കേരളത്തിൽ പ്രഖ്യാപിക്കപ്പെട്ട ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) പദ്ധതിക്കായി സംസ്ഥാന സർക്കാർ തയാറാക്കിയ അന്തിമ സാധ്യതാ പട്ടിക ഇപ്പോൾ മുഖ്യമന്ത്രിയുടെ അന്തിമ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്.
പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയുടെ ഭാഗമായി കേന്ദ്ര സർക്കാരിനു സമർപ്പിക്കേണ്ട അന്തിമ പട്ടികയാണ് ആരോഗ്യ വകുപ്പ് ഇപ്പോൾ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് അയച്ചിരിക്കുന്നത്.
ഈ പട്ടികയിൽ തൃശൂർ ജില്ലയിലെ കൊരട്ടി നിർണായകമായ ഇടം നേടിയതോടെ പ്രദേശത്ത് വലിയ പ്രതീക്ഷകളാണ് ഉയർന്നിരിക്കുന്നത്. ആരോഗ്യവകുപ്പ് തയാറാക്കിയ സാധ്യതാ പട്ടികയിൽ കൊരട്ടിക്ക് പുറമെ കോട്ടയം ജില്ലയിലെ വൈക്കം ഉൾപ്പെടെയുള്ള സ്ഥലങ്ങളാണ് പ്രധാനമായും ഉള്ളത്.
ഇതിനുപുറമേ കാസർകോട് ജില്ലയിൽ നിന്നുള്ള ഏതെങ്കിലും ഒരു കേന്ദ്രം കൂടി പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്. എങ്കിലും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും മറ്റ് അടിയന്തര സൗകര്യങ്ങളുടെ ലഭ്യതയും കൊരട്ടിക്ക് വലിയ മുൻഗണന നേടിക്കൊടുക്കുന്നുണ്ട്.
തൃശൂർ ജില്ലയിൽ ആദ്യം പരിഗണിക്കപ്പെട്ട കുന്നംകുളം താലൂക്കിലെ നെല്ലുവായ് വില്ലേജിൽ നിർദേശിച്ച 164 ഏക്കർ ഭൂമി വനഭൂമിയാണെന്നും ചെങ്കുത്തായ ഘടനയും നീർച്ചാലുകളും കാരണം അനുയോജ്യമല്ലെന്നും കലക്ടർ റിപ്പോർട്ട് നൽകിയിരുന്നു.
അതുപോലെ വരന്തരപ്പിള്ളി വില്ലേജിലെ ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കൈവശമുള്ള 200 ഏക്കർ ഭൂമി വനംവകുപ്പിന്റെ പാട്ടഭൂമിയായതും ഗതാഗത അപര്യാപ്തതയും കാരണം തള്ളിക്കളയേണ്ടി വന്നു. ഈ സാഹചര്യത്തിലാണ് കൊരട്ടിയുടെ സാധ്യതകൾ സജീവമായത്.
കൊരട്ടിയിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടർ ശിഖാ സുരേന്ദ്രൻ സ്ഥലപരിശോധന നടത്തി സർവേ നമ്പർ തിരിച്ചു വിശദമായ റിപ്പോർട്ട് പ്രിൻസിപ്പൽ സെക്രട്ടറിക്കു സമർപ്പിച്ചിട്ടുണ്ട്. തിരുമുടിക്കുന്ന് ഗാന്ധിഗ്രാം ഗവ.
ത്വക്രോഗാശുപത്രി വളപ്പ്, പൂട്ടിപ്പോയ വൈഗൈ ത്രെഡ്സ് കമ്പനി, ഗവ. ഓഫ് ഇന്ത്യ പ്രസ് എന്നിവയുടെ പരിധിയിലുള്ള 233 ഏക്കറോളം ഭൂമി ഇതിനായി ഏറ്റെടുക്കാമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
ഈ ഭൂമിയുടെ വലിയൊരു ഭാഗം സർക്കാർ ഉടമസ്ഥതയിലുള്ളതാണെന്നത് പദ്ധതിയുടെ സാങ്കേതിക തടസ്സങ്ങൾ ലഘൂകരിക്കാൻ സഹായിക്കും. ദേശീയപാത, റെയിൽവേ സ്റ്റേഷനുകൾ, കൊച്ചി രാജ്യാന്തര വിമാനത്താവളം എന്നിവയുടെ സാമീപ്യവും ജലസേചന സൗകര്യങ്ങളും കേന്ദ്രത്തിന്റെ മൾട്ടിപ്പിൾ കണക്ടിവിറ്റി മാനദണ്ഡങ്ങൾക്ക് തികച്ചും അനുയോജ്യമാണ്.
സംസ്ഥാനത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്നതിനാൽ എല്ലാ ജില്ലകളിലെയും ജനങ്ങൾക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഒരിടം കൂടിയാണിത്. സനീഷ്കുമാർ ജോസഫ് എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷികളും ഈ ആവശ്യത്തിനു പിന്നിൽ ഒറ്റക്കെട്ടായി നിലകൊള്ളുന്നുണ്ട്.
മുഖ്യമന്ത്രിയുടെ ഒപ്പുകൂടി ലഭിക്കുന്നതോടെ കേരളത്തിന്റെ എയിംസ് സ്വപ്നം യാഥാർഥ്യത്തിലേക്ക് ഒരുപാടുദൂരം മുന്നോട്ട് പോകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

