തൃശൂർ ∙ റെയിൽവേ സ്റ്റേഷനിലെ രണ്ടാം കവാടത്തിനരികിൽ കൂട്ടത്തോടെ പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങളിലേക്കു നിമിഷങ്ങൾക്കുള്ളിൽ തീപടർന്നതോടെ ഇന്ധനടാങ്കുകളടക്കം ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു. പിന്നാലെ വലിയ തീഗോളങ്ങളും കറുത്ത പുകയും ഉയരുകയും പാർക്കിങ് ഷെഡും ഉള്ളിലുണ്ടായിരുന്ന വാഹനങ്ങളും പൂർണമായും കത്തിനശിക്കുകയുമായിരുന്നു. സമീപത്തെ വലിയ മരത്തിലേക്കും തീ പടർന്ന് ശിഖരം കത്തിയമർന്നു നിലംപതിച്ചു.
ഈ മരം പിന്നീട് മുറിച്ചു നീക്കി. വാഹനങ്ങളുടെ ഇന്ധന ടാങ്കും എൻജിനും ടയറുകളുമടക്കം പൂർണമായി കത്തിനശിച്ച നിലയിലാണ്.
രണ്ടാം പ്രവേശന കവാടത്തിനു സമീപം ചെറിയ ടിക്കറ്റ് കൗണ്ടറും സിഗ്നൽ റൂമും ഉൾപ്പെടുന്ന പ്രദേശത്താണ് ഈ പാർക്കിങ് ഏരിയ.
ഏകദേശം ഒരേക്കറിൽ ഇരുമ്പ് ഷീറ്റ് മേൽക്കൂരയായുള്ള പാർക്കിങ് ഷെഡാണ് കത്തിനശിച്ച് നിലംപൊത്തിയത്. അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തും മുൻപേ തീ ആളിപ്പടർന്ന് ഷെഡിന്റെ മധ്യഭാഗം അടക്കം താഴേക്ക് അമർന്നു വീണിരുന്നു. ഏകദേശം 30,000 ലീറ്ററിലേറെ വെള്ളം പമ്പ് ചെയ്താണു തീ പൂർണമായും അണച്ചത്.
വിശദമായി അന്വേഷിക്കും: മന്ത്രി രാജൻ
തീപിടിത്തത്തിന്റെ കാരണം അടക്കമുളള കാര്യങ്ങൾ ഗൗരവമായും വിശദമായും അന്വേഷിക്കുമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു.
പ്രാഥമിക റിപ്പോർട്ട് നൽകാൻ സിറ്റി പൊലീസ് കമ്മിഷണർക്കു നിർദേശം നൽകി. തുടരന്വേഷണങ്ങൾ കലക്ടർ ഏകോപിപ്പിക്കും.
പേടി ആൻഡ് പാർക്ക്
തൃശൂർ ∙ ഇരുചക്രവാഹനങ്ങൾ സ്ഥിരം സഞ്ചാരത്തിന്റെ ഭാഗമാക്കിയ ഒട്ടേറെ യാത്രക്കാരെയാണ് റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് കേന്ദ്രത്തിലെ അപ്രതീക്ഷിത തീപിടിത്തം ബാധിച്ചത്.
മധ്യകേരളത്തിലെ പ്രധാന സ്റ്റേഷനായതിനാൽ ഒട്ടേറെ ദീർഘദൂര യാത്രക്കാരും സമീപ ജില്ലകളിൽ ജോലി ചെയ്യുന്നവരും വിദ്യാർഥികളുമടക്കം തൃശൂർ സ്റ്റേഷനിലെ പേ ആൻഡ് പാർക്ക് കേന്ദ്രങ്ങളെ ആശ്രയിക്കുന്നവരാണ്. സ്വന്തം പേരിലുള്ള വാഹനവും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വാഹനങ്ങളും പാർക്ക് ചെയ്തവരുണ്ടായിരുന്നു.
രാവിലെ പാർക്ക് ചെയ്തു വൈകിട്ട് തിരികെയെടുക്കുന്നവരും ദിവസങ്ങളോളം വാഹനം പാർക്ക് ചെയ്തു മടങ്ങുന്നവരുമുണ്ട്.
വിവരമറിഞ്ഞ് സ്ത്രീകളടക്കമുള്ള വലിയ ജനക്കൂട്ടമാണ് ഏറെ പ്രയാസത്തോടെ ഇന്നലെ രാവിലെയും ഉച്ചയ്ക്കും സ്ഥലത്തെത്തിയത്. പലരും വാഹനം കത്തിനശിച്ചത് കണ്ട് സങ്കടത്തിലായി.
സാധാരണ 300 ഇരുചക്ര വാഹനങ്ങൾ പാർക്കിങ് ചെയ്യാൻ കഴിയും. എന്നാൽ തിരക്കുള്ളപ്പോൾ ഇത് ഇരട്ടിയാകും.
ഇന്നലെ അവധി ദിനമായതിനാൽ പാർക്കിങ്ങിന് തിരക്കു കുറവായിരുന്നെന്നാണ് ജീവനക്കാർ പറയുന്നത്.
ഉടമകളുടെ വിവരങ്ങൾ ശേഖരിച്ചു
തീപിടിത്തത്തിൽ വാഹനങ്ങൾ കത്തി നശിച്ചവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു. ആർസി ഉടമസ്ഥന്റെ പേര്, വാഹനം പാർക്ക് ചെയ്ത തീയതി, സമയം, വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ തുടങ്ങിയവയാണ് ശേഖരിച്ചത്.
സംഭവത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. പിന്നീട് നശിച്ച വാഹനങ്ങളുടെ റജിസ്ട്രേഷൻ നമ്പറടക്കം വിശദമായ റിപ്പോർട്ട് നൽകും.
ഇതോടൊപ്പം എൻജിൻ നമ്പറോ, ചെയ്സിസ് നമ്പറോ രേഖപ്പെടുത്തും. എന്നാൽ മിക്ക വാഹനങ്ങളും പൂർണമായും നശിച്ചതിനാൽ ഇവ വീണ്ടെടുക്കാനും താമസം നേരിടും.
എൻജിനുകൾ ഉരുകിപ്പോയ വാഹനങ്ങളുണ്ട്. കൃത്യമായ ഇൻഷുറൻസ് രേഖകളുണ്ടെങ്കിൽ നഷ്ടപരിഹാരം ലഭിക്കും.
എന്നാൽ താമസം നേരിട്ടേക്കാം.
തുണച്ചത് വെറും ഭാഗ്യം
തൃശൂർ ∙ നഗരത്തിലുണ്ടായ വലിയ തീപിടിത്തത്തിൽ ആളപായം ഇല്ലാതിരുന്നതു ഭാഗ്യം കൊണ്ടു മാത്രം. പതിവായി ഒട്ടേറെ യാത്രക്കാരെത്തുന്ന തിരക്കേറിയ റെയിൽവേ സ്റ്റേഷനായിട്ടും ആർക്കും ഇതുവരെ പരുക്കേറ്റതായി വിവരമില്ല.
ആളപായവും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തം ട്രെയിൻ ഗതാഗതത്തെ ബാധിക്കാതിരുന്നതും ആശ്വാസമായി. യാർഡിലെ ട്രാക്കിൽ അറ്റകുറ്റപ്പണിക്കായി നിർത്തിയിട്ടിരുന്ന റെയിൽവേ എൻജിനിലേക്ക് തീ പടർന്നത് ആശങ്ക സൃഷ്ടിച്ചെങ്കിലും അഗ്നിരക്ഷാ സേന ഉടൻ തീ അണച്ചതിനാൽ അപകടം ഒഴിവായി.
രാവിലെ ആറരയോടെയാണ് പാർക്കിങ് ഷെഡിൽ നിന്ന് തീയും പുകയും ഉയർന്നത്. ശക്തമായ കാറ്റ് ഉള്ളതിനാൽ നിമിഷങ്ങൾക്കുള്ളിൽ തീ പടർന്നു.
ഇതോടെ ഷെഡിന് പുറത്തേക്ക് കറുത്ത പുകയും തീനാളങ്ങളും ഉയർന്നു. ഉടൻ സ്ഥലത്തെത്തിയ പൊലീസ് പൂത്തോളിൽ നിന്ന് വഞ്ചിക്കുളത്തേക്കുള്ള വാഹനഗതാഗതവും നിയന്ത്രിച്ചു. ഉച്ചയോടെയാണ് ഇരു ഭാഗത്തേക്കും വാഹനങ്ങൾ കടത്തിവിട്ടത്.
സുരക്ഷാ ഓഡിറ്റ് നടത്തും: ഡപ്യൂട്ടി മേയർ
കോർപറേഷൻ പരിധിയിലെ പാർക്കിങ് കേന്ദ്രങ്ങളിൽ സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് ഡപ്യൂട്ടി മേയർ എ.പ്രസാദ് പറഞ്ഞു. കൃത്യമായ ലൈസൻസ് ഇല്ലാതെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും പ്രവർത്തിക്കുന്ന കേന്ദ്രങ്ങൾ അടച്ചുപൂട്ടും. തുടർ പരിശോധനകൾ നടത്തി വീഴ്ചകളില്ലെന്ന് ഉറപ്പുവരുത്തുമെന്നും ഡപ്യൂട്ടി മേയർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

