തിരുവനന്തപുരം ∙ കോർപറേഷൻ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര് സപ്ലിമെന്ററി വോട്ടർ പട്ടികയിൽനിന്നു വെട്ടാൻ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ചേർന്നു ഗൂഢനീക്കം നടത്തിയതായി, വൈഷ്ണയുടെ പേര് പട്ടികയിൽ പുനഃസ്ഥാപിക്കണമെന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവിൽനിന്നു വ്യക്തം.
പേരു നീക്കിയതിനു പിന്നാലെ ഈമാസം 12 ന് ഹിയറിങ്ങിനു ഹാജരായ വൈഷ്ണയിൽനിന്നു മൊഴിയെടുക്കുമ്പോൾ, പരാതിക്കാരനായ സിപിഎം ബ്രാഞ്ച് അംഗം ധനേഷ് കുമാർ ഹാജരായിരുന്നില്ല. അപ്പോൾ തന്നെ വൈഷ്ണയ്ക്ക് അനുകൂലമായി തീരുമാനമെടുക്കാമെങ്കിലും ഉച്ചയ്ക്കു ശേഷം പരാതിക്കാരന് മൊഴി നൽകാൻ അനധികൃതമായി അവസരം നൽകുകയായിരുന്നു.
ഇത് തെറ്റായ നടപടിയാണെന്ന് ഇന്നലെ പുറത്തിറക്കിയ ഉത്തരവിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.
വീട്ടു നമ്പർ ശരിയല്ലെന്ന് പരാതി
വോട്ടർപട്ടികയിൽ വൈഷ്ണയുടെ പേരിനൊപ്പമുള്ള വീട്ടു നമ്പർ തെറ്റാണെന്ന് ആരോപിച്ചാണ് സിപിഎം ബ്രാഞ്ച് അംഗം ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസറായ കോർപറേഷൻ അഡിഷനൽ സെക്രട്ടറി വി. സജികുമാറിന് പരാതി നൽകിയത്.
വോട്ടർപട്ടികയിൽ രേഖപ്പെടുത്തിയിട്ടുള്ള 18/564 എന്ന വീട്ടു നമ്പരിൽ വൈഷ്ണ താമസിക്കുന്നില്ല എന്നായിരുന്നു പരാതി.
വോട്ട് വെട്ടാൻ ഉദ്യോഗസ്ഥരും
കഴിഞ്ഞ 12ന് കോർപറേഷൻ സൂപ്രണ്ട് ജി.ആർ.പ്രതാപചന്ദ്രൻ നടത്തിയ ഹിയറിങ്ങിൽ തന്റെ കുടുംബം മുട്ടടയാണെന്നും മറ്റെവിടെയും തനിക്ക് വോട്ട് ഇല്ലെന്നും വൈഷ്ണ അറിയിച്ചു. മുട്ടട
വാർഡിൽ നിലവിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വോട്ടർപട്ടിക പ്രകാരം വോട്ട് നിലനിർത്തണമെന്നും വൈഷ്ണ അഭ്യർഥിച്ചു. 3/ 564 എന്ന വീട്ടുനമ്പർ വോട്ടർപട്ടികയിൽ 18/564 എന്ന് തെറ്റായി രേഖപ്പെടുത്തിയിരിക്കുകയാണെന്നും വൈഷ്ണ പറഞ്ഞു.
പരാതിക്കാരൻ ഹിയറിങ് സമയത്ത് ഹാജരായില്ല. അന്ന് വൈകിട്ട് 3 ന് വൈഷ്ണയുടെ അസാന്നിധ്യത്തിൽ പരാതിക്കാരൻ ഹിയറിങ്ങിന് ഹാജരായി പരാതിയിൽ ഉറച്ചുനിൽക്കുന്നെന്ന് അറിയിച്ചു.
ഹിയറിങ്ങിന്റെ അടിസ്ഥാനത്തിൽ സൂപ്രണ്ട് തയാറാക്കിയ റിപ്പോർട്ടിൽ ടിസി 18/564 ൽ വൈഷ്ണ താമസമില്ലെന്നും ഈ നമ്പറിൽ മറ്റാർക്കും വോട്ട് ചേർക്കാൻ അനുവാദം നൽകിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.
അന്വേഷണ റിപ്പോർട്ടിന്റെയും രേഖകളുടെയും അടിസ്ഥാനത്തിൽ ‘‘വൈഷ്ണയുടെ വോട്ട് ഒഴിവാക്കാം’ എന്നായിരുന്നു ശുപാർശ.
ക്ലാർക്ക്, ബിൽ കലക്ടർ തസ്തികയിൽ ജോലി നോക്കുന്ന ജി.എം. കാർത്തികയുടെ റിപ്പോർട്ടിൽ പറഞ്ഞത് ഇങ്ങനെ: അന്വേഷണത്തിൽ വൈഷ്ണ മുട്ടട
വാർഡിൽ ടി.സി 18/564 എന്ന കെട്ടിടത്തിൽ താമസമില്ലെന്ന് ബോധ്യപ്പെട്ടു. ഈ കെട്ടിടം മറ്റൊരു വ്യക്തിയുടെ പേരിലാണ്.
ഈ കെട്ടിടത്തിൽ ഉടമസ്ഥർ തന്നെയാണ് താമസമെന്നും വൈഷ്ണ ഇവിടെ താമസമില്ലെന്നും ഉടമ അറിയിച്ചു.
തെളിവായത് തിരിച്ചറിയൽ രേഖകൾ
വൈഷ്ണ ഹാജരാക്കിയ വോട്ടർ ഐഡി കാർഡ്, ഡ്രൈവിങ് ലൈസൻസ്, ആധാർ കാർഡ്, പാസ്പോർട്ട്, ബാങ്ക് പാസ് ബുക്ക് എന്നിവയിൽ നിന്ന് ടിസി നമ്പർ 3/564, സുധാ ഭവൻ, പിആർഎ 65, മുട്ടട പിഒ, തിരുവനന്തപുരം എന്ന വിലാസത്തിലെ താമസക്കാരിയാണെന്നു കമ്മിഷൻ വിലയിരുത്തി.
ഇൗ വിലാസത്തിൽ വൈഷ്ണ താമസമില്ല എന്ന് അന്വേഷണ ഓഫിസറോ ഹിയറിങ് ഉദ്യോഗസ്ഥനോ രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ സെപ്റ്റംബർ 2നും ഒക്ടോബർ 25 നും കോർപറേഷൻ പ്രസിദ്ധീകരിച്ച വോട്ടർപട്ടികയിൽ ക്രമനമ്പർ 214 ആയി വൈഷ്ണയുടെ പേര് ചേർത്തിരുന്നു.
വൈഷ്ണ ഇൗ വിലാസത്തിലെ താമസക്കാരി ആണെന്ന് ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർക്കു ബോധ്യപ്പെട്ടതിനാലാണ് അന്തിമ പട്ടികയിൽ പേരു ചേർത്തത്.
അന്തിമ വോട്ടർ പട്ടികയിൽ നിന്ന് വൈഷ്ണയെ നീക്കം ചെയ്യുന്നതിന് പരാതി സമർപ്പിച്ച സിപിഎം ബ്രാഞ്ച് അംഗം, വൈഷ്ണ 3/564 വീട്ടുനമ്പരിലെ വിലാസത്തിലെ താമസക്കാരിയല്ല എന്ന് തെളിയിക്കുന്ന ഏതെങ്കിലും രേഖ ഹാജരാക്കിയിട്ടില്ല. നിശ്ചിത സമയത്ത് ഹാജരായി വൈഷ്ണ നൽകിയ സ്റ്റേറ്റ്മെന്റോ താമസം തെളിയിക്കുന്ന രേഖകളോ ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർ പരിഗണിച്ചിട്ടില്ലെന്നും ഉത്തരവിൽ കുറ്റപ്പെടുത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

