പൊയ്യ അഡാക് ഫിഷ് ഫാമിൽ നിർമിച്ച അക്വാ മ്യൂസിയം കെട്ടിടങ്ങൾ അറ്റകുറ്റപ്പണികളില്ലാതെ നശിക്കുന്നു. 2014-2015 സാമ്പത്തിക വർഷത്തിൽ 30 ലക്ഷം രൂപ ചെലവഴിച്ചാണ് മ്യൂസിയത്തിനായി കെട്ടിടങ്ങൾ നിർമിച്ചത്.
100 ഏക്കറിലധികം വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന അഡാക് ഫിഷ് ഫാമിൽ നടപ്പിലാക്കിയ സൗന്ദര്യവൽക്കരണ പദ്ധതിയുടെ ഭാഗമായാണ് മ്യൂസിയം വിഭാവനം ചെയ്തത്. മത്സ്യക്കൃഷിയിൽ പൊയ്യയുടെ പാരമ്പര്യവും കാർഷിക ഉപകരണങ്ങളും അപൂർവ മത്സ്യ ഇനങ്ങളും സന്ദർശകർക്ക് പരിചയപ്പെടുത്തുക എന്നതായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഒരു സ്വകാര്യ കമ്പനിയെ കരാർ ഏൽപ്പിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. 2015-ൽ 2,500 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിച്ച കെട്ടിടം അധികം വൈകാതെ തന്നെ തകർച്ചയിലേക്ക് നീങ്ങി.
ജലനിരപ്പിന് മുകളിലായി കോൺക്രീറ്റ് തൂണുകൾ ഉപയോഗിച്ച് തറ നിർമിക്കാത്തത് കെട്ടിടത്തിന്റെ ബലക്ഷയത്തിന് കാരണമായെന്ന് ആരോപണമുണ്ട്. ഇതിനുപുറമെ, കെട്ടിടത്തിലേക്ക് ഉപ്പുവെള്ളം കയറിയതോടെ നിർമിതികൾ പൂർണമായും ഉപയോഗശൂന്യമായി.
മതിയായ പഠനങ്ങളോ പരിശോധനകളോ ഇല്ലാതെയാണ് കെട്ടിടം നിർമിച്ചതെന്ന ആക്ഷേപം ശക്തമാണ്. ഏകദേശം എട്ട് വർഷങ്ങൾക്ക് മുൻപ് അക്വാ മ്യൂസിയത്തിനായി 19 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നെങ്കിലും കെട്ടിടത്തിന്റെ ശോചനീയാവസ്ഥ കാരണം പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
കരാർ ഏറ്റെടുത്ത കമ്പനി അറ്റകുറ്റപ്പണികൾക്ക് ശ്രമിച്ചെങ്കിലും അവ പരാജയപ്പെട്ടു. നിലവിൽ മറ്റ് ആവശ്യങ്ങൾക്കായി പോലും ഉപയോഗിക്കാൻ കഴിയാത്ത വിധത്തിലാണ് കെട്ടിടങ്ങളുടെ അവസ്ഥ.
ശാസ്ത്രീയമായ പഠനങ്ങൾക്ക് ശേഷം പദ്ധതി നടപ്പിലാക്കിയാൽ പൊയ്യയുടെ ടൂറിസം മേഖലയ്ക്ക് ഇത് വലിയ മുതൽക്കൂട്ടാകുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, പൊതുജനങ്ങളുടെ നികുതിപ്പണം പാഴാക്കിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

