
44 ആദിവാസികുടുംബങ്ങൾക്ക് ഒന്നരയേക്കർ വീതം ഭൂമി; ഒളകരയ്ക്ക് ഇനി അവകാശത്തിന്റെ ആശ്വാസം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net
വാണിയമ്പാറ∙ ഒളകരയിലെ 44 ആദിവാസികുടുംബങ്ങൾക്ക് ഒന്നരയേക്കർ വീതം ഭൂമിയുടെ അവകാശം ലഭിക്കുമ്പോൾ പ്രദേശവാസികളുടെ നിരന്തര സമരത്തിനു ഫലപ്രാപ്തി . ആറരപ്പതിറ്റാണ്ടായി പ്രദേശത്തു താമസിക്കുന്നവർക്കു പോലും സ്വന്തമായി കൃഷിചെയ്യുന്നതിനു സാഹചര്യമില്ലാത്ത സ്ഥിതിയായിരുന്നു. വനം വകുപ്പു ജീവനക്കാർ കൃഷിചെയ്യുന്നതിന് അനുവദിക്കുന്നില്ലെന്ന പരാതി പ്രദേശവാസികൾ നിരന്തരമായി ഉന്നയിച്ചു. 2019 ഫെബ്രുവരിയിൽ ഭൂമി കയ്യേറിയതായി ആരോപിച്ച് ആദിവാസി യുവാവിനെ വനം വകുപ്പ് കസ്റ്റഡിയിലെടുത്തതോടെ നാട്ടുകാർ സമരം ശക്തമാക്കി. സിപിഐ ഭരിച്ചിരുന്ന വനം വകുപ്പിന്റെ നടപടിയെ സിപിഐയുടെ അന്നത്തെ എംഎൽഎ കൂടിയായിരുന്ന ഇപ്പോഴത്തെ മന്ത്രി കെ.രാജൻ പരസ്യമായി തള്ളിപ്പറഞ്ഞു.പട്ടിക ഗോത്ര വർഗങ്ങളും മറ്റ് പരമ്പരാഗത വനവാസികളും (വനാവകാശങ്ങൾ അംഗീകരിക്കൽ) എന്ന പേരിൽ 2006ൽ നിലവിൽ വന്ന കേന്ദ്ര നിയമം രാജ്യത്ത് വനങ്ങളെ ആശ്രയിച്ചു ജീവിച്ചു വരുന്ന ആദിവാസി കുടുംബങ്ങൾക്ക് ഭൂമിയിൽ അവകാശം ഉറപ്പ് വരുത്താൻ വേണ്ടി ഉണ്ടാക്കിയതാണ്. വനാവകാശ രേഖ നൽകുന്നതിന് വളരെ സങ്കീർണമായ നടപടിക്രമങ്ങളുണ്ടെങ്കിലും ഇവയെല്ലാം പൂർത്തീകരിച്ചാണ് ഒളകരയിലെ 44 കുടുംബങ്ങൾക്ക് വനാവകാശ രേഖ നൽകിയത്.
ജില്ല കടന്നു പോകണം
ഭൂമിശാസ്ത്രപരമായി പീച്ചി ഡാമിന്റെ മറുകരയിലെ പാണഞ്ചേരി പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമമാണെങ്കിലും പാലക്കാട് ജില്ലയിലെ 2 നിയമസഭാ മണ്ഡലങ്ങളിലൂടെയും 2 ഗ്രാമപഞ്ചായത്തുകളിലൂടെയും സഞ്ചരിച്ചുവേണം ഒളകരയിലെത്താൻ.പഞ്ചായത്ത് ആസ്ഥാനമായ പട്ടിക്കാട് നിന്നു വാണിയമ്പാറയിലെ ജില്ലാ അതിർത്തി കടന്നു പാലക്കാട് ജില്ലയിലെ കിഴക്കഞ്ചേരി പഞ്ചായത്തിലെ കണിച്ചിപ്പരുത വഴിവേണം ഇവിടേക്ക് എത്താൻ . പഞ്ചായത്ത് ആസ്ഥാനത്തു നിന്നു ഇരുത്തിയഞ്ചു കിലോമീറ്റർ അകലെയായതിനാൽ പലപ്പോഴും സർക്കാർ ഓഫിസുകളിൽ നിരന്തരം കയറിയിറങ്ങുന്നതും ബുദ്ധിമുട്ടായിരുന്നു.
മഴയും ആലിപ്പഴവും
വനാവകാശരേഖ സമർപ്പിക്കുന്നതിനുള്ള ചടങ്ങ് ആരംഭിക്കുന്നതിനു തൊട്ടുമുൻപേ പ്രദേശത്ത് ശക്തമായ മഴപെയ്തു. ആലിപ്പഴം വീണു. മേൽക്കൂരയില്ലാത്ത വേദിയും സദസ്സും ആയതിനാൽ മന്ത്രിമാരൊന്നും പ്രസംഗിച്ചില്ല. മന്ത്രിമാരായ കെ.രാജനും എ.കെ.ശശീന്ദ്രനും ചീഫ് സെക്രട്ടറി ശാരദാ മുരളീരനുമെല്ലാം നേരത്തെ തന്നെ വേദിയിലെത്തിയിരുന്നു. മഴ ഏറെ നേരം തുടർന്നപ്പോൾ മന്ത്രി കെ.രാജനും ഉദ്യോഗസ്ഥരുമെല്ലാം മഴ നനഞ്ഞുതന്നെ ചടങ്ങ് നടത്തി. നാട്ടുകാർ വലിയ ആർപ്പുവിളികളോടെയും പുഷ്പവൃഷ്ടിയോടെയുമാണ് ഓരോ ഭൂരേഖയും സ്വീകരിച്ചത്. പലരും വിതുമ്പി. അതിഥികൾക്ക് കാട്ടുതേനും കാട്ടിലെ വിഭവങ്ങളുമുൾപ്പെടുന്ന സമ്മാനം നൽകിയാണു നാട്ടുകാർ യാത്രയാക്കിയത്.