കോവളം ∙ വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടത്താത്ത പനത്തുറയിലെ കരിങ്കൽ കടൽഭിത്തി കൂടുതൽ തകർച്ചയിലായതോടെ പ്രദേശത്തേക്ക് ഏതുനിമിഷവും കടൽത്തിരകൾ ഇരച്ചെത്തുമെന്ന ഭീതിയിൽ ജനങ്ങൾ. കടൽഭിത്തി ബലപ്പെടുത്തുന്നതടക്കം പ്രശ്നത്തിനു ശാശ്വതപരിഹാരം എന്ന നിലയ്ക്ക് കഴിഞ്ഞവർഷം അധികൃതർ പറഞ്ഞ പദ്ധതി നടപ്പായില്ലെന്നു മാത്രമല്ല ഇതു സംബന്ധിച്ച പ്രാഥമിക നടപടികൾ പോലും പൂർത്തിയായില്ല.
കടൽഭിത്തി ബലപ്പെടുത്തുന്നതിനു ടെട്രാപോഡ് നിക്ഷേപിക്കുമെന്നാണ് കഴിഞ്ഞ വർഷം മേജർ ഇറിഗേഷൻ വകുപ്പ് അധികൃതർ പറഞ്ഞിരുന്നത്. ഇതു സംബന്ധിച്ച പദ്ധതി രേഖ തയാറായെന്നും അറിയിച്ചിരുന്നു.
പ്രദേശത്തെ കടലാക്രമണ ഭീഷണി സംബന്ധിച്ച് ‘മലയാള മനോരമ’ വാർത്തയ്ക്കു പിന്നാലെ ഉദ്യോഗസ്ഥസംഘം കഴിഞ്ഞവർഷം പ്രദേശം സന്ദർശിച്ചതിനു ശേഷമായിരുന്നു പദ്ധതി സംബന്ധിച്ച വിശദീകരണം.
വലിയപദ്ധതി നടപ്പാകും വരെ കടലാക്രമണഭീഷണി നേരിടുന്ന സ്ഥലങ്ങളിൽ ഭിത്തിയുടെ താൽക്കാലിക അറ്റകുറ്റപ്പണിക്കുള്ള നടപടിയുണ്ടാകുമെന്നും പറഞ്ഞിരുന്നു. എന്നാൽ, തകർന്ന ഭാഗങ്ങളൊക്കെ അതേനിലയിൽ തന്നെ തുടരുന്നു.
ചെന്നൈയിലെ സെന്റർ ഫോർ കോസ്റ്റൽ റിസർച് സ്റ്റേഷനിൽ നിന്നുള്ള വിദഗ്ധ സംഘം തലസ്ഥാനത്തെ കൊല്ലങ്കോട്, ശംഖുമുഖം തീരങ്ങളിൽ നടത്തിയ പഠന നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള പദ്ധതിയാണ് പനത്തുറയിലും പറഞ്ഞിരുന്നത്. 88 കോടി രൂപയുടെ എസ്റ്റിമേറ്റും പദ്ധതിരേഖയും തയാറാക്കി ലോകബാങ്ക് സഹായത്തിനായി സമർപ്പിച്ചുവെന്നും അധികൃതർ പറഞ്ഞിരുന്നു.
എന്നാൽ, വലിയ പദ്ധതിയായതിനാൽ പരിസ്ഥിതി ആഘാത പഠനം ഉൾപ്പെടെ വേണമെന്നും ഇതിനായി ഫണ്ടു ലഭ്യമാകേണ്ടതുണ്ടെന്നുമാണ് അധികൃതർ ഇപ്പോൾ പറയുന്നത്.
ടെട്രാപോഡിനു പകരം മറ്റൊരു രീതിയിലുള്ള നിർമിതി പരാമർശമുണ്ടെന്നും അധികൃതർ വിശദീകരിച്ചു. വലിയപദ്ധതി നടപ്പാകുന്നതിനു കാലതാമസമുണ്ടെന്ന നിലയ്ക്ക് താൽക്കാലിക അറ്റകുറ്റപ്പണിക്ക് ലഭിച്ചത് കുറഞ്ഞ ഫണ്ടാണെന്നും അധികൃതർ പറഞ്ഞു.
കഴിഞ്ഞ കുറെ വർഷങ്ങളായി പനത്തുറ തീരം എല്ലാ കാലവർഷ സമയത്തും കടലാക്രമണത്തിന്റെ ഇരയാണ്.
ഭിത്തി തകർന്ന ഭാഗങ്ങളിലൂടെ അടിച്ചുകയറുന്ന തിരകൾ പനത്തുറ കരയിലെ ഒട്ടേറെ വീടുകൾക്ക് തകർച്ച ഭീഷണിയുയർത്തും. റോഡുൾപ്പെടെ തകർച്ചയിലാവും.
പ്രദേശത്തെ രണ്ട് ആരാധനാലയങ്ങളും കടലാക്രമണ ഭീഷണി നേരിടുകയാണ്. പനത്തുറ മുതൽ പൊഴിക്കര വരെ നീളുന്ന കടൽ ഭിത്തിയാണ് പലയിടത്തും ഇടിഞ്ഞുതാണത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

