വർക്കല ∙ പാപനാശം തീരത്ത് വനിതകളായ വിദേശ സഞ്ചാരികൾ ഉൾപ്പെടെയുള്ളവർക്കു നേരെ അതിക്രമങ്ങൾ വർധിക്കുന്നതിൽ ആശങ്ക. സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു.
കഴിഞ്ഞദിവസം ലിത്വേനിയ സ്വദേശിനി താമസിക്കുന്ന മുറിയിലേക്കു അതിക്രമിച്ചു കടക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരാഴ്ച മുൻപ് റഷ്യൻ യുവതിയെ പിന്തുടർന്ന് ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിലെ പ്രതിയെ പിന്നീട് ചിറയിൻകീഴിൽ നിന്നു പിടികൂടി.
ഏതാനും മാസം മുൻപു വിദേശ വനിതയെ ശല്യപ്പെടുത്താൻ ഇറങ്ങിയ ആളെ വനിത തന്നെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി പൊലീസിൽ ഏൽപിച്ച സംഭവവുമുണ്ടായി.
സഞ്ചാരികളുടെ വരവ് ഗണ്യമായി വർധിച്ച സാഹചര്യത്തിൽ ഇപ്പോഴത്തെ സുരക്ഷ അപര്യാപ്തമാണെന്നാണ് ഇതു വ്യക്തമാക്കുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള ക്രിമിനൽ കേസ് പ്രതികൾ ബീച്ച് താവളമാക്കുന്നതായി പരാതിയുണ്ട്.
വിവിധ കേസുകളിലെ പ്രതികളെ തമിഴ്നാട് പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവിടെ നിന്ന് കേരള പൊലീസ് പിടികൂടിയിരുന്നു.
വർക്കല ബീച്ചിലെ തെക്ക് ആലിയിറക്കം മുതൽ കാപ്പിൽ വരെ ഇപ്പോൾ വിനോദ കേന്ദ്രങ്ങളാണ്. ഏകദേശം 8 കിലോമീറ്റർ പരിധിയിൽ ചെറുതും വലുതുമായ നിരവധി റിസോർട്ട്– ഹോംസ്റ്റേകൾ പ്രവർത്തിക്കുന്നുണ്ട്.
രാത്രി വൈകിയും വിദേശസഞ്ചാരികൾ റോഡിലൂടെ സഞ്ചരിക്കുന്നത് പതിവാണ്. എന്നാൽ ഈ വഴികളിൽ സുരക്ഷിതത്വം ഉറപ്പാക്കാനാവുന്നില്ല.
നിരീക്ഷണ സംവിധാനത്തിനു സ്ഥാപിച്ച ക്യാമറകളിൽ പലതും പ്രവർത്തിക്കുന്നില്ല. കുന്നിൻ മുകളിൽ നിന്ന് താഴേക്കുള്ള ഇടുങ്ങിയ പടവുകളിലൂടെ ഒട്ടേറെ സഞ്ചാരികളാണ് കടന്നുപോകുന്നത്.
കുന്നിൻ മുകളിൽ കാഴ്ചകൾ ആസ്വദിക്കുന്ന സഞ്ചാരികൾക്ക് ആശ്രയം പ്രദേശത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ വെളിച്ചം മാത്രമാണ്.
ബീച്ചിൽ ഏറ്റവുമധികം തിരക്ക് അനുഭവപ്പെടുന്ന മേഖലകളിലൊന്നാണ് ഹെലിപാഡ് മുതൽ തിരുവമ്പാടി ബീച്ച് വരെയുള്ള ഭാഗം. വൈകിട്ട് മുതൽ ക്ലിഫിനരികിലുള്ള റിസോർട്ടുകളിലും റസ്റ്ററന്റുകളിലും തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ഈ ഭാഗത്തെ സുരക്ഷയും വർധിപ്പിക്കേണ്ടതുണ്ട്.
സഞ്ചാരികൾ നേരിടുന്ന ഉപദ്രവം, കുന്നിന്റെ മുകളിൽ നിന്നു കാൽ തെറ്റി വീഴ്ച, ക്രിമിനൽ സാന്നിധ്യം എന്നിവ തടയണമെങ്കിൽ മതിയായ വെളിച്ചവും ക്യാമറ നിരീക്ഷണം അനിവാര്യമാണ്. മേഖലയിലെ വഴിവിളക്കുകളിൽ മിക്കതും അറ്റകുറ്റപ്പണികൾ നടത്താതെ തുരുമ്പെടുത്ത് നശിച്ചു.
മുഴുവൻ സമയവും പൊലീസിനെ നിയോഗിക്കുന്നത് പ്രായോഗികമല്ലാത്തിനാലാണ് ക്യാമറ സംവിധാനം ഏർപ്പെടുത്തിയത്. മുൻപ് ഇടവയിലെ കാപ്പിൽ തീരത്തെത്തിയ രണ്ടു യുവാക്കളെ മർദിച്ചു വില കൂടിയ മൊബൈലും പണവും അടക്കം അരലക്ഷം രൂപയുടെ സാധനങ്ങൾ കവർന്ന സംഘത്തെ പിടികൂടാൻ സഹായിച്ചത് പരിസരത്ത് ഉണ്ടായിരുന്ന ക്യാമറകളാണ്.
13 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് വർക്കല ഹെലിപാഡ് നടപ്പാതയുടെ ഇരുവശവും ക്യാമറകൾ സ്ഥാപിച്ചിരുന്നത്.
ക്യാമറകൾ ഇല്ലാതായതോടെ പ്രദേശത്ത് ഗുണ്ടായിസവും അടിപിടിയും വീണ്ടും തലപൊക്കിയിട്ടുണ്ട്. ലഹരി വിൽപന സംഘങ്ങളാണ് ക്യാമറ കേടാക്കിയത് എന്നാണ് ആക്ഷേപം.
തീരത്ത് ലഹരി വിൽപനയും ഉപയോഗവും സംബന്ധിച്ച പരാതി അധികൃതർ പരിഗണിക്കുന്നില്ലെന്ന പരാതിയുമുണ്ട്. തീരത്ത് ചുമതല നോക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണവും കുറവാണ്.
സുരക്ഷാ വെല്ലുവിളികൾ പരിഹരിക്കാൻ അധികൃതർ ഇടപെടണമെന്ന ആവശ്യം ശക്തമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

