത്തിയാകാത്ത മറ്റൊരു ആൺകുട്ടി എന്നിവർ മറ്റൊരു ക്രിമിനൽ കേസിൽ കസ്റ്റഡിയിലാണ്.
വിഷ്ണുപ്രസാദ് റിമാൻഡിലും ഷാഫിയും പ്രായപൂർത്തിയാകാത്ത കുട്ടിയും കാക്കനാട് ബോസ്റ്റൽ സ്കൂളിലുമാണ്. മുഹമ്മദ് ഷാഫിയുടെ ഭാര്യയെ പൊലീസ് തിരയുന്നുണ്ട്.
കഴിഞ്ഞ 15ന് അർധരാത്രിയോടെയാണ് സംഭവം.പ്രതികൾ പോത്തിനെ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് പതിനാറുകാരനുമായി തർക്കം ഉണ്ടായിരുന്നതായി പറയുന്നു. മുഹമ്മദ് ഷാഫി വാടകയ്ക്ക് താമസിക്കുന്ന കോണത്തുകുന്ന് ജനതാ കോർണറിലെ വീട്ടിലേക്ക് വിളിച്ചുവരുത്തി ബാലനെ മർദിക്കുകയും 38,000 രൂപ വിലവരുന്ന മൊബൈൽ ഫോൺ നിലത്തടിച്ചു പൊട്ടിക്കുകയും ചെയ്തു.
കട്ടിലിൽ കെട്ടിയിട്ട് കഠാരയുടെ പിടികൊണ്ടും മുഷ്ടി കൊണ്ടും ക്രൂരമായി മർദിച്ചു.
ദൃശ്യങ്ങൾ ഫോണിൽ ചിത്രീകരിച്ചതിനു പുറമേ മറ്റൊരാളെ വിഡിയോ കോളിൽ വിളിച്ച് കാണിച്ചുകൊടുക്കുകയും ചെയ്തു. നേരം പുലരും വരെ മർദിച്ചശേഷം സംഭവം പുറത്തുപറഞ്ഞാൽ വീട്ടുകാരെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി.പിന്നീട്, പാസ്പോർട്ട് കൊണ്ടുവരാൻ പറഞ്ഞ് ബാലനെ വീട്ടിലേക്ക് പറഞ്ഞുവിടുകയായിരുന്നു.
പാസ്പോർട്ട് വാങ്ങിവച്ചശേഷമാണ് പറഞ്ഞുവിട്ടതെന്നു പൊലീസ് പറഞ്ഞു.വിഡിയോ ദൃശ്യം പുറത്തുവന്നതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. വിഷ്ണുപ്രസാദും സംഘവും ബൈക്കിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് കാർ യാത്രക്കാരെ മർദിച്ച കേസിൽ നേരത്തെ അറസ്റ്റിലാണ്.
സംഘത്തിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായി തിരച്ചിൽ തുടങ്ങി.
എസ്എച്ച്ഒ കെ.ജെ.ജിനേഷ്, എസ്ഐമാരായ എ.കെ.സോജൻ,എം.എ.മുഹമ്മദ് റാഷി, എഎസ്ഐമാരായ പി.ജി.ഗോപകുമാർ, എ.എൻ.ദേവേഷ്, ജോവിൻ ജോയ്, സിപിഒമാരായ ഇ.ജി.ജിജിൽ കുമാർ, കെ.ജിതേഷ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]