ചാവക്കാട്∙ മൂന്നര പതിറ്റാണ്ടിനു ശേഷം സൗഹൃദം തിരിച്ചു കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് പുതുവർഷത്തിൽ ശ്രീകാന്തും ഹുസൈനും. ഹൃദയബന്ധങ്ങൾ പവിത്രമാണെങ്കിൽ അത് കൂട്ടിചേർക്കപ്പെടുമെന്നും തെളിയിച്ചിരിക്കുകയാണ് ബെംഗളൂരു സ്വദേശി ശ്രീകാന്തും ചാവക്കാട് അവിയൂർ സ്വദേശി ഹുസൈനും.
പൊട്ടാത്ത സൗഹൃദ ചരടിനെ കൂട്ടിയിണക്കാൻ വിഡിയോ കോളിലൂടെ ഇരുവർക്കും അവസരം നൽകിയത് ജില്ലാ പഞ്ചായത്ത് കടപ്പുറം ഡിവിഷൻ മുൻ മെംബർ അഡ്വ.വി.എം.മുഹമ്മദ് ഗസാലിയും. 35 കൊല്ലം മുൻപ് ബെംഗളൂരു ഇന്ദിരാ നഗറിൽ കച്ചവടക്കാരനായിരുന്നു ഹുസൈൻ.
കച്ചവടത്തിൽ സഹായിയായി ശ്രീകാന്തും.
ഹുസൈൻ കാർ വാങ്ങിയതോടെ ശ്രീകാന്ത് ഡ്രൈവറുമായി. താമസവും ഹുസൈനൊപ്പം. പിന്നീട് ഹുസൈൻ നാട്ടിലേക്ക് തിരിച്ചു.അതിനുശേഷം ഇരുവരും യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. എന്നാൽ ശ്രീകാന്ത് പലപ്പോഴും ഹുസൈനെക്കുറിച്ച് അന്വേഷിച്ചിരുന്നു.
കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് മുൻ മെംബർ വി.എം.മുഹമ്മദ് ഗസാലി ബെംളൂരുവിലെത്തിയപ്പോഴും ശ്രീകാന്ത് പഴയ സുഹൃത്തിനെ അന്വേഷിച്ചു. ഇതേത്തുടർന്ന് മുഹമ്മദ് ഗസാലി സമൂഹ മാധ്യമത്തിൽ പ്രസിദ്ധീകരിച്ച വൈകാരികമായ കുറിപ്പാണ് ഈ സുഹൃത്തുക്കൾക്ക് സഹായമായത്.
അബൂദാബിയിൽ നിന്ന് കുറിപ്പിന് മറുപടിയായി ഹുസൈന്റെ നാട്ടുകാരനായ അബൂബക്കർ ഗസാലിക്ക് ഹുസൈനെ കുറിച്ചുള്ള വിവരങ്ങൾ നൽകുകയായിരുന്നു. ഹുസൈന്റെ അസുഖബാധിതയായ മകൾ ഫാത്തിമയെ തോളിലേറ്റി നടന്നിരുന്നത് ശ്രീകാന്ത് ആയിരുന്നു.
ഫാത്തിമ മരിച്ച വിവരം ശ്രീകാന്ത് അറിഞ്ഞിരുന്നില്ല. ഇതിനിടയിൽ ശ്രീകാന്തിന്റെ അച്ഛനും അമ്മയും മരിച്ചിരുന്നു. വിഡിയോ കോളിലൂടെ ഇരുവരും ഇക്കാര്യങ്ങളെല്ലാം പങ്കുവച്ചു. 35 വർഷത്തിനുശേഷം വിഡിയോ കോളിലൂടെ കണ്ടപ്പോൾ ഹുസൈന്റെ ഭാര്യ മൈമൂനയോട് അന്ന് വിളമ്പിയ ഭക്ഷണത്തിന്റെ രുചിയെക്കുറിച്ച് ശ്രീകാന്ത് പറഞ്ഞു.
കരഞ്ഞും ചിരിച്ചും സ്നേഹ ഭാഷണം അവസാനിപ്പിക്കുമ്പോൾ വരും ദിവസം കാണാമെന്ന പ്രതീക്ഷയാണ് ഇരുവർക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

