ചാലക്കുടി ∙ ദേശീയപാതയിൽ എറണാകുളം ഭാഗത്തുനിന്നു തൃശൂർ ഭാഗത്തേക്കു വാഹനങ്ങൾ പോകുന്ന ചാലക്കുടിപ്പാലം ഇന്നു രാവിലെ 10 ന് അടയ്ക്കും. ബെയറിങ്ങുകൾ മാറ്റി സ്ഥാപിക്കുന്നതിനായായി 20 ദിവസത്തേക്കാണു പാലം അടയ്ക്കുകയെന്നു ദേശീയപാത ബ്രിജസ് വിഭാഗം അധികൃതർ അറിയിച്ചു.
ഈ ദിവസങ്ങളിൽ ഈ പാലത്തിനു സമാന്തരമായി കിഴക്കു ഭാഗത്തുള്ള എറണാകുളം ഭാഗത്തേക്ക് വാഹനങ്ങൾ വിടുന്ന പാലത്തിലൂടെ ഇരു ദിശകളിലേക്കും വാഹനങ്ങൾ കടത്തിവിടും. ഇതു വലിയ ഗതാഗതക്കുരുക്കിനു വഴിവയ്ക്കും.
പാലത്തിന്റെ തൂണുകൾക്കും സ്പാനുകൾക്കുമിടയിലുള്ള റബ്ബറും ലോഹവും ചേർന്ന മിശ്രിതം ഉപയോഗിച്ചു നിർമിച്ചതാണു ബെയറിങ്.
പാലത്തിന്റെ സ്പാൻ ജാക്കി ലിവർ ഉപയോഗിച്ച് ഉയർത്തിയശേഷമാണു ബെയറിങ് ഘടിപ്പിക്കുക. 7 സ്പാനുകളിലായി 42 ബെയറിങ്ങുകളാണു മാറ്റുക.
ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിനെയാണു ഇതിനായി ചുമതലപ്പെടുത്തിയതെങ്കിലും മഹാരാഷ്ട്ര ആസ്ഥാനമാക്കിയുള്ള കമ്പനിയിൽ നിന്നുള്ള വിദഗ്ധരും തൊഴിലാളികളും ചേർന്നാണു ജോലികൾ പൂർത്തിയാക്കുക.
സ്കൂൾ തുറക്കും മുൻപേ ജോലികൾ പൂർത്തിയാക്കണമെന്നു നിർദേശമുണ്ട്. മഴ പെയ്താലും ജോലികൾക്കു തടസ്സമുണ്ടാകില്ല.
പ്രാഥമിക അറ്റകുറ്റപ്പണികൾക്കും ബല പരിശോധനയ്ക്കുമായി നേരത്തെ 6 ദിവസം പാലം അടച്ചിട്ടിരുന്നു. ഏപ്രിൽ 18നു രാത്രി 10ഓടെ അടച്ച പാലം 24നു വൈകിട്ട് ആറോടെയാണു തുറന്നത്.
അതുവരെ മേഖലയിൽ രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടായിരുന്നു. പാലം അടയ്ക്കുന്നതിനെ തുടർന്നുള്ള ഗതാഗതക്രമീകരണങ്ങൾക്കു പൊലീസ് രൂപം നൽകി.
ഗതാഗത നിയന്ത്രണത്തിനായി 25 പൊലീസ് ഉദ്യോഗസ്ഥരെയും ഹൈവേ പട്രോളിങ് സംഘത്തെയും റൂറൽ ജില്ലാ പൊലീസ് നിയോഗിച്ചു.
ഗതാഗത ക്രമീകരണം ഇങ്ങനെ
ചാലക്കുടി ∙ ഇന്നു രാവിലെ 10 മുതൽ 20 ദിവസത്തേക്ക് പഴയ പാലത്തിലൂടെ ഗതാഗതം പൂർണമായും നിരോധിച്ചു. ഈ കാലയളവിൽ എറണാകുളം ഭാഗത്തേക്കുള്ള കിഴക്കുഭാഗത്തുള്ള പുതിയ പാലത്തിലൂടെ ഇരുവശത്തേക്ക് ഒറ്റവരിയായി വാഹനങ്ങൾ കടത്തിവിടും.
പണികൾ നടത്തുന്ന ദിവസങ്ങളിൽ ദേശീയപാതയിൽ കനത്ത ഗതാഗതക്കുരുക്കിനു സാധ്യതയുള്ളതിനാൽ ഗതാഗത തടസ്സം ഒഴിവാക്കാനായി വാഹനയാത്രക്കാർ സൗകര്യപ്രദമായ മറ്റു റൂട്ടുകൾ തിരഞ്ഞെടുക്കുന്നത് ഉചിതമായിരിക്കുമെന്നു പൊലീസ് അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

