വരന്തരപ്പിള്ളിയിൽ ലൈസൻസില്ലാത്ത തോക്കും മാംസവുമായി പിടിയിലായ അന്തർജില്ലാ വേട്ടസംഘത്തിലെ ഒളിവിലുണ്ടായിരുന്ന പ്രധാന പ്രതിയെ പൊലീസ് പിടികൂടി. മലപ്പുറം ഏലംകുളം വില്ലേജ് പാറക്കൽമുക്ക് സ്വദേശി ചേലക്കാട്ടുതൊടി വീട്ടിൽ അൻവർ അലി (41) ആണ് അറസ്റ്റിലായത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 2025 നവംബർ 17ന് രാത്രിയിലാണ് സംഭവം നടക്കുന്നത്.
പട്രോളിങ് നടത്തുകയായിരുന്ന വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷനിലെ എസ്ഐയും സംഘവും പുലിക്കണ്ണി സെന്ററിൽ വച്ച് ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന മാംസവും തോക്കിൽ ഉപയോഗിക്കുന്ന ഒരു കാലിക്കേസും 10 പെല്ലറ്റുകളും പിടിച്ചെടുത്തിരുന്നു. മൂന്ന് ചാക്കുകളിലായാണ് മാംസം കടത്തിക്കൊണ്ടുവന്നത്.
അന്നേദിവസം പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട അൻവർ അലി, പിന്നീട് സ്ഥിരമായി ഫോൺ ഉപയോഗിക്കാതെ ഒളിവിൽ കഴിയുകയായിരുന്നു.
അന്വേഷണ സംഘം നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് ഇയാളെ മലപ്പുറത്തുനിന്ന് പിടികൂടാനായത്. ഈ കേസിൽ ഉൾപ്പെട്ട
മറ്റ് പ്രതികളായ പാലക്കാട് ജില്ല തിരുവേഗപ്പുറം സ്വദേശി പുളിക്കൽ വീട്ടിൽ ഫിറോസ് (42), വരന്തരപ്പിള്ളി നാടാംപാടം സ്വദേശി തറയിൽ വീട്ടിൽ റോയ് (52), വരന്തരപ്പിള്ളി പൗണ്ട് 73 സ്വദേശി കുളങ്ങരപ്പറമ്പിൽ വീട്ടിൽ ഷാനു (42) എന്നിവരെ സംഭവദിവസം തന്നെ പൊലീസ് റിമാൻഡ് ചെയ്തിരുന്നു. അറസ്റ്റിലായ അൻവർ അലി ചേലക്കര, പെരിന്തൽമണ്ണ, കരിപ്പൂർ പൊലീസ് സ്റ്റേഷൻ പരിധികളിലായി ഒരു കവർച്ചക്കേസിലും മൂന്ന് മോഷണക്കേസുകളിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷൻ എസ്ഐ സുരേഷ്.ഇ.എ, ജിഎഎസ്ഐ രജനീശൻ, ജിഎസ്സിപിഒ രാഗേഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

