തൃശൂർ∙ കോൺഗ്രസിന് അധികാരം ലഭിച്ച സംസ്ഥാനത്തെ നാല് കോർപറേഷനുകളിൽ മൂന്നിലും മേയർ ആരാകുമെന്നതിൽ തീരുമാനമായിട്ടും തൃശൂരിൽ മാത്രം അനിശ്ചിതാവസ്ഥ. നിലവിൽ ഡോ.
നിജി ജസ്റ്റിൻ, സുബി ബാബു, ലാലി ജയിംസ് എന്നിവരാണ് അന്തിമ പട്ടികയിലുള്ളത്. രണ്ടിൽ കൂടുതൽ ടേം നൽകേണ്ടെന്ന് കെപിസിസി നിർദേശമുള്ളതിനാൽ ഇവരിൽ ഒരാളെ ഒഴിവാക്കേണ്ടിവരും.
അല്ലെങ്കിൽ കെപിസിസിയുടെ പ്രത്യേക അനുമതിയോടുകൂടി മാത്രമേ മൂന്നുപേർക്കും അവസരം നൽകാൻ കഴിയൂ. മേയറെ തീരുമാനിക്കുന്നതിൽ ഏറെ തർക്കമുണ്ടായ കൊച്ചിയിൽ പോലും രണ്ടു ടേം മാത്രമാണ് അനുവദിച്ചത്.
ഈ പ്രശ്നം പരിഹരിച്ചാൽ തന്നെയും ഇവരിൽ ആരാണ് ആദ്യം മേയറാകുക എന്നതിലാണ് നിലവിലെ തർക്കം.
ഡിസിസി വൈസ്പ്രസിഡന്റായ ഡോ. നിജി ജസ്റ്റിന് എഐസിസി, കെപിസിസി തലത്തിലുള്ള പിന്തുണയുണ്ട്.
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന സമയത്ത് ഒല്ലൂർ നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർഥിയായി അവസാന നിമിഷം വരെ പരിഗണിക്കപ്പെട്ടയാളാണെന്നതും മുൻതൂക്കം നൽകുന്നു. നാലു തവണ കൗൺസിലർമാരായവരാണ് സുബി ബാബുവും ലാലി ജയിംസും. സുബി മുൻ ഡപ്യൂട്ടി മേയർകൂടിയാണെന്നതിനാൽ ഒരു ടേം മേയർ സ്ഥാനം നൽകണമെന്ന അഭിപ്രായം ശക്തമാണ്.
എന്നാൽ, ഇത്തവണത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ എൽഡിഎഫ് മേയർ സ്ഥാനാർഥിയെ തോൽപ്പിച്ചയാളാണ് ലാലി ജയിംസ്. ഇത്തരത്തിൽ ഒരുതരത്തിലും ഒഴിവാക്കാൻ കഴിയാത്ത മൂന്നുപേരെ പരിഗണിക്കുന്നതിനാൽ നേതൃത്വവും ആശയക്കുഴപ്പത്തിലാണ്.
ഡപ്യൂട്ടി മേയർ സ്ഥാനത്തേക്ക് ആദ്യ ടേമിൽ കെപിസിസി സെക്രട്ടറി എ. പ്രസാദ് വരുമെന്ന് ഉറപ്പായി.
രണ്ടാം ടേമിൽ ബൈജു വർഗീസിനെ പരിഗണിക്കും. ജോസഫ് ടാജറ്റിന്റെ നേതൃത്വത്തിൽ കോൺഗ്രസ് കൗൺസിലർമാരുടെ യോഗം ചേർന്ന് ഓരോരുത്തരുടെയും അഭിപ്രായം കേട്ടിരുന്നു. ഇന്ന് വൈകിട്ടോടെ അന്തിമ തീരുമാനമാകുമെന്നാണ് സൂചന.
26ന് ആണ് മേയർ, ഡപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

