ഇരിങ്ങാലക്കുട∙ കല്ലേറ്റുംകര–പാറേക്കാട്ടുകര റോഡിൽ റെയിൽവേ മേൽപാലം നിർമിക്കണമെന്ന നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യം നടപ്പാകാൻ ഒരുങ്ങുന്നു. ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ നേരത്തെ പൂർത്തീകരിച്ച പദ്ധതിയുടെ മറ്റു നടപടികൾ പൂർത്തീകരിക്കുന്ന മുറയ്ക്ക് ഫെബ്രുവരി ആദ്യവാരം നിർമാണം ആരംഭിക്കും. 12 മാസമാണ് നിർമാണ കാലാവധി.
കലക്ടറുടെ നിർദേശ പ്രകാരം ആർഡിഒ പി.ഷിബുവിന്റെ അധ്യക്ഷതയിൽ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷനാണ് നിർമാണ ചുമതല. പാലം നിർമാണത്തിനായി റോഡിന്റെ ഇരുവശങ്ങളിലുള്ള സ്വകാര്യ വ്യക്തികളുടെ ഭൂമി 3.12 കോടി രൂപ നൽകിയാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്തത്.
നിർമാണത്തിന്റെ കരാർ നടപടികൾ പൂർത്തീകരിച്ചതായും കെഎസ്ഇബി, വാട്ടർ അതോറിറ്റി എന്നിവയുടെ യൂട്ടിലിറ്റി ഷിഫ്റ്റിങ് നടപടികൾക്കുള്ള തുക നൽകിയതായും റെയിൽ ഡവലപ്മെന്റ് കോർപറേഷൻ സെക്ഷൻ എൻജിനീയർ മിഥുൻ ജോസഫ് യോഗത്തെ അറിയിച്ചു.
മേൽപാലം നിർമാണം ആരംഭിക്കുന്ന മുറയ്ക്ക് നിലവിലെ ഗേറ്റ് അടച്ചിടും. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി വലിയ വാഹനങ്ങൾ കൊടകര-കൊപ്രക്കളം വഴിയും വല്ലക്കുന്ന് മുരിയാട് വഴിയും വിടാനും മറ്റു വാഹനങ്ങൾ കല്ലേറ്റുംകര ബൈപാസ് വഴി തിരിച്ചുവിടാനും യോഗം തീരുമാനിച്ചു.
ആളൂർ പഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാൻസിസ്, വൈസ് പ്രസിഡന്റ് പി.സി.ഷൺമുഖൻ, കേരള ഫീഡ്സ് ചെയർമാൻ കെ.ശ്രീകുമാർ, കല്ലേറ്റുംകര ഉണ്ണിമിശിഹാ പള്ളി ട്രസ്റ്റി ജോബി തണ്ട്യോക്കൽ, ബിവിഎം ഹൈസ്കൂൾ ഫസ്റ്റ് അസിസ്റ്റന്റ് ജിജി തോമസ്, ആളൂർ പഞ്ചായത്ത് വികസന ആക്ഷൻ കമ്മിറ്റി കൺവീനർ ഡേവിസ് തുളുവത്ത്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. റെയിൽവേ മേൽപാലം വേണമെന്ന ആവശ്യം നടപ്പാക്കാൻ 13 വർഷമായി ആളൂർ പഞ്ചായത്ത് വികസന ആക്ഷൻ കമ്മിറ്റി പരിശ്രമത്തിലാണെന്ന് കമ്മിറ്റി കൺവീനർ ഡേവിസ് തുളുവത്ത് പറഞ്ഞു. മേൽപാലം നിർമിക്കണം എന്നാവശ്യപ്പെട്ട് 2012ൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പതിനായിരത്തിയൊന്ന് പേർ ഒപ്പിട്ട ഹർജി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് നൽകിയിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

