പുന്നയൂർക്കുളം മേഖലയിൽ കാന നിർമാണത്തിന്റെ ഭാഗമായി സർവീസ് റോഡ് പൂർണ്ണമായി അടച്ചത് ജനജീവിതം ദുസ്സഹമാക്കുന്നു. വെറും നൂറ് മീറ്റർ ദൂരത്തിൽ കാന നിർമിക്കുന്നതിനായി രണ്ട് കിലോമീറ്റർ മുൻപ് തന്നെ റോഡ് അടച്ചു കെട്ടിയതാണ് യാത്രക്കാർക്കും പ്രദേശവാസികൾക്കും വലിയ ദുരിതമായി മാറിയിരിക്കുന്നത്.
അണ്ടത്തോട് അടിപ്പാതയുടെ സമീപത്തും മന്ദലാംകുന്നിലുമാണ് മൂന്ന് ദിവസം മുൻപ് റോഡ് ഗതാഗതം തടഞ്ഞത്. ഇതിനെത്തുടർന്ന് ഈ പ്രദേശത്തുള്ളവർക്ക് പോലും സ്വന്തം വാഹനങ്ങൾ വീടുകളിലേക്ക് എത്തിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്.
മന്ദലാംകുന്ന് കിഴക്കേ സർവീസ് റോഡിലെ രൂക്ഷമായ വെള്ളക്കെട്ട് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇവിടെ റോഡ് അടച്ചത്. ഇവിടെ നൂറ് മീറ്ററോളം വരുന്ന ഭാഗത്ത് കാന ഉയർത്തി നിർമിക്കുന്ന പ്രവൃത്തികളാണ് നടക്കേണ്ടത്.
നിർമാണ പ്രവർത്തനങ്ങൾ നടക്കുമ്പോഴും ഒരു വരിയിലൂടെ വാഹനങ്ങൾക്ക് കടന്നുപോകാൻ സൗകര്യമൊരുക്കാമായിരുന്നിട്ടും റോഡ് പൂർണ്ണമായി അടയ്ക്കുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്. റോഡ് അടച്ചുകെട്ടിയ രണ്ട് ഭാഗങ്ങളിലും വലിയ കോൺക്രീറ്റ് സ്ലാബുകൾ നിരത്തിവച്ചിരിക്കുകയാണ്.
ഓട്ടോറിക്ഷയ്ക്ക് കഷ്ടിച്ച് കടന്നുപോകാനുള്ള വഴി മാത്രമാണ് നിലവിൽ അനുവദിച്ചിട്ടുള്ളത്. റോഡ് അടച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും നിർമാണ പ്രവൃത്തികൾ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
പണി എപ്പോൾ തുടങ്ങുമെന്നോ എപ്പോൾ അവസാനിക്കുമെന്നോ യാതൊരുവിധ ഔദ്യോഗിക വിവരങ്ങളും ലഭ്യമല്ല. അണ്ടത്തോട് മുതൽ റോഡ് അടച്ച പ്രദേശം വരെയുള്ള ഭാഗത്തെ ആൽത്തറയുമായി ബന്ധിപ്പിക്കുന്ന പാപ്പാളി–പനന്തറ റോഡ് ഉൾപ്പെടെ അഞ്ച് പ്രധാന പാതകളാണ് ഇതിലൂടെ തടസ്സപ്പെട്ടിരിക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ ആൽത്തറയിലേക്ക് പോകണമെങ്കിൽ ബദർപള്ളി അടിപ്പാത കടന്ന് മന്ദലാംകുന്ന് പാലം കയറി നാല് കിലോമീറ്ററോളം വളഞ്ഞുപോകേണ്ട അവസ്ഥയാണ് യാത്രക്കാർക്കുള്ളത്.
ബസുകൾ പടിഞ്ഞാറ് സർവീസ് റോഡിലൂടെയാണ് സർവീസ് നടത്തിയത് എന്നതിനാൽ ബസിൽ കയറാൻ പോലും ആളുകൾ പെടാപ്പാടുപെടുകയാണ്. സ്കൂൾ വാഹനങ്ങൾ ഇതുവഴിയുള്ള സർവീസ് പൂർണ്ണമായി നിർത്തിയതോടെ വിദ്യാർഥികളും കടുത്ത യാത്രാപ്രതിസന്ധിയിലാണ്.
കാന നിർമാണം പൂർത്തിയാകുന്നതുവരെ റോഡ് പൂർണ്ണമായി അടച്ചിടുന്നതിന് പകരം ഗതാഗതം വൺവേ ആയി ക്രമീകരിക്കണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

