പുറത്തേക്കോ അകത്തേക്കോ കടക്കാൻ കഴിയാത്തവിധം വീടിന്റെ ഗേറ്റിനു മുന്നിൽ കൂറ്റൻ കണ്ടെയ്നർ ലോറികളും ടാങ്കറുകളും പാർക്ക് ചെയ്തുപോകുന്നതായി പരാതി. തൃശൂർ മണ്ണുത്തി മുല്ലക്കരയിൽ വടക്കേത്തല പൂവത്തിങ്കൽ സെബാസ്റ്റ്യനും ഭാര്യ ഷൈനിയും മക്കളുമാണ് ഈ അസാധാരണ ബുദ്ധിമുട്ട് നേരിടുന്നത്.
ഒരാഴ്ച വരെ ലോറികൾ ഇവിടെ കിടക്കുന്ന അവസ്ഥയുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ചില ലോറികൾ ഡ്രൈവർമാരുടെ ഷിഫ്റ്റ് മാറാൻ തിരഞ്ഞെടുക്കുന്ന ഇടമായി ഈ പ്രദേശം മാറിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്.
മുൻപെങ്ങും നേരിട്ടിട്ടില്ലാത്ത ഈ ദുരവസ്ഥ ആരംഭിച്ചത് ആറുമാസം മുൻപാണെന്ന് ഷൈനി വ്യക്തമാക്കുന്നു. സമീപത്തൊരു പെട്രോൾ പമ്പ് പ്രവർത്തനം ആരംഭിച്ചതോടെയാണ് ഇവിടെ ഇന്ധനം നിറയ്ക്കാനെത്തുന്ന വലിയ വാഹനങ്ങൾ വീടിനു മുന്നിൽ നിർത്തിയിട്ട് പോകാൻ തുടങ്ങിയത്.
ആദ്യഘട്ടങ്ങളിൽ വലിയ പ്രശ്നങ്ങൾ തോന്നിയില്ലെങ്കിലും, ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ലോറികൾ കൂടി ഇവിടെ നിർത്താൻ തുടങ്ങിയതോടെയാണ് യഥാർത്ഥ ദുരിതം ആരംഭിച്ചതെന്ന് കുടുംബം പറയുന്നു. രാത്രികാലങ്ങളിൽ നിരനിരയായി വണ്ടികൾ നിർത്തുന്ന കൂട്ടത്തിൽ വീടിന്റെ ഗേറ്റ് പൂർണ്ണമായും മറയ്ക്കുന്ന രീതിയിലും പാർക്കിംഗ് നടക്കുന്നുണ്ട്.
ഡ്രൈവർമാർ കാബിനുള്ളിൽ കിടന്നുറങ്ങി രാവിലെ യാത്ര തുടരുമെന്നായിരുന്നു വീട്ടുകാരുടെ ആദ്യത്തെ ധാരണ. എന്നാൽ, വണ്ടി പാർക്ക് ചെയ്ത ശേഷം ഡ്രൈവർമാർ പൂർണ്ണമായി സ്ഥലംവിടാൻ തുടങ്ങിയതോടെ സ്ഥിതി ഗുരുതരമായി.
പുതിയ ഡ്രൈവർ എത്തിയാൽ മാത്രമാണ് പിന്നീട് ഈ വാഹനങ്ങൾ ഇവിടെനിന്ന് എടുക്കുന്നത്. ചില ദിവസങ്ങളിൽ കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുപോകാൻ ഇറങ്ങുമ്പോഴാകും വഴിമുടക്കി ലോറികൾ നിർത്തിയിട്ടിരിക്കുന്നതു കാണുന്നത്.
ഇതോടെ കുട്ടികളുമായി നടന്നുപോകേണ്ട അവസ്ഥയാണ്.
ചില അവസരങ്ങളിൽ സ്വന്തം വാഹനം എടുത്തു പുറത്തിറങ്ങിയാൽ, തിരിച്ചുവരുമ്പോഴേക്കും ഗേറ്റിനു മുന്നിൽ വീണ്ടും വഴിയടച്ച് ലോറി നിർത്തിയിട്ടിരിക്കുന്ന കാഴ്ചയാണ് കാണാറുള്ളത്. ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ സ്വന്തം വാഹനം ദേശീയപാതയോരത്ത് പാർക്ക് ചെയ്ത ശേഷം വീട്ടിലേക്കു നടന്നു കയറേണ്ട
ഗതികേടിലാണ് ഈ കുടുംബം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

