“The World Will Never Be the Same Again” എന്ന് വിശേഷിപ്പിച്ചത് ഓപ്പൺഹൈമറാണ്, ഒരു ടെലിവിഷൻ അഭിമുഖത്തിൽ. അതുപോലെയാണ് അമേരിക്കയുടെ സ്ഥിതി.
**സെപ്തംബർ 11**-ന് മുമ്പും അതിനുശേഷവുമുള്ള അമേരിക്ക എന്ന് പറയേണ്ടിവരും. എല്ലാം മാറിപ്പോയി.
സുരക്ഷിതത്വം, കീഴടക്കാനാവത്ത ശക്തിയെന്ന ബോധം, എല്ലാമവസാനിച്ചു. അതിന് അനുസരിച്ച് എല്ലാം മാറി.
പക്ഷേ, ഇന്നത്തെ തലമുറയ്ക്ക് **സെപ്തംബർ 11** ആക്രമണം കേട്ടുകേൾവിയും സോഷ്യൽ മീഡിയയിലെ സത്യം ഇഴപിരിച്ചെടുക്കാൻ വിഷമമുള്ള കഥകളുമാണ്. **9/11**-ന്റെ ഒരു ബാക്കിപത്രം ഇപ്പോഴും പലതരത്തിലെ രോഗങ്ങൾക്ക് കീഴടങ്ങുന്ന മനുഷ്യരാണ്.
അന്നാദ്യം ഓടിയെത്തിയവരും, തുടർന്നും അതിന് ചുറ്റും ജീവിച്ചവരും. സത്യത്തിനും മിഥ്യയ്ക്കുമിടയിൽ പുതിയ തലമുറ.
**സെപ്തംബർ 11**-ന് ശേഷം ജനിച്ചവരും, അന്ന് ചെറിയ കുട്ടികളായിരുന്നവരും എല്ലാംകൂടി 100 മില്യൺ പേർ വരും. പക്ഷേ, അത്രയും അമേരിക്കക്കാർക്ക് ആക്രമണത്തെ കുറിച്ച് ഓർമ്മയില്ല.
യൂട്യൂബിലും സോഷ്യൽ മീഡിയ വഴിയുമുള്ള അറിവേയുള്ളൂ അവർക്ക്. പക്ഷേ, അതിനൊപ്പം ഗൂഢാലോചനക്കഥകളും അത്രതന്നെ കാണുന്നുണ്ട് ഈ 100 മില്യൺ പേരും.
വസ്തുതകളും സാങ്കൽപ്പികക്കഥകളും കൂടിക്കുഴഞ്ഞ്, സത്യമേതെന്ന് തിരിച്ചറിയാൻ പ്രയാസമാവുന്നുണ്ട്. ലൈവ് സ്ട്രീമിംഗും ട്വീറ്റുകളും എഐയും ഒന്നുമില്ലാത്ത കാലത്ത് നടന്ന സംഭവത്തിൽ ഇപ്പോൾ ഡീപ്ഫേക്കുകളുടെ കളിയാണ്.
അന്നത്തെ മാധ്യമങ്ങളും ചാനലുകളിലെ അവതാരകരും വിശ്വാസ്യതയുടെ പ്രതീകങ്ങളായിരുന്നു ജനത്തിന്. അതാണ് അന്നെല്ലാവരും കണ്ടതും.
ആദ്യമണിക്കൂറുകളിലെ ചില തെറ്റിദ്ധാരണകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിൽ പിടിച്ചാണ് ഗൂഢാലോചനക്കഥകൾ അന്നും പടർന്നുപന്തലിച്ചത്.
ഇന്നും അതുതന്നെ സംഭവിക്കുന്നു. കേട്ടറിവ് മാത്രമുള്ള തലമുറകൾക്ക് അതൊക്കെ വിശ്വസിക്കാൻ പ്രയാസവുമില്ല.
ഗോപുരത്തിന് മുകളിൽ നിന്ന് ആളുകൾ വീഴുന്നത് പല മാധ്യമങ്ങളും സംപ്രേഷണം ചെയ്തില്ല. അന്നും പിന്നീടും.
പക്ഷേ, ഇന്നത്തെ സോഷ്യൽ മീഡിയയ്ക്ക് അങ്ങനെയുള്ള മാറ്റിവയ്ക്കലുകളില്ല. അതിന്റെ നൈതികതയെക്കുറിച്ച് ചിന്തിക്കുന്നുമില്ല.
100 മില്യനും അവർക്ക് ശേഷം സോഷ്യൽ മീഡിയയിലേക്ക് ജനിച്ചുവീണ തലമുറയും അറിയുന്നത് ഇതെല്ലാംകൂടിയാണ്. വസ്തുതകൾ വേർതിരിച്ചെടുക്കാൻ പ്രയാസമുള്ള ഒരു മിശ്രിതം.
ആക്രമണം എന്തുുകൊണ്ട്? എന്തുകൊണ്ട് ആക്രമണം നടന്നു? അതെന്തുകൊണ്ട് അമേരിക്കയെ ഇത്രയും ഞെട്ടിച്ചു? എന്ന ചോദ്യങ്ങളിൽ പുനരാലോചന ഇപ്പോഴും തീർന്നിട്ടില്ല. ലോകമാകെ അമേരിക്ക പുലർത്തുന്ന ആധിപത്യം, ബിഗ് ബ്രദർ പ്രതിഛായ ആണതിന്റെ പ്രധാന കാരണമെന്ന് പറയുന്നവരുണ്ട്, ഇടതുപക്ഷം പ്രത്യേകിച്ച്.
പക്ഷേ, മറ്റുള്ളവർക്ക് ഇതൊന്നും സ്വീകാര്യമല്ല. അവരതിന് തയ്യാറുമല്ല.
ഒന്നുമാത്രം സംഭവിച്ചു; അമ്പരപ്പ്, ഞെട്ടൽ, ആഘാതം, അതിൽ നിന്നുണ്ടായ സാഹോദര്യം. **സെപ്തംബർ 11**-നെ കുറിച്ച് സംസാരിക്കാനിഷ്ടപ്പെടാത്തവർ ഇപ്പോഴുമുണ്ട്.
അതിഭീമമായ ഇന്റലിജൻസ് വീഴ്ചയായിരുന്നു **സെപ്തംബർ 11** ആക്രമണം. സുരക്ഷിതകവചം ഇല്ലായിരുന്നു എന്നറിഞ്ഞതിന്റെ ഞെട്ടലായിരുന്നു സാധാരണക്കാർക്ക്.
തങ്ങളുടെ നോട്ടം പാളിയതിലെ ഞെട്ടലായിരുന്നു ഇന്റലിജൻസ് സമൂഹത്തിന്. വിവര ലഭിച്ചു, പക്ഷേ… ഒസാമ ബിൻലാദനെക്കുറിച്ചും അൽഖ്വയ്ദയെക്കുറിച്ചും അറിയാത്തവരായിരുന്നില്ല സിഐഎയും എഫ്ബിഐയും.
പക്ഷേ, കിട്ടിയ വിവരങ്ങൾ പങ്കുവെക്കാനും അത് വിശകലനം ചെയ്യാനും കഴിയാതെപോയി എന്നാണ് **9/11 കമ്മീഷൻ** റിപ്പോർട്ട് ചെയ്തത്. അതുകൊണ്ട് ഒരു പ്രയോജനമുണ്ടായി; അമേരിക്കയിൽ സഹകരണവും ഏകോപനവും ഉറപ്പിക്കാൻ ഡയറക്ടർ ഓഫ് ഇന്റലിജൻസ് ഉണ്ടായി.
പാളിയ ഇന്റലിജന്സ് റിപ്പോർട്ടുകൾ ആഗോളതലത്തിൽ തന്നെ രഹസ്യാന്വേഷണ ഏജൻസികൾ തമ്മിലെ സഹകരണം കൂടി. പക്ഷേ, രാഷ്ട്രീയവൽക്കരണം ശാപമായിട്ടുണ്ട് പിന്നീടും.
ഇറാഖ് യുദ്ധത്തിലേക്ക് നയിച്ചത് അത്തരമൊന്നാണ്. ബ്രിട്ടന്റെ രഹസ്യാന്വേഷണ ഏജന്സിയായ **MI6** ആണ് ഇറാഖിൽ കൂട്ടസംഹാരായുധമെന്ന റിപ്പോർട്ട് അന്നത്തെ പ്രധാനമന്ത്രി ടോണി ബ്ലെയറിന് നൽകിയത്.
ബ്ലെയർ അത് അമേരിക്കക്കും നൽകി. പക്ഷേ, പാഠം പഠിച്ച യുകെ, എല്ലാം ഉടച്ചുവാർത്തുവെന്നാണ് റിപ്പോർട്ട്.
എന്നിട്ടും പല ആക്രമണങ്ങളും തടയാനായില്ലെന്നതും വസ്തുതയാണ്. ഇപ്പോളത്തെ ഇറാൻ ആക്രമണവും ഇന്റലിജൻസ് വിവരശേഖരണത്തിലെ പാളിച്ച കാരണമാണുണ്ടായത്.
പക്ഷേ, അതോടെ ഭീകരവാദ വിരുദ്ധപ്രവർത്തനങ്ങൾ ശക്തിപ്പെട്ടു. ഒപ്പം മനുഷ്യാവകാശലംഘനങ്ങളും കൂടിയെന്ന ആരോപണവും ശക്തമാണ്.
ഗ്വണ്ടനാമോ ബേയിലെ തടവറയും വാട്ടർബോഡിങ് എന്ന പീഡനമുറയും അതിൽ കുപ്രസിദ്ധം. മാറിയ ലോകം ഇതൊക്കെ സർക്കാരിന്റെയും സർക്കാർ ഏജൻസികളുടെയും കാര്യം.
ഇറാഖ്, അഫ്ഗാനിസ്ഥാൻ യുദ്ധങ്ങൾ പൊതുജനത്തെ മടുപ്പിച്ചു. ഇറാഖിന്റെ കൂട്ടസംഹാരായുധങ്ങൾ എന്നത് കെട്ടുകഥയായിരുന്നു എന്ന് തെളിഞ്ഞതോടെ മടുപ്പും അസഹിഷ്ണുതയും കൂടി.
രാഷ്ട്രീയലാഭങ്ങൾക്ക്, കുറേയൊക്കെ ചിലരുടെ സ്വന്തം ലാഭങ്ങൾക്ക് വേണ്ടിയായിരുന്നു യുദ്ധമെന്ന് ജനം തിരിച്ചറിഞ്ഞു. പ്രത്യാഘാതങ്ങൾ വേറെയുമുണ്ടായിരുന്നു.
‘ഇസ്ലാമോഫോബിയ’ എന്ന് ലോകം വിളിക്കുന്ന വികാരം അമേരിക്കയിൽ പടർന്നു. അതാളിക്കത്തിക്കാൻ തീവ്രവലതുപക്ഷവുമുണ്ടായിരുന്നു.
പിന്നാലെയുണ്ടായ അറബ് വസന്തം, സിറിയൻ യുദ്ധം, അഭയാർത്ഥി പ്രവാഹം, അതിന്റെ പ്രത്യാഘാതമായിരുന്നു കുടിയേറ്റ വിരുദ്ധത. അതുമാളിക്കത്തിച്ചു തീവ്രവലത് പക്ഷം.
ഫലം കൊയ്തത് **ഡോണൾഡ് ട്രംപ്** ആണ്. ട്രംപ് അധികാരത്തിലെത്തിയത് കുടിയേറ്റവിരുദ്ധതയുടെയും തീവ്രദേശീയതയുടെയും പിൻബലത്തിലാണ്.
അത് പ്രഖ്യാപിത നയവുമാക്കി ട്രംപ്. മറ്റൊരുതരത്തിലും **9/11** ലോകത്തെ മാറ്റിമറിച്ചു.
പടിഞ്ഞാറിന്റെ സുരക്ഷാ ഭീഷണികളൊന്നും ബാധിക്കാത്ത ചൈനയും റഷ്യയും പടക്കോപ്പുകൾ വികസിപ്പിച്ചു. ചൈന വൻസാമ്പത്തികശക്തിയായി വളർന്നു.
ഡീക്ലാസിഫൈ ചെയ്ത പേജുകൾ ഇതിനിടെ **സെപ്തംബർ 11** ആക്രമണത്തിന് മുമ്പ് പല വർഷങ്ങളിലായി കിട്ടിയ ഇന്റലിജൻസ് മുന്നറിയിപ്പുകൾ ഡീക്ലാസിഫൈ ചെയ്തു സിഐഎ. ബിൽ ക്ലിന്റണ് കിട്ടിയ മുന്നറിയിപ്പുൾപ്പടെ.
ഒസാമ ബിൻ ലാദൻ ഒരമേരിക്കൻ നഗരത്തിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച വിമാനമിടിച്ചിറക്കുമെന്ന മുന്നറിയിപ്പ് ക്ലിന്റൺ സർക്കാരിന് ലഭിച്ചിരിക്കുന്നത് **1998 സെപ്തംബറിലാണ്**. ക്ലിന്റൺ, ജോർജ് ബുഷ് സർക്കാറുകളുടെ കാലത്ത് നൽകിയ ബ്രീഫിംഗുകളുടെ 100 പേജുകളാണിപ്പോൾ ഡീക്ലാസിഫൈ ചെയ്തത്.
പുതിയ അറിവല്ല പലതും. എങ്കിലും അമ്പരപ്പാണ്.
പരിശീലനം പോലും യുഎസിൽ, എന്നിട്ടും! **2004**-ൽ ദേശീയ കമ്മീഷൻ റിപ്പോർട്ടിൽ മുന്നറിയിപ്പുകളുണ്ടായിട്ടും അത് വിശകലനം ചെയ്യാനോ ഭീഷണികളുടെ വ്യാപ്തി ചുമതലപ്പെട്ടവരെ അറിയിക്കാനോ കഴിയാതെ പോയത് വ്യക്തമായി തന്നെ പറഞ്ഞിരുന്നു.
ഏജൻസികൾ ബിൻ ലാദന്റെ പദ്ധതികൾ പലതും അറിഞ്ഞിരുന്നു, വിമാനങ്ങൾ റാഞ്ചിയ ഭീകരവാദികൾ വിമാനം പറത്താൻ പരിശീലിച്ചത് അമേരിക്കയിൽ തന്നെയാണ്; ഫ്ലോറിഡയിലും അരിസോണയിലും. സിമുലേറ്റേഴ്സ് വരെ ഉപയോഗിച്ചിരുന്നു.
ഇതെല്ലാം അന്നേ പുറത്തുവന്നിരുന്നു. മുന്നറിയിപ്പുകളുമുണ്ടായിരുന്നു.
പക്ഷേ, കിട്ടിയ വിവരങ്ങൾ ഏകോപിപ്പിക്കാനോ അത് കൃത്യമായി അധികാരത്തിലുള്ളവരെ അറിയിക്കാനോ ഏജൻസികൾക്ക് കഴിഞ്ഞിരുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

