തിരുവനന്തപുരം ∙ നേമത്തെ വികസന സംവാദത്തിന് ഇനി ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ സ്ഥലവും സമയവും നിശ്ചയിക്കട്ടെയെന്ന് വി. ശിവൻകുട്ടി.
‘ഏതു ദിവസമായാലും താൻ സംവാദത്തിന് തയാറാണ്. പ്രധാനമന്ത്രി മോദി വരുന്ന സാഹചര്യത്തിൽ അന്നത്തെ ഞങ്ങളുടെ സംവാദ പരിപാടി ഒഴിവാക്കേണ്ടതാണ്.
ഇനി തീയതി അദ്ദേഹം നിശ്ചയിക്കട്ടെ’– ശിവൻകുട്ടി പറഞ്ഞു. നേമത്തെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെ പരസ്യസംവാദത്തിന് വെല്ലുവിളിച്ച് മന്ത്രി വി.ശിവൻകുട്ടി രംഗത്ത് എത്തിയിരുന്നു.
രാജീവ് ചന്ദ്രശേഖർ തയാറാണെങ്കിൽ 29ന് രാവിലെ 10 മുതൽ പൂജപ്പുര മൈതാനത്ത് സംവാദം നടത്താമെന്ന് വി.ശിവൻകുട്ടി പറഞ്ഞിരുന്നു.
ശിവൻകുട്ടിയുടെ വെല്ലുവിളി ഏറ്റെടുക്കുകയാണെന്നു രാജീവ് ചന്ദ്രശേഖർ നേരത്തെ പ്രതികരിച്ചിരുന്നു. എന്നാൽ 29-ന് പ്രധാനമന്ത്രി മോദി കേരളത്തിൽ എത്തുന്നതിനാൽ ആ ദിവസം പറ്റില്ലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഇത് മുൻകൂട്ടി കണ്ടാണ് ശിവൻകുട്ടി 29ന് സംവാദത്തിനു ക്ഷണിച്ചതെന്നും അത് ശിവൻകുട്ടിയുടെ അടവാണെന്നും മറ്റൊരു ദിവസം സംവാദം ആകാമെന്നുമായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ മറുപടി.
‘പ്രധാനമന്ത്രി വരുന്ന ദിവസം സംവാദത്തിനു ക്ഷണിച്ചത് ശിവൻകുട്ടിയുടെ തന്ത്രമാണ്. ഇത്തരം തന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനാണു ശ്രമം.
സംവാദത്തിന് ഇപ്പോഴും തയാറാണ്. പക്ഷേ, ആദ്യം സംവാദം മുഖ്യമന്ത്രിയുമായിട്ടായിരിക്കും.
മുഖ്യമന്ത്രി തീയതിയും സ്ഥലവും പറയട്ടെ’യെന്നും രാജീവ് വ്യക്തമാക്കി. കേന്ദ്രമന്ത്രിയായിരിക്കെ രാജീവ് കേരളത്തിനും തിരുവനന്തപുരത്തിനും നേമത്തിനും വേണ്ടി എന്തു ചെയ്തുവെന്നു പറയണമെന്നു ശിവൻകുട്ടി ആവശ്യപ്പെട്ടു.
താനും രാജീവും ചെയ്തതു താരതമ്യം ചെയ്താൽ രാജീവിനു ലഭിക്കുന്നത് പൂജ്യം മാർക്ക് ആയിരിക്കും. നേമം റെയിൽവേ ടെർമിനൽ എന്തായെന്നു വിശദീകരിക്കണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

